ഒരേ ഒരു ദിവസത്തെ കാത്തിരിപ്പ്. അതു കഴിയുമ്പോൾ അറിയാം ക്രൂരനായ കൊലയാളി സൂരജിന്റെ വിധി. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കാനിരിക്കെ ഏവരും ആകാംക്ഷയിലാണ്, കൊലക്കുറ്റം ശരി വയ്ക്കപ്പെട്ട കുറ്റവാളിക്കുള്ള വിധിയെന്താകുമെന്നതിൽ. ഭാര്യയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത്, കുറ്റകൃത്യം ആരുമറിയാതെ സുരക്ഷിതനായി കഴിയാമെന്ന സൂരജിന്റെ വ്യാമോഹമാണ് സംസ്ഥാന പോലീസും പ്രോസിക്യൂഷനും പൊളിച്ചടുക്കിയത്. അണലി പാമ്പിനെ ഉപയോഗിച്ചുള്ള ആദ്യത്തെ പാമ്പ് കടിയിൽ ഉത്രയ്ക്ക് ജീവൻ നഷ്ടമായിരുന്നു എങ്കിൽ ഒരുപക്ഷേ ഇങ്ങനെ ഒരു കേസ് തന്നെ ഉണ്ടാകുമായിരുന്നില്ല. സൂരജ് കുടുങ്ങിയ വഴികൾ ഇങ്ങനെ...
1. രണ്ടുതവണ ഉത്രയ്ക്ക് പാമ്പുകടിയേറ്റത് സർപ്പശാപം കൊണ്ട് ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഇക്കാലത്ത് ഇത്തരം പ്രചരണങ്ങൾ എല്ലാപേരും വിശ്വസിച്ചു കൊള്ളും എന്ന സൂരജിന്റെ കരുതൽ അസ്ഥാനത്തായി. ഉത്രയുടെ കുടുംബാംഗങ്ങളും അടുത്ത ചില കുടുംബസുഹൃത്തുക്കളും മരണം കൊലപാതകം എന്ന് ഉറച്ചു വിശ്വസിച്ചു.
2. പാമ്പാട്ടിയുമായുള്ള നിരന്തര ഫോൺ സംഭാഷണം. ഡിജിറ്റൽ തെളിവുകളിൽ ഏറെ നിർണായകമായത് ഈ രേഖ. പാമ്പാട്ടിയെ കണ്ടെത്തുന്നതിനും ചോദ്യം ചെയ്യുന്നതിനും ഫോൺ രേഖകൾ സഹായകമായി
3. പാമ്പിനെ കൊണ്ട് കടിപ്പിച്ച സ്ഥാനങ്ങൾ പിഴച്ചു. അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും സൂരജ് കടിപ്പിച്ച സ്ഥാനങ്ങളിൽ സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. പത്തിയെടുത്തു കൊത്തുന്ന രീതിയിലല്ല അണലി പാമ്പ് കടിക്കുന്നത്. ശരീരത്തിന്റെ മുകളിലേക്ക് കടിയേറ്റത് സംശയം സൃഷ്ടിച്ചു. മൂർഖൻ പാമ്പ് ആകട്ടെ രാത്രികാലങ്ങളിൽ ആക്രമണോത്സുകത അധികം കാണിക്കാറില്ല. ജനൽ വഴി ഇഴഞ്ഞു വന്നു യുവതിയെ കടിച്ചു എന്ന സൂരജിന്റെ ആദ്യ വിശദീകരണവും തെറ്റാണെന്ന് തിരിച്ചറിയാനായി.
4. കൊലപാതകത്തിലെ തലേന്ന് ലോക്കറിൽ നിന്ന് സ്വർണം മാറ്റിയത്. 2020 മെയ് ഏഴിനാണ് ഉത്ര കൊല്ലപ്പെടുന്നത്. അതിനു തൊട്ടുമുൻപ് സൂരജ് ലോക്കറിൽ ഉണ്ടായിരുന്ന ഉത്രയുടെ സ്വർണ്ണം മാറ്റി. പിന്നീട് സൂരജിന്റെ പറമ്പിൽ നിന്ന് കുഴിച്ചിട്ട നിലയിൽ സ്വർണ്ണം കണ്ടെത്തി. കൊലയ്ക്കു മുൻപ് സ്വർണ്ണം മാറ്റിയതും സൂരജിന് കുരുക്കായി.
5. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയത്. മരണത്തിൽ സംശയം ഉണ്ടാകില്ലെന്നും പാമ്പുകടിച്ചാണ് മരണം എന്ന ഉറപ്പിക്കുന്നതോടെ ആന്തരികാവയവങ്ങളുടെ കൂടുതൽ പരിശോധന ഉണ്ടാകില്ലെന്ന് സൂരജ് ഉറപ്പിച്ചു. എന്നാൽ പിന്നീട് ചോദ്യം ചെയ്യൽ പോലെ വൈതരണി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചോദ്യംചെയ്യലിൽ മയക്കുമരുന്ന് നൽകിയ കാര്യം സൂരജ് തന്നെ പിന്നെ വെളിപ്പെടുത്തുകയായിരുന്നു. ഗുളികകൾ വാങ്ങിയ സ്ഥലത്ത് എത്തി പോലീസ് തെളിവെടുക്കുകയും ചെയ്തു.
6. ഒന്നര വയസുകാരനായ മകൻ തനിക്കും ഉത്രയ്ക്കും ഒപ്പം പാമ്പു കടിയേൽക്കുന്ന സമയത്ത് മുറിയിലുണ്ടായിരുന്നു എന്ന കളവ് പറഞ്ഞത്. പോലീസിന്റെ ആദ്യ ചോദ്യംചെയ്യലിലാണ് ഇങ്ങനെ കളവ് പറഞ്ഞത്. വിശദ പരിശോധനയിൽ അത് തെറ്റാണെന്ന് തെളിഞ്ഞു.
7. കൊലപാതകം പഠിച്ചത് യൂട്യൂബ് നോക്കി. കൊല നടത്തുന്നതിനു മുൻപ് 15 തവണയാണ് സൂരജ് യൂട്യൂബ് ദൃശ്യങ്ങൾ കണ്ടത്. പാമ്പിനെ കൊണ്ട് ബലമായി കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഇതും കോടതിയിൽ നിർണായക തെളിവായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.