• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനപ്രിയ മദ്യങ്ങൾക്ക് വിലകൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി; ഈ വാദം ശരിയോ?

ജനപ്രിയ മദ്യങ്ങൾക്ക് വിലകൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി; ഈ വാദം ശരിയോ?

ഏറ്റവും വില കുറവുള്ള മദ്യം സംസ്ഥാന സർക്കാരിന്‍റെ സ്വന്തം ബ്രാൻഡായ ജവാൻ ആണ്. ഒരു ലിറ്ററായി ലഭ്യമാകുന്ന ജവാൻ മദ്യത്തിന് 610 രൂപയാണ് വില

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യത്തിന് വില കൂട്ടിയിട്ടില്ലെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ വാദത്തിൽ ആശയകുഴപ്പം. 500 രൂപയിൽ കുറഞ്ഞ മദ്യമാണ് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതെന്നും, ഇതിന് സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ സംസ്ഥാനത്ത് നിലവിൽ 500 രൂപയിൽ താഴെ വിലയുള്ള ഫുൾ(750 എംഎൽ) കുപ്പി മദ്യം ഒരു ബ്രാൻഡും വിൽക്കുന്നില്ല. ഏറ്റവും വില കുറവുള്ള മദ്യം സംസ്ഥാന സർക്കാരിന്‍റെ സ്വന്തം ബ്രാൻഡായ ജവാൻ ആണ്. ഒരു ലിറ്ററായി ലഭ്യമാകുന്ന ജവാൻ മദ്യത്തിന് 610 രൂപയാണ് വില.

    സംസ്ഥാനത്ത് ഫുൾ, ലിറ്റർ വിഭാഗത്തിൽ ഒരു ബ്രാൻഡ് പോലും ബോട്ടിലിന് 500 രൂപയിൽ താഴെയുള്ള ലഭ്യമല്ല. ചില ബ്രാൻഡുകളുടെ പൈൻഡ്(375 എംഎൽ), ക്വാർട്ടർ(180 എംഎൽ) മദ്യം കുപ്പിക്ക് 500 രൂപയിൽ താഴെ വിലയുണ്ട്. എന്നാൽ കൂടുതൽ ആളുകളും വാങ്ങുന്നത് ഫുൾ, ലിറ്റർ കുപ്പികളിൽ ലഭ്യമാകുന്ന മദ്യമാണ്.

    അതായത് ഏറ്റവുമധികം വിൽക്കുന്നത് വില കുറഞ്ഞ മദ്യങ്ങളല്ലെന്ന് ബിവറേജസ് കോർപറേഷൻ തന്നെ നേരത്തെ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. നിലവിൽ സെസ് ഏർപ്പെടുത്തിയ വിലയുടെ പരിധിയിൽ വരുന്ന മദ്യങ്ങളാണ്(500 രൂപയ്ക്കും ആയിരം രൂപയ്ക്കും മുകളിൽ വിലയുള്ളവ) സംസ്ഥാനത്ത് 70 ശതമാനവും വിൽക്കപ്പെടുന്നത്.

    നേരത്തെ സംസ്ഥാന ബജറ്റിൽ കുപ്പിക്ക് 500 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണു ഒരു കുപ്പിയ്ക്ക് സെസ് ഏർപ്പെടുത്തിയത്. കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മദ്യം 500 രൂപയ്ക്കു താഴെയുള്ളതാണെന്നായിരുന്നു നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു.

    Also Read- ജവാനും ഹണീബിയും അടക്കം ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെ

    അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ മദ്യവില വർധന ദോഷം ചെയ്യുമെന്നാണ് യുഡിഎഫിന്റെ അഭിപ്രായമെന്നു പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പറഞ്ഞു. മുൻപു മദ്യവില കൂട്ടിയപ്പോൾ യുഡിഎഫ് ഒന്നും പറഞ്ഞില്ല. ലഹരിവിരുദ്ധ പ്രചാരണം നടക്കുമ്പോൾ മദ്യവില കുത്തനെ കൂട്ടുന്നത് മദ്യത്തേക്കാൾ വിലക്കുറവുള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗം വർദ്ധിക്കാനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Published by:Anuraj GR
    First published: