• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബജറ്റ് സമ്മേളനത്തിൽ ഗവർണറെയും നയപ്രഖ്യാപനത്തെയും എങ്ങനെ ഒഴിവാക്കാം? സർക്കാരിന്റെ പോംവഴി ഇങ്ങനെ

ബജറ്റ് സമ്മേളനത്തിൽ ഗവർണറെയും നയപ്രഖ്യാപനത്തെയും എങ്ങനെ ഒഴിവാക്കാം? സർക്കാരിന്റെ പോംവഴി ഇങ്ങനെ

ബജറ്റ് സമ്മേളനം ഇന്നലത്തെ അവസാനിച്ച സമ്മേളനത്തിന്റെ തുടർച്ചയാകും

 • Share this:

  തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവച്ച് നിയമസഭാ സമ്മേളനവുമായി മുന്നോട്ടു പോകാൻ സർക്കാർ. ഇന്നലെ നിയമസഭാ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും ഇന്നു ചേർന്ന മന്ത്രിസഭായോഗം അക്കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനമെടുത്തില്ല. ജനുവരി പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഇന്നലത്തെ അവസാനിച്ച സമ്മേളനത്തിന്റെ തുടർച്ചയാകും.

  കലണ്ടർ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതാണ് പതിവ്. എന്നാൽ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവർണറെ കൊണ്ട് നയം പ്രഖ്യാപിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നേരത്തെയും നയപ്രഖ്യാപന പ്രസംഗം എന്ന അവസരം മുതലെടുത്ത് സർക്കാരിനെ ഗവർണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇപ്പോഴും കേന്ദ്രസർക്കാരിന് എതിരെയുള്ള വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം ഗവർണർ അത്ര എളുപ്പം ഒപ്പിടുമെന്ന് സർക്കാർ വിശ്വസിക്കുന്നില്ല. അഥവാ ഒപ്പിട്ടാൽ തന്നെ അത് അതേപടി വായിക്കാനും ഇടയില്ല. ഇക്കാരണങ്ങളാൽ ആണ് നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നത്.

  സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നുവെന്ന് സ്പീക്കർ അറിയിച്ചാലും മന്ത്രിസഭായോഗം ചേർന്ന് സഭ പിരിഞ്ഞതായി ഗവർണറെ അറിയിച്ച് വിജ്ഞാപനം ഇറങ്ങുമ്പോഴേ നടപടിക്രമം പൂർത്തിയാകൂ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകാത്തതോടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവക്കുമെന്ന് ഉറപ്പായി. ഇനി സഭ സമ്മേളിക്കണമെങ്കിൽ മന്ത്രിസഭ ചേർന്ന്
  തീരുമാനമെടുത്ത് സ്പീക്കറോട് ശുപാർശ ചെയ്താൽ മതി. ഗവർണറുടെ അനുമതി വേണ്ട.

  Also Read- ‘വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്’ കെ.സുരേന്ദ്രൻ

  ഗവർണർ രാംദുലാരി സിൻഹയുമായുള്ള തർക്കത്തിന്റെ പേരിൽ 1989 ൽ ഇ.കെ.നായനാർ സർക്കാരും നയ പ്രഖ്യാപനം നീട്ടി വച്ചിരുന്നു. അവിഭക്ത ആന്ധ്രാപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ, പോണ്ടിച്ചേരി സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ ഗവർണറെ വെല്ലുവിളിച്ച ചരിത്രമുണ്ട്.

  ഇതിനിടയിൽ പ്രീതി പിൻവലിക്കേണ്ടി വന്നതിൽ ഹൈക്കോടതിയിൽ ഗവർണർ വിശദീകരണം നൽകി. കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തിയെന്ന് ഗവർണർ പറഞ്ഞു. തന്റെ നടപടിയ്‌ക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ പ്രവർത്തിച്ചു. തുടർന്നാണ് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നാണ് ഗവർണറുടെ വിശദീകരണം. സെനറ്റംഗങ്ങൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ ഹൈക്കോടതി നാളെ വിധി പറയും.

  Also Read- ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ നിയമസഭ പാസാക്കി

  അതേസമയം ഇന്നാണ് ഗവർണർ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന്. വൈകുന്നേരം അഞ്ചിന് രാജ്ഭവനിലാണ് വിരുന്ന്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്പീക്കറേയും ചീഫ് സെക്രട്ടറി ഉൾപ്പെടെയുളള വകുപ്പ് സെക്രട്ടറിമാരെയും പ്രതിപക്ഷ നേതാവിനെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ വിരുന്നിന് പോകേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തീരുമാനം. സ്പീക്കർ എ.എൻ ഷംസീറും വിരുന്നിൽ പങ്കെടുക്കില്ല.

  കൊല്ലത്ത് നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ ഉള്ളതിനാലാണ് വിട്ടു നിൽക്കുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാജസ്ഥാനിലേക്ക് പോയ പ്രതിപക്ഷ നേതാവും വിരുന്നിൽ പങ്കെടുക്കില്ല. എന്നാൽ‌ സർക്കാർ ഉദ്യോഗസ്ഥർ എന്ന നിലയിൽ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാർക്കും വിരുന്നിൽ പങ്കെടുക്കേണ്ടി വരും. വിരുന്നിന് പോകരുതെന്ന് സർക്കാർ സെക്രട്ടറിമാരോട് നിർദേശിച്ചിട്ടുമില്ല.

  Published by:Naseeba TC
  First published: