HOME » NEWS » Kerala » HOW KERALA POLICE SOLVED AN ACCIDENT CASE WITHOUT ANY EYEWITNESSES

സെഫീനയുടെ സ്കൂട്ടറിലിടിച്ചത് ആരും കണ്ടില്ല; കേരളാ പൊലീസ് പ്രതിയെ 18 ദിവസം കൊണ്ട് പിടിച്ചതെങ്ങിനെ?

ലോക്ഡൗണ്‍ സാഹചര്യത്തിൽ വിജനമായ പ്രദേശത്ത് നടന്ന അപകടത്തിൽ കാലടി പൊലീസിന് ഏക തുമ്പായി ലഭിച്ചത് അപകടമുണ്ടാക്കിയ കാറിൽ നിന്നും തെറിച്ച് വീണ സൈഡ് മിറർ ആയിരുന്നു.

News18 Malayalam | news18-malayalam
Updated: June 13, 2021, 12:23 PM IST
സെഫീനയുടെ സ്കൂട്ടറിലിടിച്ചത് ആരും കണ്ടില്ല; കേരളാ പൊലീസ് പ്രതിയെ 18 ദിവസം കൊണ്ട് പിടിച്ചതെങ്ങിനെ?
News18 Malayalam
  • Share this:
കൊച്ചി: എത്ര ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കുറ്റകൃത്യം ആണെങ്കില്‍ പോലും ഒരു ചെറിയ തെളിവ് എങ്കിലും തുമ്പായി ബാക്കി നിൽക്കുമെന്ന് പറയപ്പെടാറുണ്ട്. പല കേസുകളിലും ഈ ചെറിയ തുമ്പുകൾ തന്നെയാണ് വഴിത്തിരിവാകാറുള്ളതും. സെന്‍റര്‍ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്മെന്റിലെ പ്രൊജക്ട് ഡയറക്ടർ സെഫീന വിനോ (32) കഴിഞ്ഞ മാസം ഒരപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അതൊരു സാധാരണ അപകടമായിരുന്നില്ല. സെഫീനയെ ഇടിച്ച് തെറിപ്പിച്ചിട്ട് പോയ കാറും അത് ഓടിച്ചയാളെയും അധികം വൈകാതെ തന്നെ പൊലീസ് പിടികൂടുകയും ചെയ്തു. ഈ കേസ് തെളിയിക്കാനും സഹായകമായത് ഇത് പോലെ ഒരു ചെറിയ തുമ്പ് തന്നെയാണ്.

ലോക്ഡൗണ്‍ സാഹചര്യത്തിൽ വിജനമായ പ്രദേശത്ത് നടന്ന അപകടത്തിൽ കാലടി പൊലീസിന് ഏക തുമ്പായി ലഭിച്ചത് അപകടമുണ്ടാക്കിയ കാറിൽ നിന്നും തെറിച്ച് വീണ സൈഡ് മിറർ ആയിരുന്നു. ഇതുപയോഗിച്ച് ആരംഭിച്ച അന്വേഷണത്തിൽ സംഭവം നടന്ന് പതിനെട്ടാം ദിവസം പൊലീസ് പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

മെയ് 24ന് രാത്രി ഏഴേകാലോടെ മറ്റൂർ-നെടുമ്പാശ്ശേരി വിമാനത്താവള റോഡിലായിരുന്നു അപകടം. നീലംകുളങ്ങര ക്ഷേത്രത്തിനു സമീപം വച്ച് എതിരെ വന്ന കാർ സെഫീനയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണ യുവതിക്ക് തോളെല്ലിന് അടക്കം പരിക്കുകളുണ്ടായി.

Also Read-അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കില്ല; യുപിയിലെ 'കൊറോണ മാതാ' ക്ഷേത്രം അധികൃതർ പൊളിച്ചു

ദൃക്സാക്ഷികൾ പോലും ഇല്ലാതിരുന്ന അപകടത്തിൽ പൊലീസിന് തുമ്പായി ലഭിച്ചത് കാറിന്‍റെ സൈഡ് മിറർ മാത്രം. അതുപയോഗിച്ച് അന്വേഷണം തുടങ്ങി. മിറർ ഏത് കാറിന്‍റെതാണെന്ന് തിരിച്ചറിഞ്ഞ ശേഷം സിസിറ്റിവി ദൃശ്യങ്ങളും രജിസ്ട്രേഷൻ വിവരങ്ങളും ശേഖരിച്ചും വിലയിരുത്തിയുമായിരുന്നു അന്വേഷണം.

അപകടം നടന്ന പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നും സെഫീന സ്കൂട്ടറിൽ പോകുന്നതും ഒരു മിനിറ്റിനുള്ളിൽ ഒരു കാർ എതിര്‍ദിശയിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. കാലടി ബസ് സ്റ്റാൻഡിന് മുന്നിലെ സിസിറ്റിവിയിൽ നിന്നും ഈ കാറിന് വലതുവശത്തെ മിറർ ഇല്ലെന്നും വ്യക്തമായി. മൂവാറ്റുപുഴ വരെയുള്ള പല സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കാറിന്‍റെ നമ്പർ മാത്രം വ്യക്തമായിരുന്നില്ല. പക്ഷെ കാറിന്‍റെ മുൻവശത്ത് എയർപോർട്ട് എന്നെഴുതി വച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടു.പിന്നീട് ഇത് കേന്ദ്രീകരിച്ചായി അന്വേഷണം. പ്രത്യേക അനുമതി വാങ്ങി വിമാനത്താവളത്തിലെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹന നമ്പർ  വ്യക്തമായില്ല. തുടർന്ന് വിമാനത്താവളത്തിൽ വാഹന നമ്പറുകൾ രേഖപ്പെടുത്തുന്ന കൗണ്ടറിൽ നിന്നും നമ്പറുകൾ ശേഖരിച്ച് ആ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങളെടുത്തു. അപകടമുണ്ടാക്കിയ തരം കാറുകൾ മൂവാറ്റുപുഴ, പത്തനംതിട്ടയിലെ റാന്നി എന്നീ പ്രദേശങ്ങളിൽ നിന്നും അതേദിവസം വന്നതായി മനസിലാക്കി. ഈ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണത്തിൽ റാന്നിയിൽ നിന്നും കാർ കണ്ടെത്തുകയായിരുന്നു. ഇതോടിച്ചിരുന്ന റാന്നി എടമൺ തെക്കേമാനിൽ ജെറിൻ വർഗീസ് (29) അറസ്റ്റിലാവുകയും ചെയ്തു.

കാലടി സ്റ്റേഷനിലെ എഎസ്ഐ ജോഷി തോമസ് സിവിൽ പൊലീസ് ഓഫിസർ കെ.എ. നൗഫല്‍ എന്നിവരാണ് സൈഡ് മിറർ തുമ്പായ അപകട കേസിന്‍റെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. എസ്ഐമാരായ പ്രശാന്ത് ബി.നായർ, ജെയിംസ് മാത്യു എന്നിവർ മേൽനോട്ടം വഹിച്ചു.
Published by: Asha Sulfiker
First published: June 13, 2021, 10:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories