ജി ആർ അനുരാജ്
കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാരിന്റെ സഹായവും വായ്പയും കൂടാതെയാണ് ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ക്കകം അതിന് ചുക്കാന്‍ പിടിച്ച ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്നു മാറ്റി. തച്ചങ്കരിയുടെ സ്ഥാനചലനം മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. KSRTCയെ രക്ഷിക്കാന്‍ തച്ചങ്കരിയെ തിരിച്ചുകൊണ്ടുവരിക എന്ന പേരില്‍ വലിയ ക്യാംപയ്ന്‍ സോഷ്യല്‍മീഡിയയില്‍ ശക്തിപ്രാപിച്ചുവരുന്നു. ജനുവരി മാസത്തെ ശമ്പളം കെ.എസ്.ആര്‍.ടി.സി സ്വന്തം വരുമാനത്തില്‍നിന്ന് വിതരണം ചെയ്തത് എങ്ങനെയാണെന്ന് പരിശോധിക്കാം...
കാൽ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം എന്ന വാദം തെറ്റ്
25 വർഷത്തിന് ശേഷമാണ് KSRTC സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകിയെന്ന വാർത്ത തെറ്റാണ്. 2006-2011 കാലഘട്ടത്തിൽ മാത്യൂ ടി തോമസ് ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വരുമാനത്തിൽനിന്നാണ് KSRTC ശമ്പളം നൽകിയിരുന്നത്. അക്കാലത്ത് ശമ്പളത്തിനും പെൻഷനും പുറമെ ഡീസൽ കുടിശിക, ഹഡ്കോ വായ്പ തിരിച്ചടവും കോർപറേഷന്‍റെ ബാധ്യതയായിരുന്നു. ശമ്പളം നൽകാൻ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ മാത്രമാണ് അക്കാലത്ത് സർക്കാർ സഹായമോ KTDFC വായ്പയോ വേണ്ടിവരുമായിരുന്നു. 2011ൽ UDF സർക്കാർ അധികാരത്തിലെത്തി വി.എസ് ശിവകുമാർ ഗതാഗതമന്ത്രിയായിരുന്നപ്പോഴും സ്വന്തം വരുമാനത്തിൽനിന്നാണ് KSRTC ശമ്പളം നൽകിയത്. 2012 മുതലാണ് KSRTC ശമ്പളത്തിനും പെൻഷനുമായി മറ്റ് വായ്പകളെ ആശ്രയിച്ചു തുടങ്ങിയത്. 2014 വരെ പെൻഷൻ KSRTC തന്നെയാണ് നൽകിയിരുന്നത്. എന്നാൽ 2014 മുതൽ UDF സർക്കാർ പെൻഷൻ ബാധ്യതയുടെ പകുതി ഏറ്റെടുക്കുകയും പിന്നീട് 2017 നവംബർ മുതൽ പൂർണ പെൻഷൻ സർക്കാർ നൽകുകയുമായിരുന്നു. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തതാണ് ഒരുകണക്കിന് KSRTC എന്ന സ്ഥാപനത്തിന് മുന്നോട്ടുപോകാൻ സഹായകരമായത്.
Read Also- KSRTC ഇലക്ട്രിക് ബസ് ഓടിക്കുന്നത് ലാഭകരമോ?
ശമ്പളം നൽകാൻ ജനുവരിയിൽ വേണ്ടി വന്നത് 65.3 കോടി രൂപ
ഇനി ജനുവരി മാസത്തെ ശമ്പളത്തിലേക്ക് വരാം. ആകെ 29000 ജീവനക്കാരാണ് KSRTCയിൽ ഉണ്ടായിരുന്നത്. 2018 ഡിസംബർ മാസത്തെ കണക്ക് പ്രകാരം 27785 പേർക്കാണ് ശമ്പളം നൽകേണ്ടിയിരുന്നത്. ഇതിൽ 4132 പേർ താൽക്കാലിക ജീവനക്കാരാണ്. സ്ഥിരം ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടിയിരുന്നത് 72.19 കോടി രൂപയാണ്(721916216). എൻ.ഡി.ആർ(നോൺ ഡിപ്പാർട്ട്മെന്‍റൽ റവന്യൂ) ഒഴികെ പണമായി നൽകേണ്ടത് 61.88 കോടി രൂപ. താൽക്കാലിക ജീവനക്കാർക്ക് നൽകേണ്ടിയിരുന്ന ശമ്പള തുക 6.74 കോടി രൂപയാണ്. എന്നാൽ 3861 കണ്ടക്ടർമാരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുറത്താക്കിയതോടെ 3.42 കോടി രൂപ മാത്രമാണ് ജനുവരി മാസം ശമ്പളമായി താൽക്കാലിക ജീവനക്കാർക്ക് നൽകേണ്ടിയിരുന്നത്. അതായത് 2019 ജനുവരി മാസം KSRTC ശമ്പളമായി നൽകേണ്ട ആകെ തുക 65.3 കോടി രൂപ(61.88+3.42).
വായ്പാ കാലാവധി കൂട്ടി; തിരിച്ചടവ് കുറഞ്ഞു
2018 മാർച്ച് 30ന് KSRTC എം.ഡിയായിരുന്ന എ ഹേമചന്ദ്രൻ സർക്കാർ നിർദേശപ്രകാരം വിവിധ ബാങ്കുകളിൽനിന്നുള്ള കൺസോർഷ്യം വായ്പ എടുക്കുന്നതിന് കരാർ ഒപ്പിട്ടു. അതുവരെ 3114 കോടി രൂപയായിരുന്നു KSRTCയുടെ കടബാധ്യത. പ്രതിമാസം 90 കോടി രൂപ വായ്പാ തിരിച്ചടവ് ഉണ്ടായിരുന്നു. അതായത് പ്രതിദിനം മൂന്ന് കോടിയിലേറെ രൂപ വായ്പാ തിരിച്ചടവിനായി KSRTC വരുമാനത്തിൽനിന്ന് മാറ്റിവെച്ചിരുന്നു. എന്നാൽ കൺസോർഷ്യവുമായി കരാർ ഒപ്പിട്ടതോടെ 11% മുതൽ 16 % വരെ ഉണ്ടായിരുന്ന ഹ്രസ്വകാല വായ്പകൾ 20 വർഷത്തേക്കുള്ള ദീർഘകാല വായ്പയായി മാറിയപ്പോൾ പ്രതിദിന തിരിച്ചടവ് മൂന്നു കോടിയിൽനിന്ന് 86 ലക്ഷമായി മാറി. ഇതിലൂടെ പ്രതിദിനം 2.14 കോടി രൂപ KSRTCക്ക് ലാഭിക്കാനായി. പ്രതിമാസ തിരിച്ചടവ് 90 കോടി എന്നത് 25.8 കോടിയായി കുറഞ്ഞു. പ്രതിമാസ ചെലവിൽ 64.2 കോടി രൂപയാണ് KSRTCkക്ക് ലാഭിക്കാനായത്.
ജനുവരി മാസം ശമ്പളമായി നൽകേണ്ടിയിരുന്നത് 65.3 കോടി രൂപയായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. കോൺസോർഷ്യം വായ്പാ തിരിച്ചടവ് കൂട്ടിയതോടെ 64.2 കോടി രൂപ അധികമായി വന്നു ചേർന്നു. കൺസോർഷ്യം ഒപ്പിട്ടതിലൂടെ ഏപ്രിൽ ഒന്നു മുതൽ ശമ്പള വിതരണത്തിൽ ഓരോ മാസവും 1.10 കോടി രൂപ കുറഞ്ഞിരുന്നു. ഇതിന് പുറമെ ജനുവരി മാസത്തിൽ താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിലൂടെ 3.32 കോടി ലാഭിക്കാനായി. ഇതുകൂടി ചേർക്കുമ്പോൾ ജനുവരി മാസം 4.42 കോടി കോർപറേഷന് അധികമായി ലഭിച്ചു. ഇതോടെ ജനുവരിയിൽ സർക്കാർ സഹായമോ വായ്പയോ കൂടാതെ സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ KSRTCക്ക് സാധിച്ചു.
Read Also- തച്ചങ്കരിയെ പുകച്ചത് യൂണിയൻകാരോ?
ജീവനക്കാരുടെ ആനുകൂല്യങ്ങളും പ്രൊമോഷനും തടഞ്ഞുവെച്ചു
കഴിഞ്ഞ പത്ത് മാസമായി KSRTC അധികൃതര്‍ ജീവനക്കാരോട് കാണിച്ചുവന്നത് കൊടുംക്രൂരതയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും തടഞ്ഞുവെച്ചു. 2018 മാർച്ച് ഒന്നു മുതലാണ് പ്രൊമോഷനുകൾ നിർത്തിവെച്ചത്. ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം, പി.എഫ് അടയ്ക്കാതിരുന്നതും എന്‍.ഡി.ആര്‍, നോണ്‍ റീപേയബിള്‍ അക്കൌണ്ട് വായ്പ തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തു. മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് വ്യാപകമായി നിഷേധിക്കുകയും ചെയ്തു. കൂടാതെ ജീവനക്കാരുടെ ആദായനികുതി റിട്ടേണ്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യാതിരിക്കുകയും ചെയ്തു. പി.എഫ് ലോൺ രണ്ടുവർഷമായി കുടിശികയാണ്. കൂടാതെ യൂണിഫോം, ഷൂ അലവൻസ്, മറ്റ് ഇതര അലവൻസ് എന്നിവയൊക്കെ നാലുവർഷമായി കുടിശികയാണ്. രണ്ടുവർഷമായി ക്ഷാമബത്തയും ശമ്പളത്തിൽനിന്ന് പിടിച്ച തുക കൊടുക്കാത്തതും കുടിശികയാണ്.
ശബരിമല വരുമാനം വർധിപ്പിച്ചതിന് പിന്നിൽ
2018 നവംബർ 15 മുതലുള്ള മണ്ഡലകാല മകരവിളക്ക് സീസണിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ KSRTCക്ക് കൂടുതൽ ബസുകളും ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യാനും പ്രത്യേക നിരക്ക് ഈടാക്കാനും സാധിച്ചു. നിലയ്ക്കൽ-പമ്പ(22 KM) റൂട്ടിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വകാര്യവാഹനങ്ങളെ ഒഴിവാക്കി KSRTC മാത്രമായി. നിലവിലെ നിരക്കിനൊപ്പം 30 ശതമാനം അധികമായി ഉത്സവകാല നിരക്ക് ഈടാക്കാൻ KSRTCക്ക് അനുമതി ലഭിച്ചിരുന്നു. എ.സി ബസുകൾ ഓടിച്ച് ഉയർന്ന നിരക്ക് ഈടാക്കിയും ഇത്തവണ ശബരിമല വരുമാനം ഗണ്യമായി വർദ്ധിപ്പിച്ചു. കണ്ടക്ടർമാരെ ഒഴിവാക്കി ഓൺലൈൻ റിസർവേഷൻ, നിലയ്ക്കൽ കൌണ്ടറുകളിലൂടെ ടിക്കറ്റ് വിതരണം ചെയ്തതിലൂടെ കണ്ടക്ടർമാരുടെ ശമ്പളം ഇത്തവണ ലാഭിക്കാനായി. കൂടാതെ പമ്പാ സ്പെഷ്യൽ സർവീസിന് കഴിഞ്ഞ വർഷം നൽകിയിരുന്ന ടി.എ, ഡി.എ, മറ്റ് അലവൻസുകൾ ഇത്തവണ പൂർണമായും നിഷേധിച്ചതിലൂടെ ചെലവ് കുറയ്ക്കാനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala state rtc, Ksrtc, Ksrtc revenue, Tomin j thachankari, കെഎസ്ആർടിസി, കെഎസ്ആർടിസി പ്രതിസന്ധി, കെഎസ്ആർടിസി ശമ്പളം, ടോമിൻ ജെ തച്ചങ്കരി