• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളത്തിൽ എത്ര കേരള കോൺഗ്രസുകളുണ്ട് ?

തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറെ സ്വാധീനമുള്ളതെങ്കിലും കുടിയേറ്റ മേഖലകളിലും കേരള കോൺഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്.

news18
Updated: April 11, 2019, 7:27 PM IST
കേരളത്തിൽ എത്ര കേരള കോൺഗ്രസുകളുണ്ട് ?
കേരള കോൺഗ്രസ്
  • News18
  • Last Updated: April 11, 2019, 7:27 PM IST IST
  • Share this:
കോൺഗ്രസിലെ ഒരു ഗ്രൂപ്പിൽ നിന്ന് രൂപം കൊണ്ട് കേരള രാഷ്ട്രീയത്തിൽ നിർണായകമായി മാറിയ ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്ന വിശേഷണം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രീതിയിൽ എണ്ണമറ്റ പിളർപ്പുകൾക്കാണ് കേരള കോൺഗ്രസ് വിധേയമായത്. സഭ ചേരാതിരുന്ന 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 54 സീറ്റില്‍ മത്സരിച്ച കേരള കോൺഗ്രസ് 23 സീറ്റ് നേടിയിരുന്നു. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറെ സ്വാധീനമുള്ളതെങ്കിലും കുടിയേറ്റ മേഖലകളിലും കേരള കോൺഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്. ഇന്ന് വലുതും ചെറുതുമായി നിരവധി കേരള കോൺഗ്രസ് പാർട്ടികളാണ് നിലവിലുള്ളത്.

ചരിത്രം

1960ല്‍ പട്ടം താണുപിളളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-പി എസ് പി കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നതുമുതല്‍, കോണ്‍ഗ്രസ്സിലെ നിയമസഭാഘടകവും സംഘടനാ ഘടകവും തമ്മില്‍ ചേരിതിരിവുണ്ടായി. 1964ൽ ഓഗസ്റ്റ് 2ന് പി ടി ചാക്കോ അന്തരിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. ശങ്കറിന്റെ രാജിയായിരുന്നു ചാക്കോ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയ്ക്കനുകൂലമായ നിലപാടെടുത്തതോടുകൂടി പി ടി ചാക്കോ ഗ്രൂപ്പിന്റെ പ്രതീക്ഷ നശിച്ചു. ഈ ഘട്ടത്തില്‍ പി എസ് പി, ശങ്കര്‍ മന്ത്രിസഭയ്ക്കെതിരായി നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നു. ചാക്കോ ഗ്രൂപ്പിലുണ്ടായിരുന്ന നിയമസഭാ സാമാജികരില്‍ 15 പേര്‍ മന്ത്രിസഭയ്ക്കെതിരായി വോട്ടു ചെയ്തു. അങ്ങനെ അവിശ്വാസ പ്രമേയം പാസാകുകയും ശങ്കര്‍ രാജിവയ്ക്കുകയും ചെയ്തു. വിഘടിത വിഭാഗം കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 'കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഈ പാര്‍ട്ടി 1964 ഒക്ടോബർ 9ന് 'കേരളകോണ്‍ഗ്രസ്' എന്ന പേരു സ്വീകരിച്ച് രാഷ്ട്രീയ കക്ഷിയായി.

വിവിധ കേരള കോൺഗ്രസുകൾ

1. കേരള കോൺഗ്രസ് എം

1979ലെ പിളർപ്പിലൂടെ കെ എം മാണിയുടെ നേതൃത്വത്തിൽ ജന്മമെടുത്ത കേരള കോൺഗ്രസ് എം ഏറ്റവും പ്രബലമായ കേരള കോൺഗ്രസ് വിഭാഗമാണ്. അന്തരിച്ച കെ എം മാണിയായിരുന്നു പാർട്ടി ചെയർമാൻ. മകൻ ജോസ് കെ മാണി വൈസ് ചെയർമാൻ. പി ജെ ജോസഫാണ് വർക്കിംഗ് ചെയർമാൻ. ഇപ്പോൾ യുഡിഎഫിന്റെ ഭാഗം. ആറ് എംഎൽഎമാരാണുള്ളത്.2. കേരള കോൺഗ്രസ് (ജേക്കബ്)

മുൻ മന്ത്രി ടി എം ജേക്കബ് രൂപീകരിച്ച പാർട്ടി ഇപ്പോൾ യുഡിഎഫിലാണ്. ജോണി നെല്ലൂരാണ് ചെയർമാൻ. ടി എം ജേക്കബ്ബിന്റെ ഭാര്യ ഡെയ്സി ജേക്കബ് വൈസ് ചെയർമാനും മകൻ അനൂപ് ജേക്കബ് പാർട്ടിയുടെ ഏക നിയമസഭാംഗവുമാണ്.

3. കേരള കോൺഗ്രസ് ബി

1964ൽ കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള ചെയർമാനായി രൂപീകൃതമായ പാർട്ടി. ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്. 2015 വരെ യുഡിഎഫിലായിരുന്നു. ബാലകൃഷ്ണപിള്ളയുടെ മകൻ കെ ബി ഗണേഷ്കുമാറാണ് പാർട്ടിയുടെ ഏക നിയമസഭാംഗം.

4. കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം

നിലവിൽ എൽഡിഎഫിന്റെ ഭാഗം. സ്കറിയാ തോമസാണ് പാർട്ടിയെ നയിക്കുന്നത്. അടുത്തിടെ കേരള കോൺഗ്രസ് ബിയുമായി ലയിക്കാനുള്ള നീക്കം പരാജയപ്പെട്ടു. നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

5. ജനാധിപത്യ കേരള കോൺഗ്രസ്

കേരള കോണ്‍ഗ്രസ് സ്ഥാപക ചെയർമാൻ കെ എം ജോർജിന്റെ മകനും മുൻ എംപിയുമായ ഫ്രാൻസിസ് ജോര്‍ജാണ് ചെയർമാൻ. നിലവിൽ എൽഡിഎഫിന്റെ ഭാഗം.

6. കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം

പിടി ചാക്കോയുടെ മകനും മുൻ എംപിയുമായ പി സി തോമസ് ചെയർമാനായ കേരള കോൺഗ്രസ് പാർട്ടി ഇപ്പോൾ എ‍ൻഡിഎയിൽ അംഗമാണ്. നേരത്തെ ലയനവിരുദ്ധ വിഭാഗമെന്ന പേരിൽ എൽഡിഎഫിന്റെ ഭാഗമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി സി തോമസ് കോട്ടയത്ത് നിന്ന് ജനവിധി തേടുകയാണ്.

7. കേരള കോൺഗ്രസ് സെക്യുലർ

പി സി ജോർജ്ജിന്റെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കക്ഷി. പി സി ജോർജ് കേരള കോൺഗ്രസ് എമ്മിൽ ലയിച്ചെങ്കിലും ടി എസ് ജോൺ പാർട്ടി പുനരുജ്ജീവിപ്പിച്ചു. ടി എസ് ജോൺ അന്തരിച്ചതോടെ കല്ലട ദാസാണ് പാർട്ടിയെ നയിക്കുന്നത്.

8. കേരള കോൺഗ്രസ് നാഷണലിസ്റ്റ്

നോബിൾ മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി. നോബിൾ മാത്യു ബിജെപിയിൽ ലയിച്ചെങ്കിലും ഒരു വിഭാഗം ഇപ്പോഴും കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിൽ തുടരുന്നു.

9. കേരള ജനപക്ഷം സെക്യുലർ

പേരിൽ കേരള കോൺഗ്രസ് ഇല്ലെങ്കിലും പി സി ജോർജ് രക്ഷാധികാരിയായി രൂപീകരിച്ച പുതിയ പാർട്ടിയുടേത് കേരള കോൺഗ്രസ് പാരമ്പര്യം തന്നെ. കഴിഞ്ഞ ദിവസം ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേർന്നിരുന്നു. പി സി ജോർജിന്റെ മകൻ ഷോൺ ജോർജാണ് പാർട്ടി ചെയർമാൻ. പി സി ജോർജ് പൂഞ്ഞാറിൽ നിന്നുള്ള നിയമസഭാംഗമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍