HOME » NEWS » Kerala » HOW MUCH DOES FEROZ KUNNUMPARAMBIL OWN

ഫിറോസ് കുന്നുംപറമ്പിലിന്‍റെ ആസ്തി എത്ര? UDF സ്ഥാനാഥിയുടെ വ്യക്തിഗത വിവരങ്ങൾ തേടിയത് നാന്നൂറിലേറെ പേർ

‘സ്ത്രീയുടെ മാനത്തെ ഇന്‍സള്‍ട്ട് ചെയ്തു’വെന്ന ആരോപണത്തിലും ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: March 25, 2021, 8:25 AM IST
ഫിറോസ് കുന്നുംപറമ്പിലിന്‍റെ ആസ്തി എത്ര? UDF സ്ഥാനാഥിയുടെ വ്യക്തിഗത വിവരങ്ങൾ തേടിയത് നാന്നൂറിലേറെ പേർ
ഫിറോസ് കുന്നംപറമ്പിൽ
  • Share this:
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സൂപ്പര്‍ഹിറ്റായി തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിര്‍ദേശ പത്രിക. മലപ്പുറം ജില്ലയില്‍ നിന്ന് പത്രിക സമര്‍പ്പിച്ചവരില്‍ വിശദാംശങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ഫിറോസിന്റെ സത്യവാങ്മൂലമാണ്. നാനൂറിലേറെ പേരാണ് ഫിറോസിന്റെ വ്യക്തിഗത വിവരങ്ങള്‍ തേടിയത്.

ഫിറോസ് കഴിഞ്ഞാല്‍ വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങള്‍ അറിയാനാണ് കൂടുതലാളുകള്‍ താല്‍പര്യം കാണിച്ചിട്ടുള്ളത്. 180 പേരാണ് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത്. കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രന്‍ സുലൈമാന്‍ ഹാജി (173), നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥി പിവി അന്‍വര്‍ (139), പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി മുഹമ്മദ് മുസ്തഫ (105) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍.

കമ്മിഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം ഫിറോസിന്റെ ആസ്തി 52.58 ലക്ഷം രൂപയാണ്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്ഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 20,28,834 രൂപയാണ് ജംഗമ ആസ്തിയായുള്ളത്.

കമ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്. 2053 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടിന്റെ കമ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപയുണ്ട്. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിര്‍മാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.
അതേസമയം, നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫിറോസ് തനിയ്‌ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളും എണ്ണിപ്പറയുന്നുണ്ട്. ഭീഷണിപ്പെടുത്തി, സ്ത്രീകളെ ആക്രമിച്ചു, പിടിച്ചു പറിക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക തുടങ്ങിയ പരാതികളിലാണ് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘സ്ത്രീയുടെ മാനത്തെ ഇന്‍സള്‍ട്ട് ചെയ്തു’വെന്ന ആരോപണത്തിലും ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ഐപിസി 509 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കാന്‍ ശ്രമം, വീട്ടിലേക്ക് അതിക്രമിച്ചു കയറുക തുടങ്ങിയ പരാതിയില്‍ ഐപിസി 511,451,34 പ്രകാരം എറണാകുളം ജില്ലയിലെ ചേരനല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Also Read- നിക്ഷേപം നാല് ബാങ്ക് അക്കൗണ്ടുകളില്‍; ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരം ഇങ്ങനെ

എന്നാല്‍, തനിക്ക് എതിരെ കേസുകള്‍ ഉണ്ടോയെന്ന് ഓര്‍മ്മയില്ലെന്നായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. താന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഓര്‍മ്മയില്ലായെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഫിറോസിന്റെ പേരില്‍ നിലനില്‍ക്കുന്ന കേസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. തന്റെ പേരില്‍ ഏതെങ്കിലും ഒരു കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മുന്നില്‍ കാണിക്കാമല്ലോയെന്നായിരുന്നു ഫിറോസ് മറുപടി നല്‍കിയത്.
Published by: Anuraj GR
First published: March 25, 2021, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories