തിരുവനന്തപുരം: സർക്കാർ ജീവനക്കാർ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാൽ എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്ത ചിലർ സർക്കാർ സർവീസിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിൽ ഒരു ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. അങ്ങനെയുള്ളവർ അതിന്റെ പ്രയാസം നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെഎംസിഎസ്യു) 54-ാം സംസ്ഥാന സമ്മേളനം യൂണിവേഴ്സിറ്റി കോളജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫീസ് ചെറിയ ഓഫീസാണ്. അത്തരം ഒരു ഓഫീസിൽ ഒരാൾ വഴിവിട്ട് എല്ലാകാര്യങ്ങളും ചെയ്യുകയാണ്. ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർ പറയുന്നത് തങ്ങൾക്കൊന്നുമറിയില്ലെന്നാണ്.
അടുത്തിരിക്കുന്ന ജീവനക്കാരൻ ശരിയായ രീതിയിലല്ല കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇടപെടണം. അവരെ തിരുത്താൻ കഴിഞ്ഞാലേ നാട് പൂർണമായും അഴിമതി മുക്തമാകൂ. അത്തരം കാര്യങ്ങളിൽ ഗൗരവമായി ഇടപെടാൻ സർവീസ് മേഖലയിലുള്ളവർക്കാകെ ഉത്തരവാദിത്തമുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത ഇടപെടുന്ന രണ്ട് വകുപ്പുകളാണ് റവന്യു വകുപ്പും തദ്ദേശ വകുപ്പും. ഇവ രണ്ടിലും അഴിമതി ഇല്ലെന്ന് ഉറപ്പ് വരുത്താൻ മുഴുവൻ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഴിമതിയിൽ പിടിയിലായ ഉദ്യോഗസ്ഥൻ ലോഡ്ജിലായിരുന്നു താമസം. വഴിവിട്ട കാര്യങ്ങൾക്ക് കേന്ദ്രമാക്കിയത് അവിടമാണ്. ചില ഉദ്യോഗസ്ഥർ ചെയ്യുന്ന രീതിയാണിത്. എല്ലാവർക്കും എല്ലാകാലവും ഇങ്ങനെ ചെയ്യാനാവില്ല. കാലം മാറിയെന്ന് ഓർമിക്കണം. എല്ലാം ജനങ്ങൾ അറിയുന്നുണ്ട്. ജനങ്ങളുടെ സേവകരാണ് ജീവനക്കാർ എന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. പിടിയിലായാൽ വലിയതോതിലുള്ള പ്രയാസം അനുഭവിക്കേണ്ടിവരുമെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corruption, Pinarayi vijayan