• HOME
  • »
  • NEWS
  • »
  • kerala
  • »
  • യു.ഡി.എഫ് അട്ടിമറി വിജയം നേടിയ ആലത്തൂരിൽ സി.പി.എമ്മിന് വോട്ടുചോർച്ചയും

യു.ഡി.എഫ് അട്ടിമറി വിജയം നേടിയ ആലത്തൂരിൽ സി.പി.എമ്മിന് വോട്ടുചോർച്ചയും

എൽ ഡി എഫിനും എൻ ഡി എയ്ക്കും കൂടി ചോര്‍ന്നത് 1,56,250 വോട്ടാണ്.

  • News18
  • Last Updated :
  • Share this:
    ആലത്തൂർ: യു.ഡി.എഫ് അട്ടിമറിവിജയം നേടിയ ആലത്തൂരില്‍ ബി.ജെ.പിയേക്കാള്‍ വോട്ട് ചോര്‍ച്ചയുണ്ടായത് സി.പി.എമ്മിന്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം നേടിയ എന്‍.ഡി.എയ്ക്ക് നഷ്ടപ്പെട്ട വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടാണ് സി.പി.എമ്മില്‍ നിന്നും യു.ഡി.എഫിലേക്ക് പോയത്.

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 4,70,376 വോട്ട് നേടിയ സി.പി.എം ഇക്കുറി 3,74,847 വോട്ടിലൊതുങ്ങി. 95,529 വോട്ടിന്‍റെ കുറവ്. 2016ല്‍ 1,50,558 വോട്ട് നേടിയ എൻ ഡി എയ്ക്ക് 89837 ല്‍ ഒതുങ്ങേണ്ടി വന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ നില അല്പം മെച്ചപ്പെടുത്തിയെന്നു മാത്രം.

    എൽ ഡി എഫിനും എൻ ഡി എയ്ക്കും കൂടി ചോര്‍ന്നത് 1,56,250 വോട്ടാണ്. ഈ വോട്ടുകള്‍ UDF സ്ഥാനാര്‍ത്ഥിക്ക് പോയി എന്നതാണ് രമ്യ ഹരിദാസിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം സൂചിപ്പിക്കുന്നത്. 1,56,968 വോട്ടിന്‍റെ ലീഡാണ് രമ്യ നേടിയത്.

    ബി.ജെ. പി വോട്ടുകള്‍ വന്‍തോതില്‍ ചോരുമെന്നാണ് സി.പി.എം വിലയിരുത്തിയതെങ്കിലും, ഏറ്റവും കൂടുതല്‍ ചോര്‍ച്ചയുണ്ടായത് സി.പി.എമ്മില്‍ നിന്നാണ്.

    മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടിന്‍റെ ചോര്‍ച്ചയാണുണ്ടായത്. ഇടതു കോട്ടയായ ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ചോര്‍ന്നത്. 20,000 ത്തിലേറെ വോട്ടുകള്‍.

    First published: