• HOME
 • »
 • NEWS
 • »
 • kerala
 • »
 • Onam2019; ഇതാണ് അത്തപ്പൂക്കളത്തിന്റെ ഐതീഹ്യം ; പരമ്പരാഗത രീതിയിൽ ഇനി പൂക്കളം ഒരുക്കാം

Onam2019; ഇതാണ് അത്തപ്പൂക്കളത്തിന്റെ ഐതീഹ്യം ; പരമ്പരാഗത രീതിയിൽ ഇനി പൂക്കളം ഒരുക്കാം

പരമ്പരാഗത രീതിയിൽ ഓണപ്പൂക്കളമൊരുക്കുന്നതിന് പൊതുവായൊരു ശൈലിയുണ്ട്.

 • Last Updated :
 • Share this:
  ഇന്ന് അത്തം. ഇനി പത്ത് നാൾ പൂക്കളങ്ങളുടേതാണ്. വിവിധ തരം പൂവുകൾ കൊണ്ട് മുറ്റത്ത് പൂക്കളങ്ങളൊരുക്കി മാവേലിയെ വരവേൽക്കാനുള്ള ഒരുക്കം. പൂവിളിയും ഓണപ്പാട്ടുമായി ഓണത്തപ്പനെ വരവേറ്റിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. എന്നാൽ ഓണാഘോഷങ്ങളിലെ പരമ്പരാഗതമായ പലതും നമുക്ക് നഷ്ടമായി. അങ്ങനെ നഷ്ടപ്പെട്ടവയിൽ അത്തപ്പൂക്കളങ്ങളുടെ പാരമ്പര്യവുമുണ്ട്.

  also read: Onam 2019: ഓണത്താറും ഓണപ്പൊട്ടനും; മലബാറിലെ മഹാബലി സങ്കൽപം ഇങ്ങനെ

  അത്തപ്പൂക്കളങ്ങളൊരുക്കുന്നതിന്റെ ഐതീഹ്യം പുതിയ തലമുറയ്ക്ക് അന്യമാണ്. കോളജുകളിലും സ്കൂളിലും മറ്റും ഓണഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അത്തപ്പൂക്കള മത്സരങ്ങളിൽ ഇടാറുള്ള അത്തപ്പൂക്കളങ്ങളെയാണ് ഇന്നത്തെ തലമുറ കണ്ടുശീലിച്ചത്. എന്നാൽ ശരിക്കും അത്തപ്പൂക്കളം അതല്ല. ഇനിമുതൽ ഐതീഹ്യവും പാരമ്പര്യവും അറിഞ്ഞ് പൂക്കളമൊരുക്കാം.

  ഐതീഹ്യം

  ദേവന്മാര്‍ക്കു വേണ്ടി വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ അസുര ചക്രവർത്തി മഹാബലിക്ക് തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാൻ ഒരു ദിവസം അനുവദിച്ച് നൽകിയിരുന്നു. ആ ദിവസമാണ് തിരുവോണം. തിരുവോണ നാളിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനാണ് പ്രജകൾ വിവിധ ഇനം പൂക്കള്‍ കൊണ്ട് അത്തപ്പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഒരു ഐതീഹ്യം.

  തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യമുണ്ട്. അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. ഒരിക്കൽ തൃക്കാക്കരവരെ പോയി ദേവനെ പൂജിക്കാൻ ജനങ്ങൾക്കു സാധിക്കാതെ വന്നു. തുടര്‍ന്ന് ഓരോ വീടുകളുടെയും മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു. ഇതാണ് അത്തപ്പൂക്കളത്തിന് പിന്നിലെ മറ്റൊരു ഐതീഹ്യം.

  പരമ്പരാഗത രീതിയിൽ ഓണപ്പൂക്കളമൊരുക്കുന്നതിന് പൊതുവായൊരു ശൈലിയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അത്തപ്പൂക്കളമൊരുക്കുന്നതിൽ പ്രാദേശികമായ വ്യത്യാസം കാണാനും കഴിയും.

  അത്തം മുതൽ പത്ത് ദിവസം
  അത്തം മുതലാണ് പൂക്കളമൊരുക്കുന്നത്. ഇതിനായി നമ്മുടെ തൊടികളില്‍ തന്നെയുള്ള പൂവുകളെയാണ് ഉപയോഗിച്ചിരുന്നത്. അത്തത്തിന് മുറ്റം വൃത്തിയാക്കി ചാണകം മെഴുകി കളം തീർക്കുന്നു. ഗണപതി സങ്കൽപത്തിൽ ചാണകയുരുള വെച്ച് അതിൽ തുളസി ഇല വയ്ക്കുന്നു. അതിനു ചുറ്റും തുമ്പപ്പൂ വയ്ക്കുന്നു. പൂക്കളത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുമ്പപ്പൂ. പുതിയ പൂക്കൾ കൊണ്ട് മാത്രമേ പൂക്കളം തയ്യാറാക്കാവൂ. അതിനാല്‍ ഓരോ ദിവസവും പഴയപൂക്കളെ മാറ്റുന്നു. രണ്ടാം ദിവസമായ ചിത്തിരയിൽ തുളസി ഇലയും തുമ്പപ്പൂവും മുക്കുറ്റിയും കൊണ്ടാണ് പൂക്കളമൊരുക്കുന്നത്.

  ചോതി മുതലാണ് ചുവന്നപ്പൂക്കൾക്ക് സ്ഥാനമുള്ളത്. ചുവന്ന പൂക്കളിൽ ചെത്തിയും ചെമ്പരത്തിയുമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചെമ്പരത്തി ഇതളുകൾ അടർത്തിയും ചെത്തിപ്പൂവ് കുലയിൽ നിന്ന് അടർത്തിയും ഉപയോഗിക്കുന്നു.

  തുടർന്നുള്ള ഓരോ ദിവസങ്ങളിലും പൂക്കൾ കൊണ്ടുള്ള ചുറ്റുകളുടെ എണ്ണം കൂടും. രാജമല്ലി, ശംഖുപുഷ്പം, മന്ദാരം തുടങ്ങിയ പൂക്കൾ ഇതിനായി ഉപയോഗിക്കുന്നു. ഉത്രാടദിവസമാണ് ഏറ്റവും മനോഹരമായ പൂക്കളം തയ്യാറാക്കുന്നത്.

  പൂപ്പടയും കുടകുത്തലും
  അഞ്ചാം ദിവസം മണ്ണുകൊണ്ട് തറയുണ്ടാക്കി അടിച്ചുറപ്പിച്ച് അതില്‍ ചാണകം മെഴുകി പൂപ്പടയുണ്ടാക്കുന്നു. ഇതിന്റെ മധ്യഭാഗത്ത് കമുകിൻ കഷ്ണം കൂർപ്പിച്ച് വാഴത്തടനാട്ടുന്നു. ചെമ്പരത്തി, മഞ്ഞക്കോളാമ്പി തുടങ്ങിയ പൂക്കള്‍ പച്ച ഈർക്കിൽ വൃത്തിയായി ചീകി അതിൽ മനോഹരമായി കോർത്തെടുത്ത് വാഴത്തടയിൽ കുത്തി നിർത്തുന്നു. ഇതിനെ കുടകുത്തൽ എന്നാണ് പറയുന്നത്. ഓരോ ദിവസം കഴിയുന്തോറും കുടകളുടെ എണ്ണവും കൂടുന്നു.

  തൃക്കാക്കരയപ്പനും മാതേവരും
  തിരുവോണ നാളിൽ പൂക്കളം ഒരുക്കാറില്ല. മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെയും മാതേവരെയും ഒരുക്കുന്നു. അരിമാവും തുമ്പക്കുടവും കൊണ്ട് ഇത് അലങ്കരിക്കുന്നു. പൊങ്കാലയിട്ട് ഇത് ഓണത്തപ്പന് നിവേദിക്കുന്നു. അതിനു ശേഷം പൂക്കളം പൊളിക്കുന്നു. ഓണസദ്യയും ഓണക്കളികളുമായി തിവോണം ആഘോഷമാക്കുന്നു.
  First published: