കൊച്ചി: സി. പി. എം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ നടപടിക്ക് വിധേയനായ മുതിർന്ന കോൺഗ്രസ് നേതാവ് കെ. വി. തോമസ് (KV Thomas) തൃക്കാക്കര തിരഞ്ഞെടുപ്പിൽ (Thrikkakkara By-Election) താൻ ഇടതുപക്ഷ നിലപാടിനൊപ്പമാണെന്ന സൂചന നൽകി. ഉമ്മയും പി. ടി. തോമസും തൻ്റെ കുടുംബ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പ്രധാനമായും ചർച്ചയാവുക. തിരഞ്ഞെടുപ്പിൽ താൻ വ്യക്തിക്കൊപ്പമല്ല വികസനത്തിനൊപ്പമാണെന്നും കെ. വി തോമസ് വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കണമെന്നാണ് തൻ്റെ നിലപാട്. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എക്സ്പ്രസ് ഹൈവേയും, സിൽവർ ലൈനും. അത് ഏറ്റെടുത്ത് നടപ്പാക്കുവാൻ കോൺഗ്രസിന് കഴിയുന്നില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. യോജിപ്പാണ് വേണ്ടത്. അതിനാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണ്. തൃക്കാക്കരയിൽ മത്സരം കടുത്തതായിരിക്കും. താനോ തൻ്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലുമോ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
എല്‍. ഡി. എഫി ന്റെ (LDF) ലക്ഷ്യം നൂറു സീറ്റിലേക്ക് എത്തുകയെന്നതാണെന്ന് മന്ത്രി പി രാജീവ് (Minister P Rajeev) പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. വികസനത്തിനൊപ്പം നിൽക്കുന്ന എല്ലാവരെയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് കൂടെ കൂട്ടും. ഇത് കെ. വി. തോമസിൻ്റെ നിലപാടിനൊപ്പമുള്ള പിന്തുണ കൂടിയാണ്.
സിൽവർ ലൈൻ പദ്ധതിയടക്കം ചർച്ച ചെയ്യപ്പെടുന്നത് നല്ല കാര്യമാണ്. സില്‍വര്‍ ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു. ഇന്നത്തെ സാഹചര്യവും വികസനത്തിന്റെ കാഴ്ച്ചപ്പാടും മുന്‍നിര്‍ത്തി എല്‍. ഡി. എഫിനൊപ്പം അണിചേരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി. ജെ. പി- കോണ്‍ഗ്രസ് വികസനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു. മഹാരാഷ്ട്രയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ അതിവേഗ ട്രെയിന്‍ നടപ്പാക്കുന്നു. എന്നാല്‍ ഇതൊന്നും കേരളത്തില്‍ പാടില്ലെന്ന് ഇരുകൂട്ടരും വാദിക്കുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെ റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരളത്തിന്റെ ഹൃദയമായി മാറാന്‍ പോവുകയാണ്. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസെന്ന് പി രാജീവ് പറഞ്ഞു.
പി. ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.
മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31- ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KV Thomas, Thrikkakara By-Election