• HOME
 • »
 • NEWS
 • »
 • kerala
 • »
 • PC George | 'ഞാൻ ആരെയും കൊന്നിട്ടില്ല, കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല, കൈയും വെട്ടിയിട്ടില്ല': പി സി ജോർജ്

PC George | 'ഞാൻ ആരെയും കൊന്നിട്ടില്ല, കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല, കൈയും വെട്ടിയിട്ടില്ല': പി സി ജോർജ്

'എന്നെ അറസ്റ്റ് ചെയ്യുവാൻ തീരുമാനമെടുത്ത നാൾ മുതൽ പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഒന്നാമത്തെ ഫലം ജൂൺ മൂന്നിന് ഉണ്ടാകും'

 • Share this:
  തിരുവനന്തപുരം: കണ്മുന്നിൽ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന പൗര ധർമ്മമാണ് നിറവേറ്റുന്നതെന്ന് കേരള ജനപക്ഷം (സെക്യൂലർ) ചെയർമാൻ പി സി ജോർജ്. മഹാരാജാസ് കോളേജിൽ വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയ പിന്നോക്ക സമുദായക്കാരനായ എസ്.എഫ്.ഐ നേതാവ് അഭിമന്യു എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയവരുടെ തോളിൽ കൈയിട്ട് കൊണ്ടാണ് പിണറായി വിജയൻ തന്നെ വർഗീയവാദിയെന്ന് വിളിക്കുന്നതെന്ന് പി സി ജോർജ് പ്രസ്താവനയിൽ പറഞ്ഞു. 'എന്നെ അറസ്റ്റ് ചെയ്യുവാൻ തീരുമാനമെടുത്ത നാൾ മുതൽ പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഒന്നാമത്തെ ഫലം ജൂൺ മൂന്നിന് ഉണ്ടാകും. അതിന് ശേഷം പിണറായിക്ക് തിരിച്ചടികളുടെ കാലം ആയിരിക്കും'- പി സി ജോർജ് വ്യക്തമാക്കി.

  പി സി ജോർജിന്‍റെ പ്രസ്താവനയുടെ പൂർണരൂപം

  മഹാരാജാസ് കോളേജിൽ വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയ പിന്നോക്ക സമുദായക്കാരനായ എസ്.എഫ്.ഐ നേതാവ് അഭിമന്യു എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയവരുടെ തോളിൽ കൈയിട്ട് കൊണ്ടാണ് പിണറായി വിജയൻ പി.സി ജോർജ്ജിനെ വർഗീയവാദി എന്ന് വിളിക്കുന്നത്...

  എന്റെ കണ്മുന്നിൽ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന പൗര ധർമ്മമാണ് ഞാൻ നിറവേറ്റുന്നത്. അത് ഒരു പൊതുപ്രവർത്തകന്റെ കടമയാണ്...

  ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്ന് വരുത്തി തീർത്ത് സമുദായത്തിന്റെ വോട്ട് അപ്പാടെ കൈക്കലാക്കാനാണ് ഇവിടെ ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നത്..

  തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലും, വെണ്ണലയിൽ നടത്തിയ പ്രസംഗത്തിലും ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് സാമൂഹിക തിന്മകളെയാണ്.
  അതിനെ വർഗീയ വൽക്കരിക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തത് വഴി ഏറ്റവും വലിയ പ്രീണനം നടത്തിയതും,വർഗീയ ചേരി തിരിവിലൂടെ തൃക്കാക്കരയിൽ വോട്ടുകൾ വിഭജിച് ജയിക്കുവാനുള്ള തന്ത്രം മെനഞ്ഞ് പിണറായി നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് എന്റെ അറസ്റ്റ്..

  Also Read- PC George | പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് പൊലീസ്

  യഥാർത്ഥത്തിൽ വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം അതേപടി കേരളത്തിൽ നടപ്പാക്കുകയാണ് പിണറായി. 2016-ലെ തിരഞ്ഞെടുപ്പിലും,2021-ലെ തിരഞ്ഞെടുപ്പിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. 2014 ന് ശേഷം ഇപ്പോൾ എൽഡിഎഫിലും യുഡിഎഫിലും അല്ലാതെ കൂണ് പോലെ മുളച്ചു പൊങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികൾ പിണറായിയുടെ ബി ടീം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൽ പല പാർട്ടിയുമായുള്ള പിണറായിയുടെ അന്തർധാര സജീവമാണ് താനും..

  ഏതാനും ദിവസങ്ങൾ മുമ്പ് സംഘർഷഭരിതമായ എസ്ഡിപിഐ - ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട ആലപ്പുഴയുടെ മണ്ണിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം നടത്താൻ അനുമതി നൽകരുതെന്ന് ഇന്റലിജൻസും, ജില്ലാകളക്ടറും പറഞ്ഞിട്ടും തൃക്കാക്കര വോട്ട് ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപ്പെട്ടാണ് അനുമതി നൽകിയത്. ആ പിണറായി വിജയനാണ് എന്നെ വർഗീയവാദി എന്ന് വിളിക്കുന്നത്..

  തൃക്കാക്കര തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ വസ്തുത തൃക്കാക്കരയെ ജാതിയുടെയും, മതത്തിന്റെയും, വർഗ്ഗത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നു എന്നതാണ്...
  സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിൻ, ലാറ്റിൻ വീടുകളിൽ ആന്റണി രാജു, ഈഴവ വീടുകളിൽ മണിയാശാൻ, മുസ്ലിം വീടുകളിൽ റിയാസും, അഹമ്മദ് ദേവർകോവിലും അങ്ങനെ തൃക്കാക്കരയെ വർഗ്ഗീയമായി ചേർത്തിരിക്കുന്ന പിണറായി ആണോ എന്നെ വർഗീയവാദി എന്ന് വിളിക്കുന്നത്...

  2016-ലെ തിരഞ്ഞെടുപ്പിൽ എനിക്ക് പിന്തുണ നൽകുകയും.. രണ്ടു വർഷത്തോളം എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു ഇവർ ഇന്ത്യാ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ലാ. "കൂടെ കിടന്നവനെ രാപ്പനി അറിയൂ"

  കമ്മ്യൂണിസ്റ്റുകാരനായ എസ്.എഫ്.ഐ -കാരനായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇനി ഇവരുമായി ബന്ധമില്ലെന്ന് ഞാൻ പറഞ്ഞത്.. ആ എന്നെ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയവാദി എന്ന് വിളിക്കുന്നത്..

  കെഎസ്ആർടിസി കടക്കെണിയിൽ,ശമ്പളം കൊടുക്കാൻ കാശില്ല എന്ന് ധനകാര്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന.. ഇത് ഉൾപ്പെടെ നിലനിൽക്കുന്ന ദിവസം അമേരിക്കയിൽ നിന്ന് തിരികെ വന്ന പിണറായി വിജയൻ ആദ്യം വിളിച്ചുചേർത്തത് പി.സി ജോർജിനെ എങ്ങനെ അറസ്റ്റ് ചെയ്യാം എന്ന് ആലോചിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ആണ്..

  ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയിലും,ഇന്ത്യൻ നിയമ വ്യവസ്ഥയേയും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ..

  പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞ പത്ത് ഇരുപത് ദിവസമായി മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പി സി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനുമായി മത്സരിക്കുകയായിരുന്നു..

  " പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയുമായി എന്ന അവസ്ഥയുമായി" നിൽക്കുന്ന കോൺഗ്രസിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചതിനു ശേഷം മാത്രമേ വി.ഡി. സതീശൻ അടങ്ങൂ എന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം കൊണ്ട് തന്നെ യുഡിഎഫിന് ഉള്ളിൽ വി.ഡി.സതീശനെ കണ്ടാൽ മിണ്ടുന്ന എംഎൽഎ മാരുടെ എണ്ണം കയ്യിൽ എണ്ണുന്നതിനും താഴെയാണ്.. കോൺഗ്രസിന്റെ 65 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷനേതാവാണ് വി. ഡി. സതീശൻ.എനിക്ക് സതീശനെക്കുറിച്ച് ഇനിയും പറയാനുണ്ടെന്ന് സതീശന് അറിയാം അത് എന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് സതീശന് നല്ലത്..

  വർഗീയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് എങ്ങനെയും അധികാരം നിർത്തുക എന്ന ലക്ഷ്യം മാത്രമാണ് പിണറായി വിജയനും,വി ഡി സതീശനും ഉള്ളത്.അതിനുവേണ്ടി ഈ നാടിനെയും ഈ നാടിന്റെ മതസൗഹാർദത്തെയും അവർ ഒറ്റുകൊടുക്കുന്നു.കാലം നിങ്ങൾക്ക് മാപ്പ് തരില്ല..

  ഇന്ത്യാ മഹാരാജ്യത്തെ സ്നേഹിക്കാത്ത ഈ രാജ്യത്തിന്റെ അഖണ്ഡതയെ ബഹുമാനിക്കാത്ത വർഗീയ, തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് രാജ്യസ്നേഹികളായ നിങ്ങൾ ഓരോരുത്തരുടെയും സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്ന്
  അഭ്യർത്ഥിക്കുന്നു..

  എന്നെ അറസ്റ്റ് ചെയ്യുവാൻ തീരുമാനമെടുത്ത നാൾ മുതൽ പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഒന്നാമത്തെ ഫലം ജൂൺ മൂന്നിന് ഉണ്ടാകും. അതിന് ശേഷം പിണറായിക്ക് തിരിച്ചടികളുടെ കാലം ആയിരിക്കും...
  Published by:Anuraj GR
  First published: