മലബാർ കലാപത്തിൽ പങ്കെടുത്ത വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും ഉൾപെടെ 387 പേരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം ഏറെ വിവാദമായിരുന്നു. കേരളത്തിൽ ഇടതു വലതു മുന്നണികൾ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് നിലപാടിൽ നിന്ന് പിന്നോട്ട് ഇല്ല എന്ന പ്രതികരണവുമായി ചരിത്ര ഗവേഷണ കൗൺസിൽ അംഗം സി ഐ ഐസക്ക് രംഗത്തുവരുന്നത്. ന്യൂസ് 18 അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സിഐ ഐസക് നിലപാട് വിശദീകരിക്കുന്നത്.
കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വാരിയംകുന്നൻ ഉൾപ്പെടെയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് സിഐ ഐസക്ക് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കോടതിയിൽ അടക്കം വാരിയൻ കുന്നൻ നടത്തിയ പരാമർശങ്ങൾ പ്രധാനപ്പെട്ടത് ആണെന്നും സി ഐ ഐസക്ക് ചൂണ്ടിക്കാട്ടുന്നു. ഒരു മതവിഭാഗത്തിന് എതിരെ കൃത്യമായ ആക്രമണമാണ് മലബാർ ലഹള യുടെ ഭാഗമായി ഉണ്ടായത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി തുടക്കം കുറിച്ച് കലാപം പിന്നീട് മത രാജ്യ സ്ഥാപനത്തിനായി ശ്രമിച്ചതായി സി ഐ ഐസക്ക് ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ ഇതൊരു സ്വാതന്ത്ര്യസമരമായി കാണാനാകില്ല. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടമല്ല അവിടെ ഉണ്ടായത്. ബ്രിട്ടീഷ് പൊലീസ് സംഭവത്തിൽ ഇടപെട്ടത് സ്വാതന്ത്ര്യ സമരത്തിന്റെ പേരിലല്ല. മറിച്ച് ക്രമസമാധാന പ്രശ്നം എന്ന പേരിൽ ആണെന്നും സിഐ ഐസക്ക് ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാരുമായി നേരിട്ട് ഏറ്റുമുട്ടി മരിച്ചവരുടെ എണ്ണം ഇതിൽ പകുതി മാത്രമാണ് എന്നും സി ഐ ഐസക് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ കളികളാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന ആരോപണത്തെ യും ചരിത്ര ഗവേഷണ കൗൺസിൽ അംഗം തള്ളിക്കളയുന്നു. കേരളത്തിൽ ബിജെപി സർക്കാരിന് എന്തെങ്കിലും പ്രത്യേക താൽപര്യം ഉണ്ടാകില്ല എന്നാണ് തോന്നുന്നത്. നിലവിൽ ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. അടുത്തകാലത്ത് കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് കരുതാനും വയ്യ. അതുകൊണ്ടുതന്നെ രാഷ്ട്രീയ ആരോപണങ്ങൾക്ക് യുക്തിയില്ല എന്നും ഐസക് മറുപടി നൽകുന്നു. എം ജി എസ് നാരായണൻ ഉൾപ്പെടെയുള്ള ചരിത്രപണ്ഡിതന്മാർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകളും അംഗീകരിക്കാനാവില്ല.
മലബാർ ലഹള സ്വാതന്ത്ര്യ സമരം അല്ല എന്ന പുസ്തകം എഴുതിയ ആളാണ് എം ജി എസ് നാരായണൻ. കർഷകസമരം അല്ല ഉണ്ടായത് എന്നും അദ്ദേഹം ആ പുസ്തകത്തിൽ വിശദീകരിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ ചരിത്ര ഗവേഷണ കൗൺസിൽ എടുത്തിരിക്കുന്ന കണ്ടെത്തൽ എന്നും സി ഐ ഐസക് പറയുന്നു. രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഇല്ല എന്നും ഐസക് വ്യക്തമാക്കി. വൈകാതെ ചരിത്ര ഗവേഷണ കൗൺസിൽ സിറ്റിംഗ് ഉണ്ടാകും. ഡിസംബറിൽ അന്തിമ സിറ്റിംഗ് നടത്തി ഇപ്പോൾ എടുത്തിരിക്കുന്ന നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.