ആലപ്പുഴ: 2024ൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കും എന്നാണ് പ്രഖ്യാപനം. ബിജെപിയെ മാറ്റി നിർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജെഎസ്എസ് നേതാക്കൾ സി പി എമ്മിൽ ചേരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ചരിത്രത്തെ മാറ്റുന്നു, പാഠ്യ പദ്ധതികളിൽ മാറ്റം വരുത്തുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുഗൾ സാമ്രാജ്യത്വത്തെക്കുറിച്ച് പഠിപ്പിക്കാൻ പാടില്ല എന്ന് പറയുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കുള്ളത് സവർക്കർക്ക് മാത്രം എന്നാണ് പ്രചാരണം. ദേശീയ സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രമാണെന്ന് സി പി എമ്മിന് അഭിപ്രായമില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രക്തസാക്ഷിത്വം വരിച്ച നിരവധി ആളുകളുണ്ട്. ഭഗത് സിംഗും, ചന്ദ്രശേഖർ ആസാദും ,സുബാഷ് ചന്ദ്ര ബോസുമടക്കം രക്തസക്ഷികളുടെ പ്രവർത്തനഫലമായി കൂടിയാണ് സ്വാതന്ത്ര്യമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മഹാത്മാ ഗാന്ധി മാത്രം നടത്തിയ പരിശ്രമത്തിന്‍റെ ഭാഗമായല്ല ദേശീയ സ്വാതന്ത്ര്യം. എം വി ഗോവിന്ദൻ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. കർണാടക റിസൾട്ട് നാളെ അറിയാം. ജയിച്ചാൽ തന്നെ ഭരിക്കാൻ കഴിയുമോ എന്നുറപ്പില്ല. കോഴി തൂവലിന്റെ ഉള്ളിൽ നിർത്തുന്നത് പോലെ എംഎൽഎമാരെ നിർത്തണം. റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റേണ്ടി വരും. അല്ലെങ്കിൽ കോടികൾ കൊടുത്ത് ബിജെപി കൊണ്ടുപോകും. അതുകൊണ്ട് തന്നെ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് തന്നെ ബിജെപിയിലേക്ക് പോകും എന്നാണ് പറയുന്നത്. അനിൽ ആന്റണിയെ കോൺഗ്രസ് ആക്കാൻ എ കെ ആന്‍റണിക്ക് പറ്റിയില്ല. കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രം. ലീഗ് ഇല്ലാതായാൽ കോൺഗ്രസിന്റെ അവസ്ഥ എന്താകും. ലീഗ് ഇല്ലെങ്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധി പോലും ജയിക്കില്ല. കൊടി ഉപയോഗിക്കരുത് എന്ന് പറഞ്ഞതോടെ കഴിഞ്ഞ തവണ വയനാട്ടിൽ ലീഗ് പ്രവർത്തകർ പങ്കെടുത്തില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജനങ്ങൾ അംഗീകരിക്കാത്ത ഒരു നിലപാടും പാർട്ടി അംഗീകരിക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കുള്ളിലെ തെറ്റുതിരുത്തൽ പ്രക്രിയ തുടരുന്നു. തെറ്റായ നിരവധി പ്രവണതകൾ മുളയിലെ നുള്ളിക്കളയണം. അവരെയും രക്ഷിക്കണം, പാർട്ടിയെയും രക്ഷിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Cpm, Kerala, MV Govindan