കോട്ടയം: കേരള കോൺഗ്രസ് എമ്മിന് കടുത്ത പ്രതിസന്ധി ഉയർത്തി കൊണ്ടാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കെ എം മാണിക്കെതിരെ ഇന്ന് നിലപാട് വ്യക്തമാക്കിയത്. കെ എം മാണി അഴിമതിക്കാരനാണെന്ന് എന്നായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞത്. കെഎം മാണി അഴിമതിക്കാരൻ ആയത് കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വന്നത്. ബജറ്റ് തടസ്സപ്പെടുത്തിയ സാഹചര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു അഭിഭാഷകൻ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
നിയമസഭയിലെ കയ്യാങ്കളി കേസ് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഈ നിലപാട് വ്യക്തമാക്കിയത്. കേസിൽ നിന്ന് രക്ഷപ്പെടാൻ ആണെങ്കിലും ഏറെ രാഷ്ട്രീയ മാനങ്ങളുള്ള പരാമർശമാണ് അഭിഭാഷകൻ കോടതിയിൽ നടത്തിയത്. പ്രതിപക്ഷം ഇതിനകം തന്നെ ഇത് ആയുധമാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആണ് മുൻ കേരള കോൺഗ്രസ് നേതാവും കേരള ജനപക്ഷം സെക്കുലർ ചെയർമാനുമായ പിസി ജോർജ് ജോസ് കെ മാണിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.
ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിന് നൽകിയ പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
"കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്. പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സി.പി.എമ്മിനൊപ്പം ഇനി നില്‍ക്കില്ലെന്നാണ് ജോസ് കെ.മാണി തീരുമാനിക്കേണ്ടത്. അതിനുള്ള ധാര്‍മിക ഉത്തരവാദിത്തം ജോസ് കെ. മാണിക്കുണ്ട്." പിസി ജോർജ് പറഞ്ഞു. രാഷ്ട്രീയമായ ജോസ് കെ മാണിക്ക് മുന്നിൽ വലിയ സമ്മർദം ആയി മാറുകയാണ് പ്രതിപക്ഷത്തുള്ള കേരള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
കെ.എം മാണിയോട് സ്നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാവണം എന്നും പിസി ജോർജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കെഎം മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. നേരത്തെ ജോസ് കെ മാണി ഇടതുമുന്നണിയിൽ ചേർന്നപ്പോഴും കോൺഗ്രസും പ്രതിപക്ഷത്തുള്ള കേരള കോൺഗ്രസ് നേതാക്കളും ഇതേ നിലപാടായിരുന്നു ആരോപിച്ചിരുന്നത്.
ഇടതുമുന്നണി എക്കാലവും കെഎം മാണിയെ അഴിമതിക്കാരൻ എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെയുള്ള ഇടതുപക്ഷത്തിനൊപ്പം ജോസ് കെ മാണി ചേരുന്നത് മാണിയെ അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഇടതു സർക്കാരിൽ നിന്ന് സമാനമായ നിലപാട് കോടതിയിൽ വന്നതോടെ ജോസ് കെ മാണി വീണ്ടും പ്രതിസന്ധിയിലായി.
നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ നിലപാട് എടുത്തേക്കും. സംസ്ഥാന സർക്കാരിനെയും ഇടതു നേതൃത്വത്തെയും പ്രതിഷേധം അറിയിക്കാനാണ് ജോസിന്റെ നീക്കം. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങൾ ഉണ്ടാക്കുന്ന വിഷയത്തിനാണ് തുടക്കമായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.