HOME /NEWS /Kerala / കുട്ടിപ്പൊലീസിന്റെ അമരക്കാരൻ, പ്രധാനമന്ത്രി പോലും പ്രശംസിച്ച പൊലീസ് ഉദ്യോഗസ്ഥൻ; ഐജി പി. വിജയനെതിരെ നടപടി എന്തിന്?

കുട്ടിപ്പൊലീസിന്റെ അമരക്കാരൻ, പ്രധാനമന്ത്രി പോലും പ്രശംസിച്ച പൊലീസ് ഉദ്യോഗസ്ഥൻ; ഐജി പി. വിജയനെതിരെ നടപടി എന്തിന്?

കേരള പൊലീസിന് എക്കാലവും അഭിമാനിക്കാവുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥൻ

കേരള പൊലീസിന് എക്കാലവും അഭിമാനിക്കാവുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥൻ

കേരള പൊലീസിന് എക്കാലവും അഭിമാനിക്കാവുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥൻ

 • News18 Malayalam
 • 2-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

  തിരുവനന്തപുരം: ഉദ്യോഗ മികവിന് ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും പ്രശംസ നേടിയിട്ടുള്ള കേരള പൊലീസിന്റെ അഭിമാനമായ ഉദ്യോഗസ്ഥനാണ് ഐജി പി വിജയൻ. എന്നാൽ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. എഡിജിപി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.

  ആരാണ് പി. വിജയൻ?

  കേരള പൊലീസിന് എക്കാലവും അഭിമാനിക്കാവുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥൻ. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും അതിൽ ചിലതുമാത്രം. നിയമം, അച്ചടക്കം, പൗരബോധം, എങ്ങനെ ഒരു നല്ല പൗരനാകാം എന്നിവയെക്കുറിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്റെ ആശയങ്ങളായിരുന്നു.

  കാസർഗോഡ്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളില്‍ പൊലീസ് മേധാവിയായും കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഡിഐജി (ആംഡ് പൊലീസ് ബന്‍.), ഡിഐജി (ഇന്റലിജന്‍സ്), ഡിഐജി (പരിശീലനം), ഐജിപി (കൊച്ചി റേഞ്ച്) എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള സ്‌റ്റേറ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ ടീം ലീഡറും ‘ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ (സിഎപി) പദ്ധതിയുടെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറും ആയിരുന്നു.

  Also Read- ഐജി പി.വിജയനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു

  ‌കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കേയായിരുന്നു ഈ സംവിധാനം തുടങ്ങിയത്.

  ശബരിമലയിൽ സ്പെഷ്യൽ ഓഫീസറായിരുന്ന വേളയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച പരിപാടി സംഘടിപ്പിക്കാൻ വിജയന് സാധിച്ചു. പുണ്യം പൂങ്കാവനം എന്ന പദ്ധതിയെ ഹൈക്കോടതി പോലും പ്രശംസിച്ചത് ഈ ഉദ്യോഗസ്ഥന്റെ ആത്മാർത്ഥയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു.

  ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഇടതുമുന്നണി സർക്കാർ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പി വിജയന്റെ നേതൃപാഠവം ഏറെ പ്രശംസിക്കപ്പെട്ടു. പതിനായിരങ്ങൾ അണിനിരന്ന സമരത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശംസ നേടിക്കൊണ്ടാണ് പൊലീസിന്റെ ഇടപെടൽ ഈ സമരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെയും സമരക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ വിജയൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചിരുന്നു.

  പത്താം ക്ലാസിൽ തോൽവി, പക്ഷേ….

  കോഴിക്കോട് പുത്തൂര്‍ മഠത്തില്‍ കൂലിപണിക്കാരനായ പി വേലായുധന്റെ മകനായി ജനിച്ച അദ്ദേഹത്തിന്റെ ഐപിഎസിലേക്കുള്ള യാത്രതന്നെ ഏവർക്കും പ്രചോദനമണ്. പത്താം ക്ലാസിൽ തോറ്റ വിജയൻ, തുടര്‍ന്ന് ചുമടെടുക്കാൻ പോയി. ഇതിനിടെ പത്രത്തിൽ വന്ന ഒരു വാർത്ത ജീവിതം മാറ്റിമറിച്ചു. പാവപ്പെട്ട വീട്ടിൽ നിന്നുള്ള വിദ്യാർത്ഥി ഐഎഎസ് നേടിയെന്ന വാർത്തയായിരുന്നു ഇത്. ഇന്നത്തെ ചീഫ് സെക്രട്ടറി വി പി ജോയിയെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്.

  പിന്നീട് അധ്യാപകന്റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിൽ ചേർത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ പാസായി. എഴുതിയ മിക്കവാറും എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും പാസായി.

  Also Read – ‘കൂടെ പോരുന്നോ?’ എന്ന ചോദ്യത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? അധ്യാപികയുടെ കുറിപ്പ് വൈറൽ

  ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസുമൊന്നും ലഭിച്ചില്ല. കേന്ദ്ര സർവീസിൽ ചെറിയൊരു ജോലി. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതി. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടയിൽ കോളജ് അദ്ധ്യാപകനായും ഒരു കൈ നോക്കി. വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതിയെങ്കിലും മാർക്ക് തീരെ കുറവായിരുന്നു. അടുത്തതവണ പരീക്ഷയെഴുതി ഐപിഎസ് നേടി.

  അഭിനന്ദനം, പുരസ്കാരങ്ങൾ

  സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ അഭിനന്ദിച്ചു.

  നടപടിക്ക് പിന്നിൽ

  എലത്തൂര്‍ കേസ് തുടക്കത്തില്‍ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു. ഇതിന്റെ ചുമതലയില്‍ ഐജി പി വിജയനായിരുന്നു. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. എലത്തൂര്‍ ട്രെയിന്‍ ഭീകര ആക്രമണ കേസിലെ പ്രതി ഷാരൂഖിനെ കേരളത്തിലേക്ക് കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്‌പെന്‍ഷന്‍. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എം ആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

  പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്ന പി വിജയൻ സിപിഎമ്മിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകൾ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിർപ്പിന് കാരണമായെന്നാണ് വിവരം.

  അനുകൂലിച്ചും പ്രതികൂലിച്ചും

  അതേസമയം, പി വിജയനെതിരായ നടപടിക്കെതിരെ പൊലീസ് സേനയിൽ തർക്കം ഉയരുന്നുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ വിജയന്റെ നടപടികൾ ഗുരുതര ചട്ട ലംഘനമെന്ന് മറു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പൊലീസിലെ ചേരിപ്പോരാണ് നടപടിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  First published:

  Tags: Kerala government, Kerala police, Kerala train fire