നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കളമശേരി മെഡിക്കൽ കോളജ്; ഇപ്പോഴുള്ള പരാതികൾ കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലെന്ന് ഐ ജി വിജയ് സാഖറെ

  കളമശേരി മെഡിക്കൽ കോളജ്; ഇപ്പോഴുള്ള പരാതികൾ കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലെന്ന് ഐ ജി വിജയ് സാഖറെ

  മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച സി കെ ഹാരിസിന്റെ മരണം സംബന്ധിച്ച് പല കോണിൽ നിന്നും ആരോപണം ഉയരുന്നുണ്ടെങ്കിലും പലതും വ്യക്തമായ പരാതികൾ അല്ല എന്നാണ് പൊലീസിൻറെ നിഗമനം

  Medical College

  Medical College

  • Share this:
  കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിലെ അനാസ്ഥ സംബന്ധിച്ച  പരാതിയിൽ പ്രാഥമിക അന്വേഷണം മൂന്നു ദിവസത്തിനകം പൂർത്തിയാകുമെന്ന് ഐ ജി വിജയ് സാഖറെ. ഇതിനു ശേഷം  കേസിൽ എഫ് ഐ ആർ  ഇടുമെന്നും അദ്ദേഹം പറഞ്ഞു.

  മെഡിക്കൽ കോളജിനെതിരെ ഇപ്പോഴുള്ള പരാതികൾ പലതും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ഇത് പോലുള്ള പരാതികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച  സി കെ ഹാരിസിന്റെ  മരണം സംബന്ധിച്ച്  പല കോണിൽ നിന്നും  ആരോപണം ഉയരുന്നുണ്ടെങ്കിലും പലതും  വ്യക്തമായ  പരാതികൾ അല്ല എന്നാണ് പൊലീസിൻറെ നിഗമനം. അതുകൊണ്ട് തന്നെയാണ്  ഇത് സംബന്ധിച്ച്  വസ്തുതാപരമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്.

  കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരായ പലരുടെയും മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. സൂപ്രണ്ട് ഡോക്ടർ പീറ്റർ വാഴയിൽ, ആർഎംഒ ഡോക്ടർ ഗണേഷ് മോഹൻ,  ഡോക്ടർ നജ്മ സലീം എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  കളമശ്ശേരി ഇൻസ്പെക്ടർ  പി ആർ സന്തോഷിനെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് നടത്തുന്നത്.

  വിവാദ വെളിപ്പെടുത്തൽ നടത്തിയ    നഴ്സിങ് ഓഫീസർ ജലജാ ദേവിയുടെ മൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
  നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തലിനു കാരണമായ വസ്തുതകളും അന്വേഷണ സംഘം ശേഖരിച്ചു. മരണപ്പെട്ട ഹാരിസ് ചികിത്സയിൽ ആയിരുന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ കോളജ് അധികൃതർ പൊലീസിന് കൈമാറി. ഇവരിൽ നിന്നും വിശദമായി മൊഴിയെടുക്കും.

  സൂം മീറ്റിംഗ് വിവരങ്ങൾ, ആശുപത്രിയുടെയും പ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ,  ഷിഫ്റ്റിൽ ചുമതല ജീവനക്കാരുടെ എണ്ണം, മരണപ്പെട്ട ഹാരിസ്  ഉപയോഗിച്ച വെന്റിലേറ്ററിന്റെ  വിശദാംശങ്ങൾ തുടങ്ങിയവയും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അതേ സമയം ആശുപത്രി ക്കെതിരായ വെളിപ്പെടുത്തലിനെ തുടർന്ന്  സൈബർ ആക്രമണം നേരിടുന്ന  ഡോ. നജ്മയുടെ പരാതിയും ഗൗരവത്തിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.  വരുംദിവസങ്ങളിൽ  ഇതിൽ മൊഴിയെടുപ്പ് പൂർത്തിയാക്കി   എഫ് ഐ ആർ സമർപ്പിക്കുന്നതോടെ   സംഭവത്തെക്കുറിച്ചുള്ള ചിത്രം പൂർണമാകും . ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്ന  സാഹചര്യത്തിൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഒരുഭാഗത്ത്  വിവിധ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നത്.
  Published by:Gowthamy GG
  First published: