ഓരോ പ്രദേശവും പ്രളയത്തിനു മുന്‍പും പിൻപും എങ്ങനെയെന്ന് അറിയാം; സംവിധാനവുമായി ഐഐഐടിഎം-കെ

News18 Malayalam
Updated: September 7, 2018, 2:43 PM IST
ഓരോ പ്രദേശവും പ്രളയത്തിനു മുന്‍പും പിൻപും എങ്ങനെയെന്ന് അറിയാം; സംവിധാനവുമായി ഐഐഐടിഎം-കെ
  • Share this:
തിരുവനന്തപുരം: കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തില്‍പെട്ട ഓരോ സ്ഥലത്തെയും പ്രളയസ്ഥിതിയും പൂര്‍വസ്ഥിതിയും സാധാരണക്കാര്‍ക്കുപോലും ഒറ്റയടിക്ക് മനസിലാകുന്ന തരത്തിലുള്ള ഭൗമ വിവര സംവിധാനം (ജിഐഎസ്) സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെ സ്വന്തമായി വികസിപ്പിച്ചെടുത്തു.

ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ ഏതു സ്ഥലവും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഈ വെബ്-ജിഐഎസ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഭൂപടം അടിസ്ഥാനപ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. ഇതിലെ സ്ലൈഡര്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കിയാല്‍ ഒരു നിശ്ചിത സ്ഥലത്തെ പ്രളയസ്ഥിതിയും അതിനുമുമ്പുള്ള സ്ഥിതിയും ഏറ്റവും ചെറിയ സ്ഥലത്തേയ്ക്കുപോലും മനസിലാക്കാനാവും. സ്ലൈഡറിന്‍റെ ഇടതുഭാഗത്ത് പ്രളയപൂര്‍വസ്ഥിതിയും വലത്ത് പ്രളയസ്ഥിതിയും കൃത്യമായി തെളിയും. കേരളത്തിലെ ഏത് സ്ഥലവും രേഖപ്പെടുത്താനുള്ള സെര്‍ച്ച് സംവിധാനവും ഇതിലുണ്ട്. പ്രളയചിത്രങ്ങള്‍ക്കായി 2018 ഓഗസ്റ്റ് 21 ലെ ഉപഗ്രഹചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രളയ പൂര്‍വചിത്രങ്ങള്‍ 2018 ഏപ്രില്‍ ഒന്‍പതിലേതാണ്.

പ്രളയ നഷ്ടപരിഹാരത്തിനുള്ള വ്യാജമായ അവകാശവാദങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ സഹായിക്കുമെന്നുള്ളതാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്ന് ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കോപ്പര്‍നിക്കസ്-സെന്‍റിനല്‍ ഉപഗ്രഹത്തില്‍നിന്ന് പൊതു സംവിധാനത്തിലേയ്ക്ക് മാറ്റിയ ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള വിവരങ്ങള്‍ ഫലപ്രദമായി സംസ്കരിച്ചെടുത്ത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഉപയോഗിച്ചതുകൊണ്ട് ആപ്ലിക്കേഷന്‍ ചെലവില്ലാതെ വികസിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജിഐഎസ് സംഘത്തലവനും ഐഐഐടിഎം-കെ അസിസ്റ്റന്‍റ് പ്രൊഫസറുമായ ടി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും ഈ ഉപഗ്രഹത്തിന്‍റെ സെര്‍ച്ച് സംവിധാനമില്ലാത്ത ഒരു ചിത്രം സ്വന്തം വെബ്സൈറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇത് മധ്യതിരുവിതാംകൂറിലെതുമാത്രമാണ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ മാപ് അടിസ്ഥാനമാക്കിയതും ഈ സംവിധാനം കേരളത്തിലാകമാനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും ചിത്രങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതും സെര്‍ച്ച് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞതുമാണ് ഐഐഐടിഎം-കെ ടീമിന്‍റെ മേന്‍മ. വിഷ്ണുകബില്‍, ലാല്‍ പ്രകാശ്, ശരത് സക്കറിയ, നിഷ വിജേഷ് എന്നിവരാണ് ഈ ടീമിലെ മറ്റ് അംഗങ്ങള്‍.

ആര്‍ക്കും http:/gis.iiitmk.ac.in/dev/keralafloods/index.html.എന്ന ലിങ്കിലേയ്ക്ക് പോയി ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. fb.com/iiitmk.tvm എന്ന ഫേസ്ബുക്ക് ലിങ്കില്‍ ദൃശ്യങ്ങളും ലഭിക്കും.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading