• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് മന്ത്രിയുടെ ആരോഗ്യ മേഖലയിലെ അജ്ഞത മൂലം'; IMA

'ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് മന്ത്രിയുടെ ആരോഗ്യ മേഖലയിലെ അജ്ഞത മൂലം'; IMA

കൈയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ  മാധ്യമവിചാരണക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടിയാകാമെന്ന് ഐഎംഎ

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

 • Last Updated :
 • Share this:
  തിരുവനന്തപുരം: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കൽ സൂപ്രണ്ടിനെ പരസ്യ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പൊതുജനങ്ങളുടെ മദ്ധ്യത്തിൽ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ പറഞ്ഞു.

  വസ്തുതകൾ ഇങ്ങനെയായിരിക്കെ മനപ്പൂർവ്വം ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് ആരോഗ്യമേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാകാമെന്ന് ഐഎംഎ പറയുന്നു. ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടർമാർ എന്ന അടിസ്ഥാന കാര്യം മന്ത്രി മറച്ചുവയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽ അരമണിക്കൂറിലേറെ സമയം സഹ രാഷ്ട്രീയക്കാരുമായി നടന്ന മന്ത്രിക്ക് ഏതെങ്കിലും സ്ഥലത്ത് നിന്ന് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാതെ നിൽക്കുന്ന ആൾക്കൂട്ടമോ കാണാനായിട്ടില്ല. ലഭിച്ച പരാതികൾ ഡോക്ടർമാർക്കു പരിഹരിക്കാൻ സാധ്യമായവയും അല്ല.

  Also Read-തിരുവല്ലാ താലൂക്കാശുപത്രിയിൽ ആരോഗ്യമന്ത്രി നടത്തിയത് 'ജനക്കൂട്ട വിചാരണ' പ്രതിഷേധവുമായി KGMOA

  മരുന്നു ക്ഷാമം എന്നത് ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നമല്ല. കേരളമൊട്ടാകെ സർക്കാർ ആശുപത്രികളിൽ  മരുന്ന് ക്ഷാമം രൂക്ഷമാണ്. കെ.എം.എസ്.സി.എൽ മരുന്ന് നൽകുന്നതിനുള്ള താമസമാണ് ഇതിനുള്ള കാരണം. ഒരു മെഡിക്കൽ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ നിലവിലില്ല. കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കൈയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ  മാധ്യമവിചാരണക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാം. ഇത് അനീതിയാണെന്നും പ്രതിഷേധാർഹമാണെന്നും ഐഎംഎ അറിയിച്ചു.

  ഒരു ആശുപത്രി സൂപ്രണ്ടിനെ വഴിയിൽ നിർത്തി മാധ്യമ വിചാരണക്കും പൊതു വിചാരണക്കും വിട്ടുകൊടുത്തത് സാമാന്യ മര്യാദക്കും മാന്യതക്കും നിരക്കുന്നതല്ല എന്നു മാത്രമല്ല ഡോക്ടർ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാണ്. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്കു നേരെ പലപ്പോഴും കണ്ണടക്കുന്ന ഭരണകൂടം ഇത്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിനു സമാനമാണ്.

  Also Read-'വീണാ ജോർജിന് ഫോണ്‍ അലർജി; ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല'; രൂക്ഷ വിമർശനവുമായി CPI

  സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാരിൽ നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. പി.എസ്.സി വെയ്റ്റിംഗ് ലിസ്റ്റിൽ 3000ത്തോളം ഡോക്ടർമാർ തൊഴിൽരഹിതരായി നിൽക്കുമ്പോഴും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നുള്ളത് ഈ മേഖലയിലെ പ്രശ്നങ്ങളുടെ രൂക്ഷത വർധിപ്പിക്കുന്നു. കേവലം ഒരു ഡോക്ടർ മാത്രമായി പ്രവർത്തിക്കുന്ന നാല് സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഉള്ളത്.

  നിലവിലുള്ള തസ്തികൾ വച്ച് ആരോഗ്യപ്രവർത്തകർക്ക് താങ്ങാവുന്നതിൽ അധികം ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഇനിയെങ്കിലും കാര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടു കണ്ട്, എന്തിനും ഏതിനും ഡോക്ടർമാരെ പഴിചാരി പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ, ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു ന്യായമായ പരിഹാരം കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
  Published by:Jayesh Krishnan
  First published: