തിരുവനന്തപുരം: കാന്‍സര്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചിക്തസയായ കീമൊതെറാപ്പിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റന്റ് ലഭിച്ച വിവരം അവർ തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്. മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിന്‍, കാന്‍സര്‍ കോശങ്ങളില്‍ എത്തിക്കുന്ന സാങ്കേതിക വിദ്യയായിരുന്നു ശ്രീചിത്ര വികസിപ്പിച്ചത്. കുര്‍ക്കുമിന്‍ വേഫര്‍ എന്നായിരുന്നു പേര് നല്‍കിയത്. ആല്‍ബുമില്‍, ഫൈബറിന്‍ എന്നീ ഘടകങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് കാന്‍സര്‍ കോശങ്ങളില്‍ കുര്‍ക്കുമിന്‍ എത്തിക്കുന്നതായിരുന്നു സാങ്കേതികവിദ്യ.
ഐഎംഎയുടെ എതിര്‍പ്പ്
ഇതിന് എതിരെയാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ രംഗത്തെത്തിയത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പേറ്റന്റ് കാന്‍സര്‍ കോശങ്ങളിലേക്ക് കുർക്കുമിന്‍ എത്തിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കുള്ള പേറ്റന്റ് മാത്രമാണ്. ഏതെങ്കിലും ഒരു പഠനത്തിന് പേറ്റന്റ് കിട്ടുന്നത് അത്തരം പഠനങ്ങളുടെ ഒരു ഘട്ടം മാത്രമാണ്. ഇത്തരം ചികിത്സാരീതികള്‍ മെഡിക്കല്‍ സമൂഹം അംഗീകരിക്കാന്‍ ഇനി ഏറെ ദൂരം പോകണം. അത് കീമോതെറാപ്പിക്ക് മുകളിലാണോ കീമോതെറാപ്പിയോടൊപ്പം ഉപയോഗിക്കേണ്ടതാണോ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ശക്തി എന്താണ് വീണ്ടും കാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുമോ എന്നൊക്കെ ആദ്യം മൃഗങ്ങളിലും തുടര്‍ന്ന് മനുഷ്യനിലും പരീക്ഷണങ്ങള്‍ നടത്തണം. അതിന് മുന്‍പ് ഇത് പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും മുന്‍ ഐഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫി നൂഹു പറഞ്ഞു.
മഞ്ഞള്‍ വ്യാജ വൈദ്യന്‍മാര്‍ ദുരുപയോഗം ചെയ്യും. ഈ അവസരത്തില്‍ കാന്‍സര്‍ വന്നവര്‍ ദേഹമാകെ മഞ്ഞള്‍ വാരിപ്പൂശിയാല്‍ മതി എന്ന് എതെങ്കിലും വ്യാജ വൈദ്യര്‍ പറഞ്ഞാല്‍, അതിന് ശ്രീചിത്ര പോലുള്ള ഒരു സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍തന്നെ പല അസുഖങ്ങള്‍ക്കും അത്ഭുത മരുന്നുകളുണ്ട് എന്ന അവകാശവാദവുമായി പലരും മുന്നോട്ടു വരുന്ന കാലഘട്ടമാണെന്നു ഓര്‍ക്കണമെന്നും സുല്‍ഫി നൂഹു പ്രതികരിച്ചു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം
സാങ്കേതിക വിദ്യമാത്രമാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. ശ്രീചിത്ര മഞ്ഞളില്‍ നിന്ന് കാന്‍സറിന് മരുന്ന് കണ്ടെത്തിയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണത്തിന് യുഎസ് പേറ്റന്റ് ലഭിച്ചത് ജനങ്ങളെ അറിയിക്കേണ്ട വിഷയം തന്നെയാണ്. സാങ്കേതികവിദ്യ വാണിജ്യ അടിസ്ഥാനത്തില്‍ ഏതെങ്കിലും കമ്പനിയ്ക്ക് കൈമാറിയാല്‍ പിന്നീട് ശ്രീചിത്രയ്ക്ക് ഇത് സ്വന്തം പേരില്‍ പ്രചരിപ്പിക്കാന്‍ കഴിയില്ല. അതിനാലാണ് ഇപ്പോള്‍ വാര്‍ത്ത കുറിപ്പ് നല്‍കിയത്. നിയമ ഉപദേശം അടക്കം തേടിയിട്ടാണ് തീരുമാനം എടുത്തതെന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോക്ടര്‍ ആശ കിഷോര്‍ പറഞ്ഞു.
Also Read- ഗവർണ്ണർ വാർഡ് വിഭജന ഓര്‍ഡിനൻസിൽ ഒപ്പിടില്ലെന്നെടുത്ത തീരുമാനം സ്ഥിരീകരിച്ച് മന്ത്രി എ.സി. മൊയ്തീൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cancer, IMA, Sree Chitra Tirunal Institute for Medical Sciences