പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിയെ ന്യായീകരിച്ച് IMA. കാര്യക്ഷമമായ ചികിത്സ നല്കിയാലും ചിലപ്പോൾ രോഗിയെ രക്ഷിക്കാൻ കഴിയാതെ വരാറുണ്ട്. ഈ സാഹചര്യം സമൂഹം മനസ്സിലാക്കണമെന്നും ഐഎംഎ പറയുന്നു.
അതേസമയം, സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ വ്യക്തമാക്കി. ഇപ്പോൾ ചികിത്സാപിഴവ് ഉണ്ടെന്ന് പറയാനാകില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും.
അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു.
ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേയാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച്ചയാണ് പ്രസവത്തിനിടെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. തുടർന്ന് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Also Read-
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധംജൂണ് 29നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്നു മുൻകരുതലായാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവം വൈകിയതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ഇവര്‍ ആരോപിച്ചു.
സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുക്കുകയും യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.