പാലാരിവട്ടം പാലം അഴിമതിയിലെ സുപ്രധാന രേഖകള്‍ പൊതുമരാമത്ത് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞ വ്യാഴാഴ്ച രേഖകള്‍ പിടിച്ചെടുക്കാന്‍ അന്വേഷണ സംഘം ഓഫീസിലെത്തിയപ്പോഴാണ് ഫയല്‍ കാണാതായതായി വ്യക്തമായത്.
കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്. മേല്‍പാലം നിര്‍മ്മാണത്തിനായി എട്ടേ കാല് കോടി രൂപ മുന്‍കൂര്‍ അനുവദിക്കണമെന്ന് കരാര്‍ കമ്പനിയായ ആര്.ഡി.എസ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടുരുന്നു. ഇതിന് പിന്നാലെയാണ് ആര്.ബി.ഡി.സി.കെ. എം.ഡി. മുഹമ്മദ് ഹനീഷ് തുക ആനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന് കത്ത് നല്‍കിയത്.
ഇതിന്മേലാണ് പൊതുമരാമത്ത് സെക്രട്ടറി പണം നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിറക്കാന്‍ മന്ത്രിയുടെ ഓഫീസ് അടക്കം സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുന്ന ഫയലുകളാണ് ഇപ്പോള്‍ കാണാതായത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ഫയല്‍ പിടിച്ചെടുക്കാന്‍ അന്വേഷണ സംഘം എത്തിയപ്പോഴാണ് ഫയലുകള്‍ അപ്രത്യക്ഷമായതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഫയല്‍ ഉടന്‍ നല്കാന് വിജിലന്‍സ് ഡയറക്ടര്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്കി.
ഫയല്‍ കാണാതായതില്‍ ഗൂഢാലോചനയുണ്ടോ എന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മുഹമ്മദ് ഹനീഷിന്റെ ശുപാര്‍ശ പ്രകാരം മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശാനുസരണമാണ് താന്‍ മുന്‍കൂര്‍ പണം അനുവദിച്ചതെന്ന് സൂരജ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് തേടുന്നത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി. ഒ. സൂരജ് രണ്ടാം വട്ടം നല്കിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് സൂരജ് അറസ്റ്റിലായത്. അന്വേഷണ സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്തു കഴിഞ്ഞതിനാല്‍ ഇനി റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഭാര പരിശോധന നടത്താതെ പാലം പൊളിക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജികളില്‍ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ടി.ഒ. സുരജ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഭാര പരിശോധനയും ജാമ്യവും തമ്മില്‍ ബന്ധമില്ലന്ന് കോടതി വ്യക്തമാക്കി. കേസിന്റെ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടില്ലന്നും പാലാരിവട്ടം അന്വേഷണസംഘം വിപുലീകരിച്ചതായിയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യ ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.