തിരുവനന്തപുരം: കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എം. സ്വരാജ് എം.എൽ.എ. സർക്കാരിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു അവിശ്വാസ പ്രമേയമിപ്പോള്‍ നടക്കുന്നുണ്ടെന്നും സോണിയ ഗാന്ധിയിലുള്ള ആ അവിശ്വാസം തെരുവില്‍ അടിപിടിയായിരിക്കുന്നുവെന്നും സ്വരാജ് പരിഹസിച്ചു.
മാന്യതയുടെ മുഖം മൂടി അണിഞ്ഞ യു.ഡി.എഫ്. തങ്ങളുടെ കാലത്തെ അഴിമതിയുടെ തീവെട്ടിക്കൊള്ളയെ പറ്റി മറന്ന് പോയി. പ്രമേയ അവതരണം നടത്തിയ വി.ഡി.സതീശന് പോലും അവരുടെ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിച്ചത് തീവെട്ടിക്കൊള്ളയെന്നാണ്. പക്ഷെ പ്രമേയാവതാരകന് ഈ അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരേ പോലും ആ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. അഴിമതി കൊടികുത്തി വാഴുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് നേതാവ് പോലും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അന്ന് വിമര്‍ശിച്ചത്. ഇന്നിവിടെ പ്രതിപക്ഷ നേതാവ് പോലും ഞങ്ങള്‍ക്കെതിരേ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ അത്ര അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതെിരേ ഉയര്‍ന്നിട്ടില്ല എന്ന് നിങ്ങള്‍ക്ക് തന്നെ അറിയുന്നത് കൊണ്ടാണ്. നിങ്ങളുടെ ആരോപണങ്ങളെയെല്ലാം പൊളിക്കാനുള്ള ഒരു വേദിയായി അവിശ്വാസ പ്രമേയം മാറിയതില്‍ നന്ദിയുണ്ടെന്നും സ്വരാജ് പറഞ്ഞു.
മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികളുടെ താവളമാകുന്നുവെന്ന് യുഡിഎഫ് ഭരിക്കുമ്പോള്‍ ഡിജിപി റിപ്പോര്‍ട്ട് നല്കി. സോളാര്‍ കേസില്‍, കുറ്റവാളികളുടെ ഓഫീസായോ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. വഴിയില്‍ പോയവന് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോഴെന്നും സ്വരാജ് പറഞ്ഞു.
ദുരന്തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് അതിലൂടെ അധികാരത്തിലേക്കെത്താന്‍ മാര്‍ഗം തെളിഞ്ഞുവരും എന്ന് പ്രതീക്ഷിക്കുന്നവരായി പ്രതിപക്ഷം മാറി. സാലറി ചലഞ്ചിനെ എതിര്‍ത്ത് കോടതിയില്‍ പോയി നാണം കെട്ടില്ലേയെന്നും സ്വരാജ് ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly, Cm pinarayi, Gold Smuggling Case, Ldf government, LIFE Mission, M swaraj, Non trust motion, Opposition, Pinarayi government, Swapna suresh, Vd satheeasan