News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 27, 2019, 5:02 PM IST
news18
ശബരിമലയിൽ വയോധികർക്ക് വരിനിൽക്കാതെ ദർശനം നടത്താനുള്ള സൗകര്യം ഈ മണ്ഡലകാലത്ത് തന്നെ ഒരുക്കുമെന്ന് വയോധികരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമസഭാ സമിതി. മുതിർന്ന പൗരൻമാർക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമെന്ന് സമിതി ചെയർമാൻ സി.കെ നാണു എം എൽ എ അറിയിച്ചു. നിയമസഭാ സമിതി അംഗങ്ങൾ പമ്പയിലെയും നിലയ്ക്കലിലെയും സൗകര്യങ്ങൾ വിലയിരുത്തി.
വയോധികരുടെ ക്ഷേമകാര്യങ്ങൾക്കായി രൂപീകരിച്ച സി.കെ നാണു എം എൽ എ യുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ നിയമസഭാ സമിതിയാണ് നിലയ്ക്കലിലേയും പമ്പയിലേക്കും ക്രമീകരണങ്ങൾ വിലയിരുത്തിയത്. വയോധികരായ തീർഥാടകർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തിയ സമിതി ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. പമ്പ മുതൽ സന്നിധാനം വരെയുള്ള ശരണപാതയിൽ വനനിയമങ്ങൾ പാലിച്ച് കൂടുതൽ താത്കാലിക ഇരിപ്പിടങ്ങൾ നിർമിക്കണമെന്ന് സമിതി നിർദേശിച്ചു. ചന്ദ്രാനന്ദൻ റോഡിൽ കൂടുതൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത് തീർഥാടകർക്ക് ഗുണകരമാകുമെന്നും സമിതി വിലയിരുത്തി. ദർശനത്തിനായി വയോധികർ മണിക്കൂറുകളോളം വരി നിൽക്കുന്നത് ഒഴിവാക്കാൻ ബദൽ സൗകര്യം ഒരുക്കുമെന്ന് സമിതി ചെയർമാൻ സി.കെ.നാണു പറഞ്ഞു.
Also Read- പമ്പയിലെ ഇളനീർ വിൽപ്പന വലിയ തോതിൽ കുറഞ്ഞു; കച്ചവടക്കാർ പ്രതിസന്ധിയിൽ
പമ്പാ സ്നാനത്തിന് ശേഷം സ്ത്രീകളായ തീർഥാടകർക്ക് വസ്ത്രങ്ങൾ മാറുന്നതിനും മറ്റുമായി കൂടുതൽ താത്കാലിക ഷെഡുകൾ നിർമിക്കണമെന്ന് ദേവസ്വം ബോർഡിനോട് സമിതി ആവശ്യപ്പെട്ടു. ഡോളി ചുമടുകാർ അമിത കൂലി ഈടാക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ സമിതി ഇതിനായി ഏകീകൃത സംവിധാനം ഒരുക്കണമെന്നും നിർദേശിച്ചു.സി.കെ.നാണു എം.എൽ.എക്ക് പുറമേ സമിതി അംഗങ്ങളായ ആർ.രാമചന്ദ്രൻ, ജോണ്‍ ഫെർണാണ്ടസ്, ഡോ.എൻ.ജയരാജ്, കെ.യു. അരുണൻ എന്നിവരും പരിശോധനയ്ക്ക് എത്തി.
First published:
November 27, 2019, 5:02 PM IST