ശബരിമല: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.
അതേസമയം, ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനമാണ് ഇത്തവണ ലഭിച്ചത്. 222.98 കോടി രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.
Also Read- ശബരിമല സന്നിധാനത്തു നിന്നും വീണ്ടും രാജവെമ്പാലയെ പിടികൂടി
ഈ സീസണിൽ ഇതുവരെയായി 29 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 70.10 കോടി രൂപ കാണിക്കയായുംലഭിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.
കൃത്യമായി 222,98,70,250 രൂപ നടവരുമാനവും 70,10,81,986 രൂപ കാണിക്കയുമായി ലഭിച്ചു. അരവണയ്ക്കും അപ്പത്തിനും എത്രവരവ് ഉണ്ടായെന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയില്ല.
Also Read- ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതല്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും
എത്തിയ 29,08,500 തീർത്ഥാടകരിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായവർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്.
ഒരുദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. സാധാരണയിൽ കൂടുതൽ നേരം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുമെന്നും അനന്തഗോപൻ പറഞ്ഞു.
നടവരവ് (ആദ്യത്തെ 39 ദിവസം)
2022- 222 കോടി
2021- 78.92 കോടി
2020- 9.09 കോടി
2019- 156 കോടി
2018- 105 കോടി
2017- 164 കോടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.