തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപാടിനെകുറിച്ച് കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ക്യാമറ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ സംബന്ധിച്ച മുഴുവൻ രേഖകളും ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആദായനികുതിവകുപ്പ് കെൽട്രോണിന് നിർദേശം നൽകി. മനോരമ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ശേഷമാണ് ആദായ നികുതി വകുപ്പിന്റെ 10 പേരടങ്ങുന്ന സംഘം കെൽട്രോണിൽ പരിശോധനയ്ക്കെത്തിയത്. കരാറും ഉപകരാറും സംബന്ധിച്ച മുഴുവൻ രേഖകളും ആവശ്യപ്പെട്ടെങ്കിലും കെൽട്രോൺ അധികൃതർ രണ്ടാഴ്ച സാവകാശം ചോദിച്ചു. മറ്റ് ഓഫീസുകളിൽ നിന്നു കൂടി രേഖകൾ ശേഖരിക്കണമെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ രേഖകളും ഹാജരാക്കണമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപകരാറിലെ ക്രമക്കേടുകളും അഴിമതി ആരോപണവും ഉയർന്ന സാഹചര്യത്തിലാണ് അക്കൗണ്ടന്റ് ജനറൽ (എജി) ഓഡിറ്റ് വിഭാഗവും കെൽട്രോണിൽ പരിശോധന നടത്തുന്നുണ്ട്. മൂന്ന് ഉദ്യോഗസ്ഥരെയാണു കെൽട്രോണിൽ ഇതിനായി എജീസ് ഓഫിസിൽ നിന്നു നിയോഗിച്ചിട്ടുള്ളത്.
Also Read- MV Govindan | AI ക്യാമറ വിവാദം; ആരോപണങ്ങൾക്ക് പിന്നിൽ കരാർ കിട്ടാതിരുന്ന കമ്പനികൾ: എം.വി. ഗോവിന്ദൻ
ഇവയ്ക്കെല്ലാം പുറമെ സംസ്ഥാന വിജിലൻസിന്റെയും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും അന്വേഷണങ്ങളും നടക്കുന്നുണ്ട്. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എം.മുഹമ്മദ് ഹനീഷ് നാളെ അന്വേഷണ റിപ്പോർട്ട് വ്യവസായ മന്ത്രിക്കു കൈമാറും. ഹനീഷിന് ആരോഗ്യവകുപ്പിലേക്കു മാറ്റമായതിനാലാണു റിപ്പോർട്ട് പരമാവധി വേഗത്തിൽ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.