കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന; സംശയാസ്പദമെന്ന് തോമസ് ഐസക്
കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന; സംശയാസ്പദമെന്ന് തോമസ് ഐസക്
ആദായനികുതി വകുപ്പിന്‍റേത് ശുദ്ധ തെമ്മാടിത്തരം ആണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഐ-ടി വകുപ്പിന്‍റെ ഈ നീക്കം സംശയാസ്പദമാണ്.
തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന മണിക്കൂറുകൾ പിന്നിട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. രാത്രിയോടെ ഇൻകംടാക്സ് കമ്മീഷണർ അടക്കം ഉന്നത ഉദ്യോഗസ്ഥരും കിഫ്ബി ആസ്ഥാനത്തെത്തിയിരുന്നു. അഞ്ചുവർഷത്തെ പദ്ധതികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പ് കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന.
കിഫ്ബി നിലവിൽ വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് കിഫ്ബി അധികൃതർ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഇക്കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ആദായനികുതി വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കരാറുകാർക്ക് പണം നൽകിയതിന്‍റെയും ഓരോ പദ്ധതിയുടെയും നികുതിയുടെയും വിശദാംശങ്ങൾ നൽകാനായിരുന്നു നിർദേശം. ഇവർ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുമെന്നാണ് പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് ആവർത്തിച്ച് കിഫ്ബി അഡ്മിനിസ്ട്രേറ്റിവ് മാനേജർ അറിയിച്ചത്.
അതേസമയം ആദായനികുതി വകുപ്പിന്‍റേത് ശുദ്ധ തെമ്മാടിത്തരം ആണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഐ-ടി വകുപ്പിന്‍റെ ഈ നീക്കം സംശയാസ്പദമാണ്. സംസ്ഥാനത്ത് വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്ന കിഫ്ബിയെ അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെക്കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചു കൊണ്ടുള്ള ഈ നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിൽ കിഫ്ബി നടപ്പാക്കിയ പദ്ധതികൾ, നികുതി കണക്കുകൾ, സാമ്പത്തിക ഉറവിടം, കരാറുകാർക്ക് നൽകിയ തുകകൾ തുടങ്ങിയവയാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധനയിൽ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കിടെ കിഫ്ബി ആസ്ഥാനത്ത് വിളിച്ചു വരുത്തിയിരുന്നു.
അതേസമയം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്‍റിന്‍റെ മറ്റൊരു അന്വേഷണവും തുടരുകയാണ്. കിഫ്ബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ചാണ് ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസർവ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.