HOME /NEWS /Kerala / കടിഞ്ഞാണില്ലാതെ സിമന്റ് വില: കമ്പനികൾക്ക് കേരളത്തിൽ നിന്ന് കിട്ടിയത് 24000 കോടി

കടിഞ്ഞാണില്ലാതെ സിമന്റ് വില: കമ്പനികൾക്ക് കേരളത്തിൽ നിന്ന് കിട്ടിയത് 24000 കോടി

News18

News18

നിര്‍മ്മാണ മേഖലയെ അടക്കം കടുത്ത പ്രതിസന്ധിയിലാക്കി വില കുതിച്ചുയരുമ്പോഴും ഇത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി : നിയന്ത്രണമില്ലാതെ സിമന്റ് വില കൂട്ടി നേട്ടം കൊയ്ത് കമ്പനികൾ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലാഭം കൊയ്യാനുള്ള ഇടമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് സിമന്റ് കമ്പനി ഉടമകള്‍. ഒരു ചാക്ക് സിമന്റിന് 50 മുതൽ 100 രൂപ വരെ കൂട്ടിയാണ് കേരളത്തിലെ വിൽപ്പന. 2008 മുതലാണ് സംസ്ഥാനത്ത് നിന്ന് ഇത്തരത്തിൽ കമ്പനികൾ കൊള്ള ലാഭം നേടിത്തുടങ്ങിയത്. സർക്കാരുകൾ മാറി വന്നിട്ടും ഇതിൽ മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇത്തരത്തിൽ കടിഞ്ഞാണില്ലാതെ വില വർധിപ്പിച്ച് കഴിഞ്ഞ പത്ത് വർഷത്തിനിടെ സിമന്റ് കമ്പനികൾ കേരളത്തിൽ നിന്ന് നേടിയത് 24000 കോടി രൂപയാണ്.

    Also Read-'മതിലു' പണിയുന്ന കേരളത്തിൽ സിമന്റ് വിലയിൽ വൻ വർധന

    സർക്കാർ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിനെ ഉപയോഗിച്ച് വിലക്കയറ്റം തടയുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും ഇവിടെയും 20 രൂപ കൂട്ടിയാണ് സിമന്റ് വിൽപ്പന നടത്തുന്നതെന്ന കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. ഏറ്റവും ഒടുവിലായി കമ്പനി ഉടമകളുമായി നടത്തിയ ചർച്ചയിൽ ലൈഫ് പദ്ധതിക്ക് സിമന്റ് സൗജന്യമായി നൽകണമെന്ന് മാത്രമാണ് സർക്കാർ ആവശ്യപ്പെട്ടത്. അല്ലാതെ വില വർദ്ധന സംബന്ധിച്ച ചർച്ച അന്ന് ഉണ്ടായിരുന്നില്ല.

    കേരളത്തിൽ 290 മുതൽ 340 രൂപ വരെ വിലയുണ്ടായിരുന്ന വിവിധ കമ്പനികളുടെ സിമന്‍റ് പാക്കറ്റിന് ഇപ്പോൾ 390 മുതൽ 440 രൂപ വരെയാണ് വില. തമിഴ് നാട്ടിൽ സർക്കാർ മേഖലയിലുള്ള അമ്മ സിമന്‍റ് 200 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ സംഘം ചേർന്ന് സിമന്റ് ഉത്പ്പാദനം കുറച്ച് പ്രതിസന്ധി സൃഷ്ടിച്ച ശേഷം സിമന്റിന് അമിത വില ഉയർത്തിയ കമ്പനികൾക്ക് കോംപെറ്റീഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യ 6,300 കോടി രൂപ പിഴയിട്ടിരുന്നു. 2008 മുതല്‍ 2012 വരെയുളള കാലയളവില്‍ വിലയിൽ കൃത്രിമം കാണിച്ചതിനായിരുന്നു പിഴ. അതേസമയം കടത്തു കൂലിയാണ് തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിൽ വില കൂടാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഒരു ബാഗ്‌ സിമെന്റ്‌ കേരളത്തില്‍ എത്തിക്കാന്‍ 75 രൂപ കടത്തുകൂലി വേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.

    Also Read-ജനമഹായാത്രയ്ക്ക് ഫണ്ടില്ല; 10 മണ്ഡലം കമ്മിറ്റികള്‍ കോൺഗ്രസ് പിരിച്ചുവിട്ടു

     നിര്‍മ്മാണ മേഖലയെ അടക്കം കടുത്ത പ്രതിസന്ധിയിലാക്കി വില കുതിച്ചുയരുമ്പോഴും ഇത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിയന്ത്രണമില്ലാതെ അടിക്കടി ഉണ്ടാകുന്ന വില വർധനയ്ക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിമന്റ് വ്യാപാരികളും നിര്‍മാണമേഖലയിലെ സംഘടനകളും.

    First published:

    Tags: Cement price hike, Construction zone in kerala, സിമന്‍റ് വില, സിമന്‍റ് വില കൂടി, സിമന്‍റ് വില കേരളത്തിൽ