കോഴിക്കോട്: എ.സി കോച്ചുകളിൽ കവർച്ച വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. പുതിയ എൽ.എച്ച്.ബി. കോച്ചുകളിൽ ക്യാമറ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. എ.സി. കോച്ചുകളുടെ ഇരു വാതിലുകളുടെയും വശങ്ങളിലായാണ് ക്യാമറ സ്ഥാപിക്കുന്നത്. ആദ്യം തേർഡ് എ.സി., സെക്കൻഡ് എ.സി കോച്ചുകളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. വൈകാതെ സ്ലീപ്പർ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ വരും. ട്രെയിനുകളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുന്ന ക്യാമറകളുടെ നിയന്ത്രണം റെയിൽവേ സോൺ അടിസ്ഥാനത്തിലായിരിക്കുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് കവർച്ചകളാണ് ട്രെയിനുകളിൽ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു ട്രെയിനിൽ വൻ കവർച്ച നടത്തിയ മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
Also Read- ട്രെയിൻ വരുന്നതിനിടെ നാലുവയസുകാരൻ അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് ഓടി; രക്ഷപെട്ടത് തലനാരിഴയ്ക്ക്
ജനുവരി 11-ന് ഷൊർണൂരിൽവെച്ച് മലബാർ എക്സ്പ്രസിലെ (16629) എ.സി. കോച്ചിൽ ഒരു കുടുംബത്തിന്റെ ബാഗ് മോഷ്ടിക്കപ്പെട്ടിരുന്നു. ബാഗിൽ പണവും സ്വർണവും ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുകളുണ്ടായിരുന്നു. സ്വർണവും പണവും നഷ്ടപ്പെട്ടു. ജനുവരി രണ്ടിനുണ്ടായ മറ്റൊരു സംഭവത്തിൽ നേത്രാവതി എക്സ്പ്രസിലെ (16345) എ.സി. കോച്ചിൽ ആറുലക്ഷം രൂപയും സ്വർണവും മോഷണം പോയത്. ഡോക്ടർ ദമ്പതിമാരാണ് കവർച്ചയ്ക്കിരയായത്. കാസർകോട്ട് എത്തിയപ്പോഴാണ് പണവും സ്വർണവും നഷ്ടമായ വിവരം ഇവർ അറിയുന്നത്.
ട്രെയിനുകളിൽ ബർത്തിലും സീറ്റിനടിയിലും ബാഗ് അലസമായി വെക്കുന്നതാണ് മോഷണം വർദ്ധിക്കാൻ ഒരു പ്രധാന കാരണം. എല്ലാ കോച്ചുകളിലും ലോവർ ബർത്തിന് അടിയിലായി ബാഗ് ചങ്ങലയുമായി ബന്ധിപ്പിക്കാനുള്ള വളയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 90 ശതമാനം യാത്രക്കാരും ഈ ചങ്ങലപ്പൂട്ട് ഉപയോഗിക്കാറില്ലെന്ന് റെയിൽവേ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.