നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പകര്‍ച്ചവ്യാധി പ്രതിരോധം: ജൂൺ അഞ്ചിനും ആറിനും ശുചീകരണ യജ്ഞം

  പകര്‍ച്ചവ്യാധി പ്രതിരോധം: ജൂൺ അഞ്ചിനും ആറിനും ശുചീകരണ യജ്ഞം

  കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളും ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതാണ്.

  ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  • Share this:
   തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. സംസ്ഥാനത്ത് വേനല്‍മഴ ശക്തമായ സാഹചര്യത്തിലും തുടര്‍ന്ന് വരുന്ന മഴക്കാലത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് യോഗം കൂടിയത്.

   കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളും ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതാണ്. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 5, 6 തീയതികളില്‍ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണ യജ്ഞം നടത്താനും തീരുമാനിച്ചു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തുന്നതാണ്.

   വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. ടീം, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ഏകോപിപ്പിച്ചായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

   ഇതിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാര്‍, ഡി.എം.ഒ.മാര്‍, ഡി.പി.എമ്മുമാര്‍ എന്നിവരുടെ യോഗം ചേരുന്നതാണ്.

   തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍, മെമ്പര്‍ സെക്രട്ടറി, ശുചിത്വമിഷന്‍ എക്‌സി. ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി എം.ഡി., കുടുംബശ്രീ എക്‌സി. ഡയറക്ടര്‍, ഹരിതകേരളം മിഷന്‍ ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

   അതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.  മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരമകൂടം മുന്നറിയിപ്പ് നല്‍കി.

   പത്തനംതിട്ടയില്‍ കനത്തമഴ തുടരുകയാണ്. മലയോരമേഖലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുരുമ്പന്‍മൂഴി, അറയഞ്ഞാലിമണ്‍ കോസ്‌വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മഴയും കാറ്റും ശക്തമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച തുടരുകയാണ്.


   അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}