ഇത് റിക്സൺ എടത്തിൽ. കോൺഗ്രസ് അധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ വയനാട് പര്യടനത്തിനിടയിൽ വീണു പരിക്കേറ്റ മാധ്യമപ്രവർത്തകൻ. രാഹുലും, പ്രിയങ്കയും ഓടിയെത്തി ശുശ്രൂഷിച്ച വ്യക്തി. എന്നാൽ ഇതിന്റെ പേരിൽ പോലും കളിയാക്കിയവരോടും കല്ലെറിഞ്ഞവരോടും തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് പുറമെ ഒരു മനുഷ്യനായി നിന്ന് കൊണ്ട് രാഹുലിനെയും പ്രിയങ്കയെയും പറ്റി റിക്സൺ പറയുന്നത് കേൾക്കുക. ഇനിയും വൈകിപ്പിക്കാതെ റിക്സൺ തന്റെ അനുഭവവും അഭിപ്രായവും ഫേസ്ബുക് പോസ്റ്റ് വഴി പറയുന്നു. പോസ്റ്റിന്റെ പൂർണ രൂപമിവിടെ:
ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ .....
കഴിഞ്ഞ രണ്ട് ദിവസം എവിടെയാരുന്നു ഇവൻ എന്നാകും നിങ്ങൾ അദ്യം ചിന്തിക്കുക ... ഇപ്പോഴും കടുത്ത വേദനയുണ്ട് ഈ കുറിപ്പ് ഇപ്പോൾ ഇട്ടില്ലേൽ അത് ശരിയാവില്ലെന്ന് തോന്നി. വീഴ്ച്ചയിൽ വലത് കൈപത്തിക്ക് പൊട്ടൽ ഉണ്ട് തോളെല്ലന്നും പരിക്കുണ്ട് .ഇന്ന് അതിരാവില്ലെയാണ് വയനാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.
വണ്ടിയിൽ നിന്നു വീണതിന് ശേഷം ഒത്തിരി കോളുകൾ വന്നു. പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും കരുതലിനും നന്ദി.വിളിച്ചവരിൽ ചിലർക്ക് അറിയേണ്ടിയിരുന്നത് എന്റെ ഷൂസിനെ പറ്റിയാണ് ചിലർക്ക് വീഴ്ച്ച 'ഒറിജിനൽ' ആരുന്നോ എന്ന് മറ്റ് ചിലർക്ക് എന്റെ രാഷ്ട്രീയവും....
എനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്ന് മാത്രമല്ല പ്രവർത്തിച്ചിട്ടുമുണ്ട്. പക്ഷെ അത് ഒരിക്കലും എന്റെ തൊഴിലിൽ ഞാൻ കലർത്തിയിട്ടില്ല, കലർത്താൻ ഉദ്ദേശിക്കുന്നുമില്ല .
ഈ അപകടവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകൾ പ്രചരിക്കുന്നുണ്ട് .അത് അവരുടെ കഞ്ഞിയുടെയും രാഷ്ട്രിയത്തിന്റെയും കാര്യം . അതിലും എനിക്ക് കുഴപ്പമില്ല.ഞാൻ കണ്ടതും അനുഭവിച്ചതുമായ കുറച്ച് കാര്യം ഞാൻ പറയാം.
വ്യാഴാഴ്ച്ച രാത്രിയോടെയാണ് രാഹുൽ ഗാന്ധിയുടെ നോമിനേഷൻ സമർപ്പണവുമായ് ബന്ധപ്പെട്ട് വയനാട്ടിലെത്തിയത് .വ്യാഴാഴ്ച നല്ല തിരക്കുള്ള ദിവസമായിരുന്നു ആദ്യ ബുള്ളറ്റിൻ മുതൽ കളക്ട്രറ്റിന് മുന്നിൽ നിന്ന് ലൈവ് നൽകി .. പതിനൊന്ന് മണിയോടെയാണ് മാധ്യമങ്ങൾക്കായ് ഒരുക്കിയ മിനി ടെമ്പോ വാനിലേക്ക് കയറിയത് .നിന്ന് തിരിയാൻ ഇടമില്ലാരുന്നു എങ്കിലും അതിൽ കയറിയാൽ നല്ല വിഷ്വലും ഒരു പി റ്റു സി യും ചെയാൻ പറ്റുമെന്ന് തോന്നി.ദൂരം കൂടുതൽ ഉള്ളത് കൊണ്ട് വാളണ്ടിയേഴ്സ് വണ്ടിയുടെ ഇരുവശത്തും തുങ്ങി നിന്നാണ് റോഡ് ക്ലിയർ ചെയ്തത് .പതിയേ ഞാൻ ഇരു സൈഡിലും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള ബാരിക്കേഡിന്റെ മുകളിൽ സ്ഥാനമുറപ്പിച്ചു ... യാത്രയുടെ ആദ്യ അര മണിക്കൂർ ശേഷം അവിടെയിരുന്നാണ് ലൈവ് നൽകാൻ ശ്രമിച്ചത് എന്നാൽ ജാമറിന്റെ പ്രശ്നം കാരണം ഒന്നും നടന്നില്ല ...
ഹമ്പുകൾ കേറുമ്പോൾ ഉണ്ടാരുന്ന പ്രശ്നങ്ങൾ ഒഴിച്ച് സേഫ് ആയിരുന്നു ആ ഇരിപ്പ്.. റോഡ് ഷോ തീർന്ന ശേഷം ഹെലിപ്പാടുള്ള ഗ്രൗണ്ടിലേക്ക് ആദ്യം കയറിയത് ഞങ്ങളുടെ വണ്ടിയാണ് .. വണ്ടി തിരിഞ്ഞതും കൂറെ ആളുകൾ ഒരു സൈഡിലേക്ക് തിരിഞ്ഞു ,തൂങ്ങി കിടന്നവർ കൂടുതൽ ബലം നൽകി ബാരിക്കേഡ് പൂർണ്ണായി തകർന്ന് ഏറ്റവും മുകളിൽ ഇരുന്ന ഞാൻ താഴെ വീണു .. വണ്ടി അപ്പോഴും മൂവിംഗില്ലാരുന്നു ...അത്ര ഉയരത്തിൽ നിന്ന് നെഞ്ചും വലതു കൈപത്തിയും ഇടിച്ച് വീണ എനിക്ക് ഒരു മരവിപ്പ് മാത്രായിരുന്നു ,ആരൊക്കെയോ ദേഹത്തേക്ക് വീണു.പെട്ടെന്നു തന്നെ എല്ലാവരും ഓടിയെത്തി സഹായിച്ചു. രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങൾ വേഗത്തിലായതെന്ന് ഇപ്പോൾ തോന്നുന്നു. അവർ രണ്ടുപേരും ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്ക് ചികിത്സ വൈകുമായിരുന്നു എന്ന് മാത്രമല്ല, ആ തിരക്കിനിടയിൽ കൂടി ആശുപത്രിയിൽ എത്തുവാൻ പോലും സാധിക്കില്ലായിരുന്നു.
എൻറെ ഷൂ കാലിൽ നിന്ന് ഊരിയതും ഷർട്ടിന്റെ ബട്ടൺ അഴിച്ചതും പ്രിയങ്ക ഗാന്ധിയാണ്.അതിനെ അവരവരുടെ സംസ്കാരവും വളർന്ന സാഹചര്യവും അനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാം. എനിക്ക് അത് ഒരു ഫസ്റ്റ് എയ്ഡ് ആയിരുന്നു. അപകടം പറ്റിയ ആൾക്ക് പരമാവധി ശുദ്ധവായു ലഭ്യമാക്കാനാണ് അവർ ശ്രമിച്ചത്.
എന്നാൽ അവർ എൻറെ ഷൂ നഷ്ടപ്പെടാതെ കയ്യിൽ പിടിച്ചിരിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ പ്രവർത്തിക്ക് പക്ഷേ ഫസ്റ്റ് എയ്ഡ് നെ പറ്റി ഉള്ള അറിവ് മാത്രം പോരെന്ന് തോന്നുന്നു. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം. അത് രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട് എന്നാണ് എൻറെ അനുഭവത്തിലൂടെ മനസ്സിലായത്.
ഒരു നേതാവിന്റെ ഗുണമാണത് .അവർക്കു വേണമെങ്കിൽ തിരിഞ്ഞുപോലും നോക്കാതെ ,അല്ലെങ്കിൽ അണികൾക്ക് നിർദ്ദേശം നൽകി ഹെലികോപ്റ്ററിൽ കയറി പോകാമായിരുന്നു.
അവരത് കാണിച്ചില്ലല്ലോ . അതിനെയാണ് കരുണ, കരുതൽ, മനുഷ്യത്വം, നേതൃ ഗുണം എന്നൊക്കെ വിളിക്കുന്നത്. ഇത് പറഞ്ഞതുകൊണ്ട് എന്നെ കോൺഗ്രസ് പാളയത്തിൽ കെട്ടണ്ട കാര്യമില്ല ...
രണ്ടു കാര്യങ്ങൾ കൂടി , നമ്മളെല്ലാവരും ഫസ്റ്റ് എയ്ഡ് എന്താണെന്ന് പഠിക്കുന്നത് നല്ലതായിരിക്കും .പിന്നെ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിക്കുമ്പോൾ അവരുടെ ബിലോഗിംഗ്സ് കൂടി എടുത്ത് സുരക്ഷിതമായി ഏൽപ്പിക്കുവാനും ശ്രദ്ധിക്കണത് നന്നാവും ...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, Congress chief Rahul Gandhi, Congress President Rahul Gandhi, Priyanka Gandhi, Priyanka gandhi election campaign, Rahul gandhi, Rickson Edathil, Wayanad