ആലപ്പുഴ: ഹരിപ്പാട്ട് എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ചിന്നുവിനെ ഡിവൈഫ്ഐ നേതാവ് അമ്പാടി ഉണ്ണിയും സംഘവും നടുറോഡില്‍ അക്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷം ഇത് ഒരു അപകടം മാത്രമെന്ന് വിശദീകരിച്ച് ചിന്നു ഫേസ്ബുക്ക് കുറിപ്പിട്ടു. ഇതിന്‍റെ പേരില്‍ എസ്എഫ്ഐയേയും ഡിവഐഎഫ്ഐയേയും ചിലര്‍ ബോധപൂര്‍വം വലിച്ചിഴക്കുന്നുവെന്നും ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു കുറിക്കുന്നു.
അക്രമം നടന്ന് മണിക്കൂറുകൾക്കകം ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വം അമ്പാടി ഉണ്ണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ചിന്നുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ഡിവഐഎഫ് ജില്ലാ നേതൃത്വം പ്രതികരിച്ചില്ല. അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും അമ്പാടി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ടെന്നും നേതൃത്വം വിശദീകരിക്കുന്നു.
മാത്രമല്ല , അമ്പാടിക്കെതിരെയുള്ള പാര്‍ട്ടി കമ്മീഷൻ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമെന്നും നേതൃത്വം വ്യക്തമാക്കി. ആശുപത്രിയില്‍ ഇന്നലെ മൊഴിയെടുക്കാനെത്തിയ വനിത എസ് ഐയോട് തനിക്ക് പരാതിയില്ലെന്നും കേസിന് പോകാന്‍ താല്‍പ്പര്യമില്ലെന്നും ചിന്നു അറിയിച്ചിരുന്നു. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് ഇത് വരെ കേസെടുത്തിട്ടില്ല.
ചിന്നുവിന്റെ കുറിപ്പിന്റെ പൂർണരൂപം
പ്രിയ്യപ്പെട്ടവരേ..
കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണ്.
അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ SFI യേയും DYFI യേയും CPI(M) നേയും ബോധപുർവ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്.
ഇത്തരത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല.
എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാൻ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.