നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; വിയോജിച്ച് INL‍; സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ്; സർക്കാർ തീരുമാനം എന്ത്?

    80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; വിയോജിച്ച് INL‍; സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ്; സർക്കാർ തീരുമാനം എന്ത്?

    സർക്കാർ മാത്രമല്ല, പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസും ഈ ഉത്തരവോടെ വെട്ടിലായി. വിധിക്കെതിരെ മുസ്ലിം ലീഗ് അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ്  എന്ത് നിലപാട് എടുക്കുന്നുവെന്നത് നിർണായകമാണ്. പ്രത്യേകിച്ച്, ക്രൈസ്തവ സഭകൾ വിധിയെ സ്വാഗതം ചെയ്യുന്ന  സാഹചര്യത്തിൽ.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് മുന്നിലെ ആദ്യത്തെ വെല്ലുവിളിയാവുകയാണ് ന്യൂനപക്ഷേ ക്ഷേമ പദ്ധിതകളുടെ വിതരണത്തിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി. ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ പോകണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുമ്പോൾ, വിധിയെ സ്വാഗതം ചെയ്യുകയും അപ്പീലിന് പോകേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിറോ മലബാർ സഭയ്ക്ക്. ഇതോടെ സർക്കാർ കൂടുതൽ വെട്ടിലായി. ഈ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് സർക്കാരിന്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതനുസരിച്ചാകും സർക്കാരിന്റെ തുടർ നടപടി.

      സർക്കാർ മാത്രമല്ല, പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസും ഈ ഉത്തരവോടെ വെട്ടിലായി. വിധിക്കെതിരെ മുസ്ലിം ലീഗ് അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ്  എന്ത് നിലപാട് എടുക്കുന്നുവെന്നത് നിർണായകമാണ്. പ്രത്യേകിച്ച്, ക്രൈസ്തവ സഭകൾ വിധിയെ സ്വാഗതം ചെയ്യുന്ന  സാഹചര്യത്തിൽ.

      Also Read- '80: 20 അനുപാതം കൊണ്ടുവന്നത് പാലൊളി; ക്രിസ്ത്യൻ വിഭാഗം വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല': ഇ ടി മുഹമ്മദ് ബഷീർ

      ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍ പ്രതികരിച്ചു. പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസർഗോഡ് പറഞ്ഞു.

      അതേസമയം, ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ വിധിയില്‍നിന്ന് മനസിലാക്കുന്നത് സ്‌കോളര്‍ഷിപ്പ് അര്‍ഹതപ്പെട്ട എല്ലാ കുട്ടികള്‍ക്കും ലഭിക്കണം എന്നതാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. വിധി പകര്‍പ്പ് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

      Also Read- 80:20 അനുപാതം റദ്ദാക്കിയ വിധി: സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും വിധി നടപ്പാക്കണമെന്നും സിറോ മലബാര്‍ സഭ

      ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറയുന്നു. പദ്ധതിയില്‍ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടെടുത്ത തീരുമാനമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതല്‍ ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് എം പി ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

      Also Reaad- '80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു': പാലൊളി മുഹമ്മദ് കുട്ടി

      ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.
      Published by:Rajesh V
      First published: