കോഴിക്കോട്: ദേവസ്വം-പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ഐ എൻ എൽ നേതാവ് അറസ്റ്റിൽ. എസ്സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനായ തിരുവനന്തപുരം കാച്ചാണി സ്വദേശി കാച്ചാണി അജിത്തിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി കെ. രാധാക്യഷ്ണൻ്റെ ഓഫീസ് ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷമാണ് ഇയാൾ മന്ത്രി ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തുവാൻ കാരണം.
ഐ എൻ എൽ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയായ അജിത്തിൻ്റെ ഭീഷണിക്ക് പിന്നാലെ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സംസ്ഥാനത്തെ പ്രമുഖ ഐ എൻ എൽ നേതാക്കൾക്കൊപ്പം പാർട്ടി പരിപാടികളിൽ അജിത്ത് മുൻനിരയിലുള്ളത് ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ പുറത്ത് വന്നതോടെ അജിത്തിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് ഐ എൻ എൽ നേതാവ് എം. എം.മാഹിൻ ന്യൂസ് 18 നോട് പറഞ്ഞു. പക്ഷേ അജിത്തിന് എതിരെ നാളിതുവരെയും പാർട്ടി ഒരു നടപടി സ്വീകരിച്ചിട്ടില്ല.
മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അജിത്ത് വർഷങ്ങൾക്ക് മുമ്പ് NCP യിൽ ചേർന്നിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടർന്ന് എൻ.സി.പി യിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഐ.എൻ.എല്ലിൽ ചേരുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പാർട്ടിയുടെ പരിപാടികളിൽ നേതാക്കൾക്കൊപ്പം മുൻ നിരയിലായിരുന്നു അജിത്തിൻ്റെ സ്ഥാനം. ഐ. എൻ എൽ നടത്തിയ പൗരത്വ സമരത്തിലും മുൻനിരയിൽ ഉണ്ടായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ. ഡി. എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും അജിത്ത് മുൻനിരയിലുണ്ടായിരുന്നു.
Also Read-
'കോൺഗ്രസിലെ ചിലർക്ക് പട്ടികജാതിക്കാരെ ഇഷ്ടമല്ല; ഞാൻ പൊട്ടിവീണ നേതാവല്ല: കൊടിക്കുന്നിൽ സുരേഷ്
എസ്.സി-എസ്.ടി ഫണ്ടുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്ക് അജിത്ത് നേതൃത്വം നൽകുന്ന ദളിത് സംഘടനയുടെ പേരിൽ മന്ത്രിയുടെ ഓഫീസിൽ ശുപാർശ കത്ത് നൽകിയിരുന്നു. ഈ കത്ത് അവഗണിച്ചതാണ് ഭീഷണി മുഴക്കുവാൻ കാരണം. രാഷ്ട്രീയ ബന്ധം പുറത്ത് വന്നതോടെ സംഭവം ഐ.എൻ.എല്ലിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭീഷണിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് പിടിയിലായത്.
അതേസമയം പാവപ്പെട്ടവർക്കുള്ള ധനസഹായത്തിൽ കൈയ്യിട്ടുവാരുന്നവരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. തട്ടിപ്പിന് താൻ കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർക്ക് നല്ല വിഷമമുണ്ട്. അപ്പോഴാണ് തട്ടിപ്പുകാരിൽ ഒരാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത്തരം ഭീഷണികൾക്കൊന്നും വഴങ്ങില്ല. അതിനൊന്നും നമ്മളാരും വശംവദരാകാൻ പാടില്ലെന്നായിരുന്നു നേരത്തെ മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രതികരണം.
തട്ടിപ്പിന് പിന്നിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഇതോടെ പ്രശ്നത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉണ്ടായത്. ഈ ഘട്ടത്തിലാണ് തട്ടിപ്പിന് എതിര് നിന്നതിൻ്റെ പേരിൽ തനിക്കും ഭീഷണി ഉണ്ടായതായി മന്ത്രി വെളിപ്പെടുത്തിയത്. ഇതോടെ സംഭവത്തിന്റെ രാഷ്ട്രീയപ്രാധാന്യം വർധിക്കുകയായിരുന്നു. എസ്. സി, എസ്.ടി, ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കൂടുതൽ അന്വേഷണം നടന്ന് വരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.