രണ്ടര പതിറ്റാണ്ടിനുശേഷം ഇടതുമുന്നണിയുടെ ഭാഗമായി മാറിയ ഐ.എൻ.എൽ മന്ത്രിസഭയിലുമെത്താൻ വഴി തെളിയുന്നു. നിലവിൽ പാർട്ടിക്ക് ഒരു എം.എൽ.എ പോലുമില്ലെങ്കിലും, രണ്ട് അംഗങ്ങളുടെ പിന്തുണയുള്ള നാഷണൽ സെക്യൂലർ കോൺഫറൻസുമായി ലയിച്ച് മന്ത്രിസഭയിലെത്താനാണ് ഐ.എൻ.എൽ നീക്കം. ഇരു പാർട്ടികളും തമ്മിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം കോഴിക്കോട് പൂർത്തിയായി. ഇതനുസരിച്ച് അടുത്തമാസം കോഴിക്കോട്ട് വെച്ച് ലയനസമ്മേളനം നടത്താനാണ് ധാരണയായിരിക്കുന്നത്. ഇടതുമുന്നണിയിലെ സ്വതന്ത്ര മുസ്ലീം എം.എൽ.എമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സിപിഎം നടത്തിയ നീക്കമാണ് പുതിയ ലയനത്തിന് കളമൊരുക്കുന്നത്.
കുന്നമംഗലം എംഎൽഎ പി.ടി.എ റഹീം, കൊടുവള്ളിയിൽനിന്നുള്ള കാരാട്ട് റസാഖ് എന്നിവരാണ് നാഷണൽ സെക്യുലർ കോൺഫറൻസിന്റെ ഭാഗമായി നിൽക്കുന്നത്. ഈ പാർട്ടി ഐ.എൻ.എല്ലിൽ ലയിക്കുന്നതോടെ നിയമസഭയിലും അവർക്ക് പ്രാതിനിധ്യമാകും. ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചശേഷമാണ് ഐ.എൻ.എല്ലിനെ ഇടതുമുന്നണിയിലെടുക്കാൻ സിപിഎം തയ്യാറായതെന്നും സൂചനയുണ്ട്.
ഏതായാലും ഇരു പാർട്ടികളും തമ്മിൽ ലയിക്കുമ്പോൾ മന്ത്രിസഭാ പ്രവേശനം എന്ന ആവശ്യം ഐ.എൻ.എൽ സ്വാഭാവികമായും മുന്നോട്ടുവെക്കും. നിലവിൽ രണ്ട് അംഗങ്ങളുള്ള എൻ.സി.പിയ്ക്കും ഒരു അംഗം മാത്രമുള്ള കോൺഗ്രസ് എസിനും എൽ.ഡി.എഫ് മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും ഐ.എൻ.എല്ലും അവകാശവാദം ഉന്നയിക്കുക. മുന്നണി വിപുലീകരണസമയത്ത് മന്ത്രിസഭാ പ്രവേശനം എന്ന ആവശ്യം കേരള കോൺഗ്രസ് ബി പരസ്യമായി ഉന്നയിച്ചില്ലെങ്കിലും അവസരം വന്നാൽ അക്കാര്യം ആലോചിക്കാനാണ് അവരുടെ പാർട്ടിക്കുള്ളിലെ തീരുമാനം.
അതേസമയം പുതിയ പാർട്ടികളുടെ മന്ത്രിസഭാ പ്രവേശനം എന്ന ആവശ്യത്തോട് മുന്നണി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകും. കൂടാതെ മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയുടെ അഭിപ്രായവും പ്രധാനമാണ്. ഇതൊക്കെ പരിഗണിച്ചേ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് പോകാൻ സാധിക്കുകയുള്ളു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുന്നണിയിലെ കക്ഷികളെ പിണക്കാതിരിക്കാൻ എൽ.ഡി.എഫ് നേതൃത്വം തയ്യാറായാൽ ഐ.എൻ.എൽ, കേരള കോൺഗ്രസ് ബി എന്നിവരുടെ പ്രതിനിധികൾ മന്ത്രിസഭയിലെത്തിയേക്കാം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.