കോഴിക്കോട്: പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത ഐ.എന്‍.എല്ലിനെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്നും സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും ഐ.എന്‍.എല്ലിനെ ഒഴിവാക്കി. ജനകീയാസൂത്രണ രജത ജൂബിലി ആഷോഷ പരിപാടിയിലേക്ക് മന്ത്രിയുള്‍പ്പെടെ ഐ.എന്‍.എല്‍ നേതാക്കളെ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
2006 മുതല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കമ്മിറ്റിയില്‍ തൃക്കരിപ്പൂരിലെ ഐ.എന്‍.എല്‍ നേതാവ് ഷംസുദ്ദീനായിരുന്നു പ്രതിനിധി. ഇന്നലെ പുനസംഘടിപ്പിച്ചപ്പോള്‍ ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധികള്‍ ആരുമില്ല. ഈ മാസം 17ന് തിരുവനന്തപുരത്ത് നടക്കുന്ന ജനകീയാസൂത്രണം രജതജൂബിലി ആഘോഷ പരിപാടികളിലും ഐ.എന്‍.എല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പരിപാടിയുടെ നോട്ടീസില്‍ പ്രതിപക്ഷത്തെ ചെറിയ പാര്‍ട്ടികളെപ്പോലും ഉള്‍പ്പെടുത്തിയപ്പോള്‍ ഐ.എന്‍.എല്‍ മന്ത്രിക്കോ നേതാക്കള്‍ക്കോ ഇടം ലഭിച്ചില്ല.
രണ്ട് പാര്‍ട്ടിയായി പിളര്‍ന്ന ഐ.എന്‍.എല്ലില്‍ സമവായ നീക്കങ്ങള്‍ നീണ്ടുപോവുകയാണ്. തര്‍ക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എല്‍.ഡി.എഫ് അന്ത്യശാസനം നല്‍കിയെങ്കിലും ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇതോടെയാണ് ഇനി വിട്ടുവീഴ്ച വേണ്ടെന്ന എല്‍.ഡി.എഫ് തീരുമാനം. അതേസമയം ജനകീയാസൂത്രണ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് ഏത് സാഹചര്യത്തിാലണെന്ന് എല്‍.ഡി.എഫ് നേതൃത്വത്തോട് സംസാരിക്കുമെന്നും കാസിം വ്യക്തമാക്കി.
ഐ.എന്‍.എല്ലില്‍ അബ്ദുല്‍ വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ്. കാസിം ഇരിക്കൂറിനെ മാറ്റാതെ സമവായത്തിനില്ലെന്ന നിലപാടിലാണ് വഹാബ് പക്ഷം. കാസിം ജനറല്‍ സെക്രട്ടറിയായ ശേഷം പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നു. മാറാന്‍ തയ്യാറല്ലെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നുമാണ് കാസിം ഇരിക്കൂര്‍ പക്ഷം.
ദേശീയ പ്രസിഡണ്ട് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ സംസ്ഥാന കാര്യങ്ങളില്‍ ആനാവശ്യ ഇപെടല്‍ നടത്തുന്നുവെന്നും വഹാബ് പക്ഷത്തിന്റെ പരാതിയാണ്. പിളര്‍പ്പുണ്ടായ ശേഷം കാസിം പക്ഷം തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പ് വരണാധികാരികളെ വെച്ച് മെംബര്‍ഷിപ്പ് കാംപെയിനുമായി മുന്നോട്ടുപോവുകയാണ്. ഇതും അംഗീകരിക്കാനാവില്ലെന്ന് വഹാബ് പക്ഷം പറയുന്നു. മന്ത്രിമാരുടെ പേഴ്സണള്‍ സ്റ്റാഫ് നിയമനമുള്‍പ്പെടെയുള്ള മറ്റ് പല കാര്യങ്ങളിലും ഇരു വിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ മകന് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥരയില് സമവായ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇതിനിടെയാണ് മുന്നണിയുടെ ഭാഗമായുള്ള സ്ഥാനങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും ഐ.എന്‍.എല്ലിനെ തഴഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലും സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രിപദവും നഷ്ടമാകുമെന്ന സി.പി.എമ്മിന്റെ സന്ദേശമാണ് പുതിയ നീക്കം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.