• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പൂൺ കൊണ്ട് ഭിത്തിതുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

സ്പൂൺ കൊണ്ട് ഭിത്തിതുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ‌ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരുക്കേൽക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

  • Share this:
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ (Kuthiravattom mental health centre) വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി മലപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണു മരിച്ചത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് പ്രതി ഇന്നലെ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറത്തുവച്ച് അപകടത്തില്‍പെടുകയായിരുന്നു.

സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ‌ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരുക്കേൽക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി പോയ യുവാവിനെ ഷൊർണൂരില്‍ വച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ അടുത്ത ദിവസം പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്.

Also Read- Thrikkakara By-Election| തൃക്കാക്കരയിൽ മികച്ച പോളിംഗ്;  ഉച്ചവരെ വോട്ട് ചെയ്തത് 42.30 % പേർ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ‌ മലപ്പുറം  മഞ്ചേരി സ്വദേഷി മുനീറിനെ (42) സെല്ലിലെ അഴിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   കുരുക്കിട്ടാണ് ഇയാൾ ആത്മഹത്യചെയ്തതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. വനിതാ അന്തേവാസികൾ ഏറ്റുമുട്ടിയതിനെതുടർന്ന് ഒരാൾ കൊല്ലപ്പെട്ടത് മാസങ്ങൾക്ക് മുമ്പാണ്. ഇതേതുടർന്ന് ആരോഗ്യമന്ത്രി സ്ഥലം സന്ദർശിച്ച് സുരക്ഷ കൂട്ടാൻ നിർദേശം നൽകിയിരുന്നു.

കോഴിക്കോട് കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളില്‍ ഉള്‍പ്പെടെ എലി ശല്യം രൂക്ഷമാണെന്നാണ് പരാതി. മഴ തുടങ്ങിയതോടെ വാര്‍ഡില്‍ ചോര്‍ച്ചയുമുണ്ട്. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. ആശുപത്രി അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് കൂട്ടിരിപ്പുകാര്‍ ആരോപിച്ചു. മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗികൾക്ക് മതിയായ ഭക്ഷണമില്ലെന്നും പരാതിയുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പ് വരുത്തിയാൽ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്കും ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു കെ ബൈജുനാഥിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്.  ഫെബ്രുവരി ഒൻപതിന് വാർഡിലുണ്ടായ വഴക്കിൽ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.
Published by:Rajesh V
First published: