ഇന്റർഫേസ് /വാർത്ത /Kerala / 'CPM-BJP ഒത്തുതീര്‍പ്പിന് ഡല്‍ഹിയില്‍ ഇടനിലക്കാര്‍; എം.പിമാര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചന': പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

'CPM-BJP ഒത്തുതീര്‍പ്പിന് ഡല്‍ഹിയില്‍ ഇടനിലക്കാര്‍; എം.പിമാര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചന': പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

VD Satheesan

VD Satheesan

'സില്‍വര്‍ ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്'

  • Share this:

കൊല്ലം: പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ (V D Satheesan). ജനാധിപത്യം പാര്‍ലമെന്റിന് മുന്നില്‍ കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണമെന്നും കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെ ക്രൂരമായ ആക്രമണമാണ് എം.പിമാര്‍ക്കെതിരെ ഉണ്ടായത്. പൊലീസിനുണ്ടായ ചേതോവികാരം എന്താണെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് എം.പിമാര്‍ക്കെതിരെ ആക്രമണമുണ്ടായത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിന് പിന്നില്‍ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തില്‍ പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സില്‍വര്‍ ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിയമസഭയിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. പാരിസ്ഥിതി ലോലമായ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഡി. പി. ആര്‍ അബദ്ധ പഞ്ചാംഗമാണ്. കെ- റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. 64000 കോടി രൂപയാണ് പദ്ധതി ചെലവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത്? സര്‍വെയോ ജിയോളജിക്കല്‍ പഠനമോ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

എസ്റ്റിമേറ്റ് ഇല്ലാതെ എങ്ങനെയാണ് 64000 കോടി ചെലവാകുമെന്ന് പറയുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടിയാകുമെന്നാണ് 2018 -ല്‍ നീതി ആയോഗ് പറഞ്ഞത്. അതനുസരിച്ച് 2022 -ല്‍ ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകും. അഞ്ച് വര്‍ഷമോ പത്ത് വര്‍ഷമോ കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം കോടിയോ രണ്ടര ലക്ഷം കോടിയോ പദ്ധതിക്ക് വേണ്ടിവരും. 64000 കോടിയുടെ കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്. ചെലവ് കുറച്ച് കാണിക്കാന്‍ വേണ്ടി രേഖകളില്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്. പ്രാഥമിക, അന്തിമ സാധ്യതാ പഠനം, വിശദ പദ്ധതി രേഖ എന്നിവയില്‍ ഡാറ്റാ കൃത്രിമം നടത്തിയിരിക്കുകയാണ്. കള്ളക്കണക്കുകളാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു .

530 കിലോ മീറ്റര്‍ ദൂരമുള്ള റെയിലില്‍ 328 കിലോമീറ്റര്‍ 35 മുതല്‍ 40 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് പണിയുമെന്നും ബാക്കിയുള്ള സ്ഥലത്ത്, ഭൂമിയിലൂടെ പോകുമ്പോള്‍ ഇരുവശത്തും മതില്‍ കെട്ടിവയ്ക്കുമെന്നുമാണ് ഡി.പി.ആറില്‍ പറയുന്നത്. ബഫര്‍ സോണ്‍ ഇല്ലാതെ ഈ പദ്ധതി കൊണ്ടു പോകാന്‍ പറ്റുമോ? സാധാരണ റെയിലിന് രണ്ടു വശത്തേക്ക് 30 മീറ്ററാണ് ബഫര്‍ സോണ്‍. സില്‍വര്‍ ലൈനിന് റെയില്‍വെയുടെ നിബന്ധന പ്രകാരം ഇപ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രണ്ടു വശത്തേക്ക് 20 മീറ്റര്‍ ബഫര്‍ സോണ്‍ വേണ്ടി വരും. അതിവേഗ ട്രെയിനിന് കൂടുതല്‍ ബഫര്‍ സോണ്‍ വേണം. ഇങ്ങനെയുള്ള ബഫര്‍ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

50 സെന്റുള്ള ഒരാളുടെ സ്ഥലത്തിന്റെ മധ്യഭാഗത്തെ 20 സെന്റ് ഏറ്റെടുത്ത് കഴിഞ്ഞാല്‍ ബാക്കിയുള്ള 30 സെന്റിന് ഒരു നഷ്ടപരിഹാരവും ലഭിക്കില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈനിന്റെ ഇരകളായി മാറും. പദ്ധതിക്ക് പിന്നിലെ അഴിമതി മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജെയ്ക്കയുമായി ചേര്‍ന്ന് സാങ്കേതികവിദ്യ വരെ മാറ്റി. കേരളമാണോ വായ്പ നല്‍കുന്ന ജപ്പാനിലെ ജെയ്ക്കയാണോ സില്‍വര്‍ ലൈനിന്റെ സാങ്കേതികവിദ്യ തീരുമാനിക്കുന്നത്? ജപ്പാനില്‍ നിന്നും തുരുമ്പെടുത്ത സ്റ്റാന്‍ഡേര്‍ഡ് ഗേജ് കേരളത്തിലേക്ക് കയറ്റി അയയ്ക്കാനാണ് പദ്ധതി. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണ്. ഈ അഴിമതിക്ക് വേണ്ടിയാണ് കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Also Read- CM Pinarayi | 'പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകും': മുഖ്യമന്ത്രി പിണറായി വിജയൻ

ജനങ്ങള്‍ നടത്തുന്ന സമരത്തിനാണ് യു.ഡി.എഫ് പിന്തുണ നല്‍കുന്നത്. കല്ല് പിഴുതെടുക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി. പാവങ്ങളെ ജയിലിലേക്ക് അയയ്ക്കില്ല. യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലിലേക്ക് പോകും. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ചോറ്റാനിക്കരയില്‍ ഡി.സി.സി അധ്യക്ഷന്‍ ഷിയാസിനും മുന്‍ മന്ത്രി അനൂപ് ജേക്കബ്ബിനും എതിരെ കേസെടുത്തു. ഏത് യു.ഡി.എഫ് നേതാവും ജയിലില്‍ പോകാന്‍ തയാറാണ്. മുഖ്യമന്ത്രി ഞങ്ങളെ വിരട്ടേണ്ട. സമരത്തില്‍ വര്‍ഗീയതയും തീവ്രവാദവും ആരോപിക്കേണ്ട. നരേന്ദ്ര മോദിയുടെ ഭാഷയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ വിരട്ടാന്‍ വരേണ്ട. യു.ഡി.എഫ് സമരം ചെയ്യുന്നത് സാധാരണക്കാര്‍ക്കൊപ്പമാണ്. സമര സമിതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയിട്ടുണ്ട്. ആ സമരത്തെ സര്‍ക്കാരിന് ഭയമാണ്. അതുകൊണ്ടാണ് വര്‍ഗീയത ആരോപിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ചോദിക്കുന്ന ചോദ്യങ്ങള്‍ ഉത്തരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അഴിമതിക്ക് കേരളത്തെ വിട്ടു കൊടുക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. മിണ്ടാതിരുന്നാല്‍ നാളെകളില്‍ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടും. ഈ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

First published:

Tags: K-Rail, V D Satheesan