കൊച്ചി: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ( violence against women) തടയുന്നതിനുള്ള ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (Internal Complaints Committee) രൂപീകരിച്ച് സിനിമ താരസംഘടനയായ അമ്മ (AMMA). സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂ സി സി (WCC) മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാണ് തീരുമാനം. ഇതിനായി അമ്മയുടെ ബൈലോ പുതുക്കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഇത് ഉണ്ടായിരുന്നില്ല. ഐ സി സി രൂപീകരിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ രാജി വെച്ച് പുറത്ത് പോകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കമ്മിറ്റി രൂപീകരിച്ചതും ബൈലോ പുതുക്കിയതും. അഞ്ചംഗങ്ങളാണ് സമിതിയില്‍ ഉണ്ടാകുക.
Also Read- AMMA| ആശാശരത്തിന് തോൽവി; മണിയൻപിള്ള രാജു വൈസ് പ്രസിഡന്റ്; നിവിൻപോളിയും ഹണി റോസും തോറ്റു
ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും പുറത്ത് നിന്നുള്ളവരും സമിതിയിലെ അംഗങ്ങളാണ്. ബൈലോ പുതുക്കിയ വിവരം ഡബ്യൂ സി സി അംഗങ്ങളെ അമ്മ അറിയിച്ചിട്ടുണ്ട്. രേവതിയും പത്മപ്രിയയും ഇക്കാര്യത്തില്‍ ത്യപ്തി രേഖപ്പെടുത്തി. അമ്മയില്‍ നിന്ന് പുറത്ത് പോയവര്‍ തിരികെ വരണോയെന്ന് അവരാണ് തീരുമാനിയ്‌ക്കേണ്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി സമൂഹമാധ്യമങ്ങളിലടക്കം പ്രതികരിച്ചാല്‍ അത് പരിശോധിയ്ക്കുന്നതിന് കമ്മിറ്റി രൂപീകരിയ്ക്കും. ലഹരി കേസുകളില്‍ പെടുന്ന താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും.
അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. ഔദ്യോഗിക പാനലിൽനിന്നും മത്സരിച്ച ആശാ ശരത് തോറ്റു. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചവരിൽ നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ പരാജയപ്പെട്ടു.
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ആദ്യമായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍ ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരം നടക്കുകയായിരുന്നു.
രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും രംഗത്തും മത്സരിച്ചു. മൂന്നാമനായി മണിയന്‍ പിള്ള രാജുവും മത്സരിച്ചു. ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്.
അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാല്‍ തള്ളിയിരുന്നു. പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശ പ്രതിക നല്‍കിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടിയത് . ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AMMA, AMMA Executive