ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

സഭാ ഭരണത്തിന് മൂന്ന് മെത്രോപ്പോലീത്തമാർ ഉൾപ്പെട്ട സമിതി

news18
Updated: May 1, 2019, 9:54 AM IST
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു
ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ
  • News18
  • Last Updated: May 1, 2019, 9:54 AM IST
  • Share this:
കൊച്ചി: മെത്രാപൊലീത്ത ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന തോമസ്പ്രഥമൻ കാതോലിക്ക ബാവയുടെ ആവശ്യം പാത്രിയാർക്കീസ് ബാവ അംഗീകരിച്ചു. എന്നാൽ കാതോലിക്കാ പദവിയിൽ തോമസ് പ്രഥമൻ ബാവ തുടരും. സഹായിക്കാനായി മൂന്ന് മെത്രാപ്പോലീത്തമാരുടെ സമിതിയെയും നിയമിച്ചു. യാക്കോബായ സഭയിലെ ആഭ്യന്തരകലഹത്തെ തുടർന്നാണ് കാതോലിക്ക ബാവ പദവി ഒഴിയാൻ ആഗ്രഹം പ്രകടിപ്പിച്ച് പാത്രിയാർക്കീസ് ബാവക്ക് കത്തയച്ചത്. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍.

സ്ഥാനത്യാഗത്തിന് തയാറെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നേരത്തെ പാത്രിയർക്കീസിനെ അറിയിച്ചിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി തുടരാമെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് അയച്ച കത്തിൽ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരുന്നു. വേദനയുണ്ടാക്കുന്ന വിഭാഗീയത സഭയിൽ പിടിമുറുക്കിയിരിക്കുന്നുവെന്നും ഐക്യത്തിനും സമാധാനത്തിനും ഹാനികരമാണതെന്നും കത്തിൽ ബാവ വ്യക്തമാക്കിയിരുന്നു.

'നിയമപരമായ കടമ്പകളിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ അത്തരം വിള്ളലുകൾ സമുദായത്തെ ദുർബലമാക്കും. അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അതിജീവിച്ച് വൈദികരും അൽമായരും സഭയെ സേവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ച് കാതോലിക്കാ ബാവാ പദവിയിൽ നിന്നു വിരമിക്കാനും മെട്രൊപ്പൊലീറ്റൻ ട്രസ്റ്റി എന്ന നിലയ്ക്കുള്ള ചുമതലകൾ ഒഴിയാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ കൈവന്ന സ്വത്തുക്കളും വസ്തുക്കളും സ്ഥാപനങ്ങളും അതത് ഔദ്യോഗിക ഘടകങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സ്ഥാനമൊഴിയുമ്പോൾ സഭയ്ക്ക് സാമ്പത്തിക ബാധ്യതകളൊന്നും ശേഷിക്കുന്നില്ലെന്നതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. സഭയുടെ ഓഡിറ്റ് ചെയ്ത് കണക്കുകൾ അസോസിയേഷന് സമർപ്പിച്ചിട്ടുണ്ട്'-പാത്രിയാർക്കീസ് ബാവയ്ക്ക് അയച്ച കത്തിൽ തോമസ് പ്രഥമൻ കാതിലോക്കാ ബാവ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലർ തന്നെ അപകീർത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകൾ പ്രചരിപ്പിക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

First published: May 1, 2019, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading