മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ബോട്ടിൽ പോയതായി കണ്ടെത്തിയ 100 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്. മനുഷ്യക്കടത്തിന്റെ ഭാഗമായി മുനമ്പത്തു നിന്ന് ബോട്ടിൽ 248 പേരോളം പോയതായാണ് റിപ്പോർട്ടുകൾ. ജനുവരി 12നാണ് പ്രതികൾ മതിയായ യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്ക് എന്ന പേരിൽ ആളുകളെ കയറ്റിവിട്ടത്. ജനുവരി ഏഴിന് പ്രതികൾ മുനമ്പത്ത് നിന്ന് 1.2 കോടി രൂപക്ക് വാങ്ങിയ ബോട്ടിലായിരുന്നു കടത്ത്.
മുനമ്പത്തുനിന്ന് ബോട്ടില്‍ പുറപ്പെട്ടവര്‍ സുരക്ഷിതരായി ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് സംസ്ഥാന പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. ബോട്ടില്‍ പോയതായി കരുതുന്ന 243 പേരില്‍ നൂറുപേരുടെ ചിത്രങ്ങള്‍ ശേഖരിച്ചാണ് പോലീസ് ഇന്റര്‍പോളിന് കൈമാറിയത്. ദയാമാതാ എന്ന ബോട്ടിലായിരുന്നു ഇവര്‍ മുനമ്പത്തുനിന്ന് യാത്ര തിരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ നേരത്തെ സംശയിച്ചതുപോലെ ഇവര്‍ ഓസ്‌ട്രേലിയയിലോ ന്യൂസിലാന്‍ഡിലോ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിപുലമായ തിരച്ചിലിനുവേണ്ടി ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും ഇവര്‍ എത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചറിയുന്നതിനാണ് ഫോട്ടോകളും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. മുനമ്പത്തുനിന്നു പോയവര്‍ നേരത്തെ ആഫ്രിക്കന്‍രാജ്യമായ അള്‍ജീരിയയില്‍ എത്തിയെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ അന്വേഷണ പ്രകാരം ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Interpol, Munambam harbour, Munambam human trafficking issue, Munambam issue, മുനമ്പം മനുഷ്യക്കടത്ത്, മുനമ്പം മനുഷ്യക്കടത്ത് വാർത്തകൾ