ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശത്തിനെതിരെ കോട്ടയം ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐഎൻടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ നടത്തിയ ദേശീയ പണിമുടക്കിന് പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിലേക്ക് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന്റെ ആഹ്വാനപ്രകാരം നടത്തിയ പ്രതിഷേധ മാർച്ച് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ ആണ് ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ല എന്ന നിലപാടാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുന്നോട്ട് വെച്ചത്.
ഇതിനു പിന്നാലെയാണ് വിഡി സതീശന് എതിരെ തെരുവിൽ പ്രതിഷേധവുമായി ചങ്ങനാശ്ശേരിയിലെ ഐഎൻടിയുസി പ്രവർത്തകർ രംഗത്ത് വന്നത്. ഐഎൻടിയുസി സംസ്ഥാന നിർവാഹകസമിതി അംഗം പിപി തോമസിന്റെ നേതൃത്വത്തിലാണ് ചങ്ങനാശ്ശേരിയിൽ വൻ പ്രകടനം നടത്തിയത്. ചങ്ങനാശ്ശേരി മാർക്കറ്റിലെ തൊഴിലാളികളാണ്സതീശനെതിരെ പ്രകടനം നയിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഐഎൻടിയുസിക്കെതിരെ നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് പ്രവർത്തകർ പറയുന്നു. സതീശൻ പ്രസ്താവന പിൻവലിക്കണം എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. കോൺഗ്രസും ഐഎൻടിയുസിയും ഒറ്റ സംഘടനയാണ് എന്നും പ്രവർത്തകർ പറയുന്നു.
കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിൽ പരം ഐഎൻടിയുസി പ്രവർത്തകരാണ് ഉള്ളതെന്ന് മാർച്ചിന് നേതൃത്വം നൽകിയ ഐഎൻടിയുസി സംസ്ഥാന നിർവാഹകസമിതി അംഗം പി പി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഐഎൻടിയുസി പ്രവർത്തകർ കോൺഗ്രസിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിനാണ് ഐഎൻടിയുസി പ്രവർത്തകർ വോട്ട് ചെയ്യുന്നത്. എന്നിട്ടും ഐഎൻടിയുസി തള്ളിപ്പറഞ്ഞ നിലപാട് അംഗീകരിക്കാനാവില്ല എന്ന് പി പി തോമസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി ഉണ്ടായാൽ ഒരു പ്രശ്നവും ഇല്ല എന്നും പി പി തോമസ് പറഞ്ഞു.
അതേസമയം ഐഎൻടിയുസി ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ തള്ളിപ്പറഞ്ഞു.പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് വൈക്കത്ത് മാധ്യമപ്രവർത്തകരോട് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. പ്രകടനം നടത്തിയ നടപടി തെറ്റാണ്.ഐഎൻടിയുസിയുടെ ജില്ലാ അധ്യക്ഷൻ മാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തും എന്നും ചന്ദ്രശേഖരൻ പറയുന്നു.
കോൺഗ്രസിനൊപ്പം ആണ് ഐഎൻടിയുസി എന്നും പ്രവർത്തിച്ചിട്ടുള്ളത്.ഐഎൻടിയുസി പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തരുത്. എഐസിസിയുടെ സർക്കുലറിൽ അടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട് എന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.പരാതിയും പരിഭവവും പറയേണ്ട സമയം അല്ല ഇത്. രാജ്യത്താകെ കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന കാലമാണ്.കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ഐഎൻടിയുസി ശ്രമിച്ചിട്ടുള്ളത് എന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
ചങ്ങനാശ്ശേരിയിലെ ഐഎൻടിയുസി പ്രവർത്തകർ നേരത്തെയും കോൺഗ്രസ് നിലപാടുകൾ തള്ളി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പുറമേ വിമത സ്ഥാനാർഥികളായി ഐഎൻടിയുസി പ്രവർത്തകർ ചങ്ങനാശ്ശേരിയിൽ മത്സരിച്ചിരുന്നു. നാല് പ്രവർത്തകരാണ് ചങ്ങനാശ്ശേരി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ രണ്ടുപേർ വിജയിച്ചതായി ചങ്ങനാശ്ശേരിയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ചങ്ങനാശേരി മാർക്കറ്റിൽ പ്രധാന തൊഴിലാളി യൂണിയനാണ് ഐഎൻടിയുസി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Changanassery, Congress, INTUC, Opposition leader VD Satheesan