കോൺസുലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര കാർഡ്: പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണം
കോൺസുലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര കാർഡ്: പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണം
നയതന്ത്രപദവിയുള്ളവർക്കു മാത്രം നൽകുന്ന കാർഡാണ് പ്രോട്ടോക്കോൾ വിഭാഗം കോൺസുലേറ്റിലെ ധനകാര്യവിഭാഗം മുൻ മേധാവിയും ഈജിപ്ത് പൗരനുമായ ഖാലിദ് അലി ഷൗക്രിക്കു നൽകിയത്.
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്ന കാർഡ് നൽകിയതിൽ സംസ്ഥാന പ്രോട്ടോകോൾ വകുപ്പിനെതിരെ കേന്ദ്ര വിദേശകാര്യ വകുപ്പും അന്വേഷണം നടത്തും. നയതന്ത്രപദവിയുള്ളവർക്കു മാത്രം നൽകുന്ന കാർഡാണ് പ്രോട്ടോക്കോൾ വിഭാഗം കോൺസുലേറ്റിലെ ധനകാര്യവിഭാഗം മുൻ മേധാവിയും ഈജിപ്ത് പൗരനുമായ ഖാലിദ് അലി ഷൗക്രിക്കു നൽകിയത്. ഇതേക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയതിനു ശേഷമാകും വിദേശകാര്യ വകുപ്പും അന്വേഷണം നടത്തുക.
ഖാലിദിന് ‘ഒഫിഷ്യൽ ’ എന്നുള്ള ഐഡി കാർഡ് മാത്രമേ നൽകിയിട്ടുള്ളെന്നാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പറയുന്നത്. എന്നാൽ പ്രോട്ടോകോൾ വിഭാഗത്തിന്റെ കാർഡ് ഉപയോഗിച്ച് ഖാലിദ് വിമാനത്താവളത്തിൽ പരിശോധനയില്ലാതെ കടന്നുപോയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
ആർക്കൊക്കെ ‘നയതന്ത്ര’ ഐഡി കാർഡ് നൽകണമെന്നു യുഎഇ കോൺസുലേറ്റാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിക്കുക. ഇത്തരത്തിൽ ആരുടെ ശുപാർശയിലാണു ഖാലിദിനു പ്രോട്ടോക്കോൾ വിഭാഗം കാർഡ് നൽകിയതെന്നാണ് അന്വേഷിക്കുന്നത്. സ്വപ്നയുടെ സ്വാധീനം കാർഡ് ലഭിക്കുന്നതിനു കാരണമായോയെന്നും കസ്റ്റസ് അന്വേഷിക്കുന്നുണ്ട്.
വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിൽ ഖാലിദ് അലി ഷൗക്രിയെ കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരാണ് മറ്റു പ്രതികൾ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.