കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case)ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊർജം ചെറുതല്ല. കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ദിലീപിന്റെയും (Dileep) കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവർത്തനങ്ങൾ അഞ്ച് സിഐമാർ മേൽനോട്ടത്തിലുള്ള സംഘത്തിന് നൽകി കഴിഞ്ഞു.
ആറായിരത്തിലധികം വരുന്ന ശബ്ദ സന്ദേശങ്ങളാണ് പരിശോധിക്കാനുള്ളത്. ഇത് പൂർത്തീയാവുന്നതോടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് ഉടൻ ആരംഭിക്കും. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം കേസിൽ സൈബർ വിദഗ്ദൻ സായ് ശങ്കറെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാനാണ് സായ് ശങ്കറെ വിളിപ്പിക്കുന്നത്. സായ് ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധനാഫലവും നിർണായകമാണ്.
Also Read-
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് വിലക്കി
വധഗൂഡാലോചനാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണം നടത്താൻ ഒന്നരമാസം കൂടി സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
Also Read-
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം നല്കി ഹൈക്കോടതി
മെയ് മുപ്പതിന് മുൻപായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ദിലീപിന്റെ ഹര്‍ജി തള്ളിയ വിധിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനാക്കേസിലും ക്രൈംബ്രാഞ്ചിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സുഹൃത്തുക്കളായ ശരതും ബൈജു ചെങ്ങമനാടും ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്. കളളക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ തളളിയത്. നിലവിലെ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് കേസിന് കാരണമെന്ന ദിലീപീന്റെ വാദവും അംഗീകരിച്ചില്ല.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം.
കേസിൽ അഭിഭാഷകർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.