• HOME
 • »
 • NEWS
 • »
 • kerala
 • »
 • Jesna Missing Case | രണ്ടാം വർഷ ബി.കോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവർഷം; എങ്ങുമെത്താതെ അന്വേഷണം

Jesna Missing Case | രണ്ടാം വർഷ ബി.കോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവർഷം; എങ്ങുമെത്താതെ അന്വേഷണം

2018 മാർച്ച് 22ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌ന പിന്നെ എവിടെ പോയി എന്ന് ആർക്കുമറിയില്ല.

 • Share this:
  കോട്ടയം: കേരളമാകെ ചർച്ച ചെയ്ത ജെസ്ന മരിയ ജെയിംസ് എന്ന കോളജ് വിദ്യാർഥിനിയുടെ തിരോധാനത്തിന് നാലുവയസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്ന വെച്ചൂച്ചിറ സ്വദേശിനി ജെസ്നയെ (20) കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ഇവരുടേത്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്ന് 2018 മാർച്ച് 22ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌ന പിന്നെ എവിടെ പോയി എന്ന് ആർക്കുമറിയില്ല.

  കാണാതായ അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നൽകി. പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും ജെസ്ന കൈയിൽ കരുതിയിട്ടില്ലായിരുന്നു. വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയതുമാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജെസ്നയുടെ വാട്സ്ആപ്പും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

  കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വിവരശേഖരണപ്പെട്ടി സ്ഥാപിക്കുകയും എന്തെങ്കിലും വിവരങ്ങൾ കൈമാറുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

  Also Read- Jebi Mather | ചരിത്രം കുറിച്ച് ജെബി മേത്തർ; കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത

  കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എഡിജിപി ടോമിന്‍ തച്ചങ്കരിയും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണും വെളിപ്പെടുത്തിയെങ്കിലും പിന്നീട് ഇവരും മൗനം പാലിച്ചു. ജെസ്നയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവിയും പെൺകുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുക്കാമെന്ന് ഫെബ്രുവരി 19 ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും കൈമാറാൻ കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയും ചെയ്തു.

  എഫ്ഐആറിൽ സമർപ്പിക്കുന്ന വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട നിർണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. വെളിപ്പെടുത്തിയാൽ അത് കേസിന്റെ സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്തികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാവിധ തെളിവുകളോട് കൂടി പ്രതികൾ പിടിയിലാകുമെന്നും സിബിഐയുടെ എഫ്ഐആറിൽ പറയുന്നുണ്ട്. അതേസമയം, മകൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് പിതാവ് ജെയിംസ്.
  Published by:Rajesh V
  First published: