മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന്റെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ എം.പിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്ക് കല്പിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ അപ്രഖ്യാപിത വിലക്ക് കോണ്‍ഗ്രസില്‍ ഉടലെടുക്കുന്നത്.
എം.പി സുര്യദാസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി: കെ.പി ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്ത പുസ്തകം ഏറ്റുവാങ്ങേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്നും ആശംസ പ്രസംഗകരായി നിശ്ചയിച്ചിരുന്ന എം.കെ രാഘവന് എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണുമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.
എന്നാല്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തലേന്നുരാത്രിവരെ ചടങ്ങിന് എത്തുമെന്ന് അറിയിച്ചിരുന്ന പ്രതിപക്ഷ നേതാവ് ശനിയാഴ്ചയാണ് പനി മൂലം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംഘടാകരെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഉച്ചവരെ വിവിധ പരിപാടികളില്‍ പങ്കെടുത്ത എം.കെ രാഘവന് എം.പിയും തൊട്ടുപിന്നാലെ പരിപാടിയില്‍ നിന്ന് പിന്മാറി. കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിദ്ധ്യത്തില്‍ യുഡിഎഫ് നേതാക്കളും ചടങ്ങിനെത്തിയില്ല.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ചടങ്ങിന് ആശംസയര്‍പ്പിച്ച് സന്ദേശമയച്ചിരുന്നു. കെ.പി ഉണ്ണികൃഷ്ണന്റെ ജീവചരിത്ര പ്രകാശനവേദിയിലെത്തിയാല് പ്രായമുണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനാലാണ് നേതാക്കള്‍ പിന്മാറിയതെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress leaders, Kozhikkod, Opposition leader VD Satheesan