• HOME
  • »
  • NEWS
  • »
  • kerala
  • »
  • IS CONGRESS CHALKING OUT NEW PLAN OF ACTION IN KOLLAM MM TV

കൊല്ലത്ത് കലഹത്തിൻ്റെ തിരയടങ്ങിയ കോൺഗ്രസ്; പ്രഖ്യാപിത ഐ ഗ്രൂപ്പുകാർ സുധാകരനൊപ്പം

പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസാണോ മാറിയ ഗ്രൂപ്പുസമവാക്യങ്ങളിൽ ഒത്തുതീർപ്പിലെത്തിയ കോൺഗ്രസാണോ കൊല്ലത്തുള്ളത്?

UDF

UDF

  • Share this:
കേരളത്തിൽ തന്നെ കോൺഗ്രസിൽ ഏറ്റവും അധികം ഗ്രൂപ്പ് പോര് നടക്കുന്ന ഇടങ്ങളിലൊന്നായിരുന്നു കൊല്ലം ജില്ല. പുനഃസംഘടനയ്ക്ക് തൊട്ടും മുൻപ് വരെ പോസ്റ്റർ യുദ്ധം നടന്നിരുന്ന ജില്ല, ഗ്രൂപ്പുകൾക്കുള്ളിലെ അവാന്തര ഗ്രൂപ്പുകൾ, ബക്കറ്റിലെ ഞണ്ടുകളെപ്പോലെ ഒന്നു കയറാൻ ശ്രമിക്കുമ്പോൾ മറ്റൊന്ന് വലിച്ചു താഴെയിടുന്ന സ്ഥിതി, നിയമസഭാ സീറ്റുകൾക്ക് വേണ്ടി ഏറ്റവും നാടകീയ രംഗങ്ങൾ നടന്ന സ്ഥലം... തമ്മിൽ തല്ലിൻ്റെയും തൊഴുത്തിൽക്കുത്തിൻ്റെയും കാലം കോൺഗ്രസിന് കൊല്ലം ജില്ലയിൽ ഒഴിഞ്ഞു പോവുകയാണോ?

പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസാണോ മാറിയ ഗ്രൂപ്പുസമവാക്യങ്ങളിൽ ഒത്തുതീർപ്പിലെത്തിയ കോൺഗ്രസാണോ കൊല്ലത്തുള്ളത്? തെളിയിക്കേണ്ടത് കാലമാണ്. തെന്നല ബാലകൃഷ്ണപിള്ളയെയും തോപ്പിൽ രവിയെയും സി.വി. പത്മരാജനെയും കടവൂർ ശിവദാസനെയും സി.എം. സ്റ്റീഫനെയുമൊക്കെ സൃഷ്ടിച്ച കോൺഗ്രസാണ് പിന്നീട് ഗ്രൂപ്പുപോരിൽ തമ്മിലടിച്ച യാദവ കുലമായത്.

കൊല്ലം നിശ്ശബ്ദമായത് ഇങ്ങനെയോ...

കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരനൊപ്പം നിൽക്കാൻ ജില്ലയിൽ ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കൾ തീരുമാനിച്ചതും സ്വന്തം ഗ്രൂപ്പിൽ നിന്നുള്ള പി. രാജേന്ദ്രപ്രസാദ് വന്നത് എ ഗ്രൂപ്പിന് നേട്ടമായതും കൊല്ലത്തെ കലഹത്തിന് തെല്ലൊരു അറുതി വരാൻ കാരണമായെന്ന് കരുതുന്നവരുമുണ്ട്. ഐ ഗ്രൂപ്പിൻ്റെ അക്കൗണ്ടിലുണ്ടായിരുന്ന കൊല്ലം എ ഗ്രൂപ്പിന് വിട്ടുകൊടുത്തെങ്കിലും ഒരു എതിർപ്പും മറുവിഭാഗത്തിൽ നിന്നുണ്ടായില്ല. എതിർപ്പ് ഉയർന്നില്ലെന്ന് മാത്രമല്ല, ചെന്നിത്തലയ്ക്കൊപ്പം നിന്ന പല ഐ ഗ്രൂപ്പു നേതാക്കളും എ.ഐ.എ.സി.സിയുടെ തീരുമാനത്തെ കൈയടിച്ച് സ്വീകരിക്കുകയും പാർട്ടി സംസ്ഥാന സംസ്ഥാന നേതൃത്വത്തിൻ്റെ നടപടികൾ ഉചിതമെന്ന് പറയുകയും ചെയ്തു.

കൊല്ലത്തെ ഐ ഗ്രൂപ്പ് നേതാക്കൾ ചെന്നിത്തലയെ കൈവിടുന്നോ?

ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, ആർ. ചന്ദ്രശേഖരൻ; ചെന്നിത്തലയോട് ആഭിമുഖ്യം പുലർത്തിയിരുന്ന മൂന്ന് പ്രധാന നേതാക്കൾ വളരെ സ്പഷ്ടമായും അതിവേഗത്തിലുമാണ് എ.ഐ.സി.സി. തീരുമാനത്തെ സ്വീകരിച്ചത്. ഡി.സി.സി. അധ്യക്ഷന്മാരെ നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കുള്ള പ്രതിഷേധത്തോട് ചേർന്നു നിൽക്കുന്ന വാക്കുകളായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തലയ്ക്ക്.

എന്നാൽ, ആ അഭിപ്രായ പ്രകടനത്തിനു മുൻപു തന്നെ കൊല്ലം ജില്ലയിൽ നിന്നുള്ള ഐ ഗ്രൂപ്പ് നേതാക്കൾ എ.ഐ.സി.സി. തീരുമാനത്തെ സ്വാഗതം ചെയ്തു. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ പ്രതിഷേധിക്കുകയും ചെയ്തില്ല.സുധാകരൻ, വേണുഗോപാൽ ഇംപാക്ട്

കാലങ്ങളായി ചെന്നിത്തലയോടൊപ്പം ചേർന്നു പ്രവർത്തിച്ച ഐ.എൻ.ടി.യു.സി. നേതാവ് ആർ. ചന്ദ്രശേഖരന്റെ പ്രതികരണമിങ്ങനെയായിരുന്നു: "ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വർത്തമാനം പറയുന്നത് ശരിയല്ല. നേതാക്കളെ സസ്പെൻഡ് ചെയ്തത്
ശക്തമായ നടപടിയാണ്. ഏറെ ഉചിതമായ നടപടിയാണ് കെപിസിസിയിൽ നിന്നുണ്ടായത്.

നവോത്ഥാന ഡി.സി.സി. പ്രസിഡൻ്റുമാർ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്തിട്ട് കാര്യമില്ല. കോൺഗ്രസിൻ്റെ വിവിധതലങ്ങളിൽ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ട്. ഒന്നര മാസത്തിലേറെ ചർച്ച ചെയ്താണ് ഡി സി സി പ്രസിഡൻറുമാരെ നിശ്ചയിച്ചത്". അക്ഷരാർത്ഥത്തിൽ ഐ ഗ്രൂപ്പിനെ ഞെട്ടിക്കുന്നതാണ് ചന്ദ്രശേഖരൻ്റെ വാക്കുകൾ. നിലവിൽ തനിക്കുള്ള സ്ഥാനമാനങ്ങളിൽ തൃപ്തനെന്ന് ചന്ദ്രശേഖരൻ പറയുകകൂടി ചെയ്യുമ്പോൾ പ്രതിഷേധത്തിൻ്റെ സ്വരമില്ലെന്നു മാത്രമല്ല മറ്റൊരു ധ്രുവത്തിലേക്ക് നീങ്ങുന്നുവെന്നതും വിലയിരുത്തപ്പെടുന്നു.

ഐ ഗ്രൂപ്പിൻ്റെ ശക്തിദുർഗങ്ങളായിരുന്ന ബിന്ദുകൃഷ്ണയും ശൂരനാട് രാജശേഖരനും പുതിയൊരു ശാക്തിക ചേരി രൂപം കൊള്ളുന്നതു മനസ്സിലാക്കിയാവണം നിലപാട് സ്വീകരിക്കുന്നത്. ഇരുവരും കെ.പി.സി.സി. പട്ടികയെ ഹാർദ്ദമായി സ്വീകരിക്കുകയാണ്. സുധാകരനെ വെറുപ്പിക്കാതിരിക്കുക മാത്രമല്ല, കെ.സി. വേണുഗോപാലിൻ്റെ പ്രീതി നേടുകയാണ് നേതാക്കളുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യവുമില്ല. ചുരുക്കത്തിൽ മുൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കൊപ്പം നിന്നവരെല്ലാം ജില്ലയിൽ പതിയെ മറ്റൊരു കളത്തിലേക്ക് ചുവടുമാറ്റുകയാണ്. എ ഗ്രൂപ്പാകട്ടെ ഉമ്മൻ ചാണ്ടി ഉയർത്തുന്ന ഊർജത്തിൽ പരമാവധി കെട്ടുറപ്പോടെ നിൽക്കാനും ശ്രമിക്കുന്നു.
Published by:user_57
First published:
)}