കേരളത്തിലെ ഇരു മുന്നണികളെയും തുണിച്ചിട്ടുള്ള മണ്ഡലമാണ് കൊല്ലം. ആർ.എസ്.പിയിലൂടെയും പിന്നീട് സിപിഎമ്മിലൂടെയും ഏറെക്കാലം ഇടതുമുന്നണി കൈവശംവെച്ച മണ്ഡലത്തിൽ 2014ൽ വെന്നിക്കൊടി പാറിച്ചത് യുഡിഎഫിന്‍റെ ഭാഗമായ RSP പ്രതിനിധി എൻ.കെ പ്രേമചന്ദ്രനാണ്. മുൻ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാർ തുടർച്ചയായി മൂന്നുതവണ ജയിച്ചതും ബി.കെ നായർ, എൻ പീതാംബരകുറുപ്പ് എന്നിവരുടെ വിജയങ്ങളും മാറ്റിനിർത്തിയാൽ മണ്ഡലം ഏറെക്കാലവും കൈവശംവെച്ചത് ആർ.എസ്.പിക്കാരായ എൻ ശ്രീകണ്ഠൻനായരും എൻ.കെ പ്രേമചന്ദ്രനും രണ്ടുതവണ സിപിഎമ്മിലെ പി രാജേന്ദ്രനുമാണ്. കഴിഞ്ഞ തവണ ആർ.എസ്.പിയിൽ നിന്ന് സീറ്റ് ഏറ്റെടുത്ത സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ രംഗത്തിറക്കി തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായതോടെ ഇത്തവണ എങ്ങനെയെങ്കിലും കൊല്ലത്ത് ജയിച്ചേ മതിയാകൂവെന്ന വാശിയിലാണ് പാർട്ടി നേതൃത്വം. വിദ്യാർഥി-യുവജന സംഘാടകനായി രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച് കെ.എൻ ബാലഗോപാലിനെ കൊല്ലത്ത് മത്സരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
നിഷ ജോസ് കെ. മാണി കോട്ടയത്ത് മത്സരിക്കുമോ?![]()
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ സംസ്ഥാന-ദേശീയ ഭാരവാഹിയെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു കെ.എൻ. ബാലഗോപാൽ. 2006 മുതൽ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയും 2010 മുതൽ 2016 വരെ രാജ്യസഭാംഗവുമായിരുന്നു. പാർലമെന്‍റിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ അദ്ദേഹം ലോക് പാൽ, ലോകായുക്ത തുടങ്ങിയ സെലക്ട് കമ്മിറ്റികളിലും റബർ ബോർഡിലും അംഗമായിരുന്നു. പാർലമെന്‍റ് അംഗം, സിപിഎം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ ജനകീയ ഇടപെടലുകളാണ് കെ.എൻ ബാലഗോപാലിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. വിഭാഗീയത ശക്തമായിരുന്ന കൊല്ലത്ത് ഇരുപക്ഷത്തിനും സ്വീകാര്യനെന്ന നിലയിലാണ് ബാലഗോപാൽ ജില്ലയിൽ പാർട്ടിയുടെ അമരക്കാരനായി എത്തിയത്. പാർലമെന്‍ററി രംഗത്തും സംഘടനാരംഗത്തും നടത്തിയ പ്രവർത്തനത്തിനുള്ള അംഗീകാരമായി അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിജു കൃഷ്ണന്‍ കാസര്‍കോട് മത്സരിക്കുമോ?കൊല്ലത്ത് ഇതിനോടകം ശക്തമായ അടിത്തറയുണ്ടാക്കിയിട്ടുള്ള എൻ.കെ. പ്രേമചന്ദ്രനെ നേരിടാൻ കെ.എൻ. ബാലഗോപാൽ തന്നെയാണ് അനുയോജ്യൻ എന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. മണ്ഡല പുനർനിർണയത്തിന് ശേഷം ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. കഴിഞ്ഞ തവണ എൻ.കെ പ്രേമചന്ദ്രനുള്ള സ്വീകാര്യതയാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ ഇടതുമുന്നണി സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തോടെ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെ പരാജയപ്പെടുത്തുകയെന്നത് സിപിഎമ്മിന്‍റെ അഭിമാനപ്രശ്നമാണ്. പ്രേമചന്ദ്രനെ പോലെ ശക്തനായ എതിരാളിയെ നേരിടാൻ ബാലഗോപാൽ അല്ലാതെ മറ്റൊരാൾ കൊല്ലത്തെ സിപിഎം നേതൃത്വത്തിന് മുന്നിൽ ഇല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.