#കെ. പി. അഭിലാഷ്ഡൽഹി: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടിയെ പീഡിപ്പിച്ച കേസിലെ വിചാരണ സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത് സുപ്രധാനമായ മെമ്മറി കാർഡ് രേഖയാണോ, തൊണ്ടിമുതലാണോ എന്നറിയിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് . നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. തീരുമാനം ഇന്ന് അറിയിക്കാമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും കൃത്യമായ നിലപാട് അറിയിക്കാൻ പൊലീസിനായില്ല. വേനലവധിക്ക് ശേഷം ജൂലൈയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.
കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്നത് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനം
എടുക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ദൃശ്യങ്ങൾ മുഴുവനായി നൽകണമോ ഭാഗീകം ആയി നൽകണോ തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ ജഡ്ജിക്കു തീരുമാനമെടുക്കാം. നിബന്ധനകളോടെ നൽകാമെങ്കിൽ അതും പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
മെമ്മറി കാർഡ് തൊണ്ടിമുതലാന്നെങ്കിൽ പ്രതിഭാഗത്തിനു നൽകാൻ കഴിയില്ല. എന്നാൽ വിചാരണ ഘട്ടത്തിൽ കേസ് തെളിയിക്കാൻ തക്കതായ ശക്തമായ തെളിവായി അത് കോടതിക്ക് ബോധ്യപ്പെടുകയും വേണം. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം കൃത്യമായ മറുപടി നൽകാൻ വൈകുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങളെ പറ്റി അന്വേഷണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിവുള്ളത്. ദൃശ്യങ്ങൾ നൽകേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇതിന്റെ കാരണം അവ്യക്തമാണ്. വിചാരണ സ്റ്റേ ചെയ്യരുതെന്നും മെമ്മറി കാർഡിന്റെ കാര്യത്തിൽ സുപ്രീം കോടതി തീരുമാനം ഉണ്ടാകുന്നതു വരെ കുറ്റം ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിഭാഗവുമായി ധാരണ ഉണ്ടെന്നും സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാട് സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസിലെ വിചാരണ നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു . മെമ്മറി കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പ്രതിസ്ഥാനത്തുള്ള തനിക്കു നൽകണമെന്ന ദിലീപിന്റെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.