• HOME
 • »
 • NEWS
 • »
 • kerala
 • »
 • എ കെ ശശീന്ദ്രനോളം ഭാഗ്യമുള്ള ജനപ്രതിനിധിയുണ്ടോ കേരള രാഷ്ട്രീയത്തില്‍?

എ കെ ശശീന്ദ്രനോളം ഭാഗ്യമുള്ള ജനപ്രതിനിധിയുണ്ടോ കേരള രാഷ്ട്രീയത്തില്‍?

പാര്‍ട്ടി പിളര്‍ന്ന് ചെറുതായെങ്കിലും എ കെ ശശീന്ദ്രന്റെ ഭൂരിപക്ഷം കൂടുകയും ശക്തി വര്‍ധിക്കുകയും ചെയ്യുകയാണ്.

News18 Malayalam

News18 Malayalam

 • Share this:
  കോഴിക്കോട്: എന്‍സിപിയിലെ എ കെ ശശീന്ദ്രനോളം ഭാഗ്യമുള്ള എത്ര നേതാക്കളുണ്ട് കേരള രാഷ്ട്രീയത്തില്‍? എല്‍ഡിഎഫ് സംവിധാനത്തിന്റെ ഊര്‍ജ്ജത്തില്‍, പ്രത്യേകിച്ച് സിപിഎമ്മിന്റെ സംഘടനാ ശക്തിയില്‍ മാത്രം വലിയ ഭൂരിപക്ഷത്തിന് ജയിക്കുകയും മന്ത്രിയാകുകയും ചെയ്യുന്ന കേരളത്തിലെ ചെറിയൊരു പാര്‍ട്ടിയുടെ പ്രതിനിധി. 38,502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇത്തവണ എ കെ ശശീന്ദ്രന്‍ എലത്തൂരില്‍ വിജയമുറപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

  2016ല്‍ 29,507 ആയിരുന്നു ശശീന്ദ്രന്റെ ഭൂരിപക്ഷം. 2011ല്‍ ഭൂരിപക്ഷം 14,654 ഉം. പാര്‍ട്ടി പിളര്‍ന്ന് ചെറുതായെങ്കിലും എ കെ ശശീന്ദ്രന്റെ ഭൂരിപക്ഷം കൂടുകയും ശക്തി വര്‍ധിക്കുകയും ചെയ്യുകയാണ്. സിപിഎമ്മിന്റെ കോട്ടയായ എലത്തൂരില്‍ എന്‍സിപിയ്ക്ക് കാര്യമായി പണിയെടുക്കേണ്ട ആവശ്യവുമില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍ കൃത്യമായി ചലിക്കുന്ന മണ്ഡലം കൂടിയാണ് എലത്തൂര്‍.

  എ കെ ശശീന്ദ്രന്റെ ഭൂരിപക്ഷം വര്‍ധിക്കാന്‍ ഇത്തവണ പ്രധാന കാരണം യുഡിഎഫിലെ പ്രശ്‌നങ്ങളായിരുന്നു. എന്‍സികെയിലെ സുള്‍ഫിക്കര്‍ മയൂരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പരസ്യമായി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗമെങ്കിലും മയൂരിയെ കാലുവാരിയെന്നതാണ് വോട്ടിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. യുഡിഎഫിന് ആധിപത്യമുള്ള ചേളന്നൂര്‍ പഞ്ചായത്തിലും കോര്‍പറേഷന്‍ പരിധിയിലും എ കെ ശശീന്ദ്രന്‍ മുന്നിലെത്തിയിരുന്നു. ശശീന്ദ്രന് 83,639 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സുള്‍ഫിക്കര്‍ മയൂരിയ്ക്ക് കിട്ടിയത് 45,137. കഴിഞ്ഞതവണ യുഡിഎഫിന് 67,280 വോട്ടുണ്ടായ സ്ഥാനത്താണ് 22,000 വോട്ടുകള്‍ കുറയുന്നത്. ബിജെപിയ്ക്ക് 2016നേക്കാള്‍ 2900 വോട്ടുകളുടെ വര്‍ധന മാത്രമാണ് ഉണ്ടായത്.

  You may also like:'ഇപ്പോൾ ശരിക്കും ബഹാ കിലിക്കി കേൾക്കാൻ തോന്നുന്നു'; ട്രോളുകളെക്കുറിച്ച് എം ബി രാജേഷ്

  കഴിഞ്ഞതവണ ഗതാഗതമന്ത്രിയായെങ്കിലും ഫോണ്‍വി വാദത്തില്‍പ്പെട്ട് കുറച്ച് മാസങ്ങള്‍ മാറി നിന്നിരുന്നു. തോമസ് ചാണ്ടി അഴിമതിയില്‍ കുരുങ്ങി പുറത്തുപോയതോടെ അഗ്നിശുദ്ധിവരുത്തി എ കെ ശശീന്ദ്രന്‍ വീണ്ടും തിരിച്ചുവന്നു. സിപിഎമ്മിന്റെയും പിണറായി വിജയന്റെയും വിശ്വസ്തനായ എ കെ ശശീന്ദ്രന്‍ ഇത്തവണയും മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. മാണി സി കാപ്പനും കൂട്ടരും എല്‍ഡിഎഫ് വിട്ടപ്പോഴും എ കെ ശശീന്ദ്രന്‍ പിടിച്ചുനിന്നതും കേന്ദ്ര നേതൃത്വത്തെപ്പോലും വരുതിയിലാക്കിയതും ചെറിയ കാര്യമായല്ല എല്‍ഡിഎഫ് കാണുന്നത്. കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളിയെക്കാളും ഭാഗ്യദേവത കനിഞ്ഞയാളാവും ഒരുപക്ഷേ എ കെ ശശീന്ദ്രന്‍.

  You may also like:'മിത്രങ്ങളെ, പിണറായി അർജുനന്റെ പുനർജന്മം; കണ്ണൂർ കണ്ണന്റെ ഊര്, ധർമക്ഷേത്രമാണ് ധർമടം': സന്ദീപാനന്ദഗിരി

  മണ്ഡലത്തില്‍ പാര്‍ട്ടിയ്‌ക്കൊരു സ്ഥാനാര്‍ഥി വേണമെന്ന എലത്തൂരിലെ സിപിഎം പ്രദേശിക നേതൃത്വത്തിന്റെ ആവശ്യംപോലും അവഗണിച്ചാണ് എ കെ ശശീന്ദ്രന് വീണ്ടും സീറ്റ് നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെ എലത്തൂര്‍ സീറ്റില്‍ പരിഗണിക്കാനുള്ള നീക്കംപോലും ശശീന്ദ്രന് മുന്നില്‍ ഫലിച്ചില്ല. അല്ലെങ്കിലേ ചെറിയൊരു പാര്‍ട്ടി, അതും പിളര്‍ന്നു. പക്ഷേ എ കെ ശശീന്ദ്രന്റെ വളര്‍ച്ച മാത്രം മുരടിച്ചില്ല. ശശീന്ദ്രരന്‍ വീണ്ടും മന്ത്രിയായാല്‍ത്തന്നെ അത്ഭുതപ്പെടേണ്ടതില്ല. വികസന തുടര്‍ച്ചയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് തന്റെ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് എ കെ ശശീന്ദ്രന്‍ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.
  Published by:Naseeba TC
  First published: